'അമ്മ' പ്രസിഡന്‍റായി വീണ്ടും മോഹന്‍ലാല്‍; ശ്വേതാ മേനോനും മണിയന്‍പിള്ള രാജുവും വൈസ് പ്രസിഡന്റുമാര്‍

കൊച്ചിയിൽ 'അമ്മ' ജനറൽ ബോഡി മീറ്റിംഗിനു ശേഷം മോഹൻലാൽ സംസാരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ  മാതൃഭൂമി
കൊച്ചിയിൽ 'അമ്മ' ജനറൽ ബോഡി മീറ്റിംഗിനു ശേഷം മോഹൻലാൽ സംസാരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

കൊച്ചി: താരസംഘടനയായ അമ്മയ്ക്കു പുതിയ ഭാരവാഹികള്‍. പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ആയി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംഘടനാ തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇത്തവണ വൈസ് പ്രസിഡന്റ് അടക്കം അഞ്ചു വനിതകള്‍ കമ്മിറ്റിയിലുണ്ട്.  

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശ്വേതാ മേനോനും മണിയന്‍ പിള്ള രാജുവും വിജയിച്ചു. അതേസമയം ആശാ ശരത് പരാജയപ്പെട്ടു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരേ മത്സരിച്ച ലാലും വിജയ് ബാബുവും വിജയം കണ്ടു. ഔദ്യോഗിക പാനലിലുണ്ടായിരുന്ന നിവിന്‍ പോളിയും ഹണി റോസും പരാജയപ്പെട്ടു. ബാബുരാജ്, മഞ്ജു പിള്ള, ലെന, രചന നാരായണന്‍ കുട്ടി, സുരഭി, സുധീര്‍ കരമന, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് വിജയിച്ച മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. 

 ട്രഷറര്‍ സിദ്ദിഖും ജോയിന്റ് സെക്രട്ടറി ജയസൂര്യയുമാണ്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 11 അംഗങ്ങളില്‍ നാല് പേര്‍ വനിതകളാണ്. 

Content Highlights: amma general body meeting at kochi 

Content Highlights: