പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുത്തു; അമ്മയിലെ തൊഴിൽ പീഡന പരാതിയിൽ നടപടി

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ട്രഷറർ ഉണ്ണി ശിവപാലിനെതിരെ ഓഫീസ് ജീവനക്കാരി നൽകിയ തൊഴിൽ പീഡന പരാതിയിൽ നടപടി. യുവതിയെ പിരിച്ചുവിട്ട നടപടി പിൻവലിച്ചതായും ഉണ്ണി ശിവപാലിനെ അവധിയിൽ പറഞ്ഞയക്കാൻ അമ്മ എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചതായും അമ്മ പ്രസിഡന്റ് ശ്വേത മേനോൻ പറഞ്ഞു.
ഉണ്ണി ശിവപാൽ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായാണ് ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ അതുല്യ കൊച്ചി കമ്മിഷണറെ സമീപ്പിച്ചത്. ഉണ്ണി ശിവപാലിനെതിരേ പരാതിപ്പെട്ടതിന് ജോലിയിൽനിന്ന് പുറത്താക്കിയെന്നും യുവതി ആരോപിച്ചു. ലേബർ ഓഫീസിലും യുവതി പരാതി നൽകിയിട്ടുണ്ട്.
ഉണ്ണി ശിവപാലിന് ജീവനക്കാരോട് അടിമ മനോഭവമാണെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ണി ശിവപാലിനെതിരേ പരാതി പറഞ്ഞപ്പോൾ, അയാളെ പിണക്കരുതെന്നായിരുന്നു ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ പറഞ്ഞതെന്നും യുവതി ആരോപിച്ചു.
'കുക്കു പരമേശ്വരനാണ് അഭിമുഖം നടത്തിയത്. എന്നെ എടുത്ത അടുത്ത ദിവസം മുതൽ, അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെന്ന രീതിയിൽ ട്രഷറർ സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് ഓരോ ദിവസവും എന്തെങ്കിലും കാരണമുണ്ടാക്കി വഴക്കുപറയും. ഞാൻ സങ്കടപ്പെടുന്ന ഘട്ടമെത്തുമ്പോൾ എനിക്ക് മാനസികമായി എന്തോ പ്രശ്നമുണ്ടെന്ന രീതിയിൽ അവതരിപ്പിക്കും. അദ്ദേഹത്തിന്റെ തെറ്റുകൾ എന്റെ തലയിൽ കെട്ടിവെച്ച് മീറ്റിങ്ങുകളിൽ അവതരിപ്പിച്ചു. സാധാരണ ജോലിസമയം കഴിഞ്ഞും പണിയെടുപ്പിച്ചു. അതുകഴിഞ്ഞ് വീട്ടിൽ വന്നാലും തുടരെ വാട്സാപ്പിൽ മെസേജ് അയക്കുകയും വിളിക്കുകയും ചെയ്യും. അർധരാത്രി 12 മണിക്കയച്ച മെസേജുകളുടെ തെളിവ് എന്റെ കൈയിലുണ്ട്.' യുവതി പറഞ്ഞു.
അതേസമയം ഈ പ്രയാസങ്ങൾ ജനറൽ സെക്രട്ടറിയായ കുക്കു പരമേശ്വരനെ അറിയിച്ചെങ്കിലും അദ്ദേഹത്തോട് സഹകരിക്കണം എന്നാണ് അവർ അറിയിച്ചതെന്നും യുവതി ആരോപിച്ചു. പരാതി നൽകിയാൽ ഒരു നിമിഷംപോലും അവിടെ നിൽക്കരുതെന്ന് ജനറൽ സെക്രട്ടറി എന്നോട് പറഞ്ഞിരുന്നു. ട്രഷറർക്കുവേണ്ടി ജനറൽ സെക്രട്ടറി എടുത്ത തീരുമാനമാണ് പിരിച്ചുവിടൽ എന്നും പരാതിക്കാരി പറഞ്ഞു.
പലതവണ പരാതി നൽകിയിട്ടും നടപടി വൈകിയെന്ന ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ എക്സിക്യൂട്ടീവ് കമ്മറ്റിയിലാണ് അത്തരം പരാതികൾ കൈകാര്യം ചെയ്യുന്നതെന്നും കമ്മറ്റി ചേരാനുണ്ടായ കാലതാമസമാണ് അതിന് കാരണമായതെന്നും ശ്വേത മേനോൻ പറഞ്ഞു. അതേസമയം കുക്കു പരമേശ്വരനെതിരെ യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും അവർക്കെതിരെ നടപടിയൊന്നുമെടുത്തിട്ടില്ല. പ്രശ്നം ഉണ്ണി ശിവപാലും അതുല്യയും തമ്മിലാണെന്നും കുക്കുവിന്റെ കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും പ്രസിഡന്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതിനിടെ, അമ്മ ജോയിന്റ് സെക്രട്ടറി അൻസിബ ഹസ്സന്റെ രാജി അംഗീകരിച്ചതായി ശ്വേത മേനോൻ പറഞ്ഞു. ഫെബ്രുവരി 21 നാണ് നടി അമ്മയുടെ ഭാരവാഹിത്വം രാജിവെച്ച് കത്തുനൽകിയത്. വ്യക്തിപരമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്നും ശ്വേത മേനോൻ വ്യക്തമാക്കി.
Content Highlights: Following a workplace harassment complaint against treasurer Unni Shivapal, the AMMA executive committee has reinstated the dismissed employee and sent the treasurer on leave, while also accepting the resignation of joint secretary Ansiba Hassan.