സംഭവിച്ചത് അനുഭവക്കുറവുമൂലുണ്ടായ പിഴവുകൾ, തിരുത്തും; ‘അമ്മ’ അംഗങ്ങൾക്ക് ഭരണസമിതിയുടെ സന്ദേശം

#മൂവി ഡെസ്ക്
അമ്മയുടെ ഓഫീസ് | ഫോട്ടോ: ബി. മുരളീകൃഷ്ണൻ\ മാതൃഭൂമി
അമ്മയുടെ ഓഫീസ് | ഫോട്ടോ: ബി. മുരളീകൃഷ്ണൻ\ മാതൃഭൂമി

താര സംഘടനയായ ‘അമ്മ’യുടെ അംഗങ്ങൾക്ക് തുറന്ന കത്തുമായി ഭരണസമിതി. അനുഭവക്കുറവുകൊണ്ടുണ്ടായ പിഴവുകൾ തിരുത്താൻ നടപടികൾ ആരംഭിച്ചുകഴിഞ്ഞെന്ന് കത്തിൽ വ്യക്തമാക്കുന്നു. സംഘടനയുടെ ഐക്യം നിലനിർത്തുന്നതിനാണ് മുൻഗണന. എല്ലാവരുടേയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ‘അമ്മ’ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ ചേർന്നാണ് ഈ കത്ത് 'അമ്മ'യിലെ അംഗങ്ങൾക്കായി അയച്ചിരിക്കുന്നത്. അമ്മയുടെ വാട്ട്സാപ്പ് ഗ്രൂപ്പിലാണ് സന്ദേശം അയച്ചിരിക്കുന്നത്.

ജൂൺ മാസത്തിൽ നടന്ന അമ്മ ജനറൽ ബോഡി യോഗവുമായി ബന്ധപ്പെട്ട ചില സംഭവവികാസങ്ങൾ അംഗങ്ങൾക്കിടയിൽ വലിയ നിരാശയ്ക്കും വേദനയ്ക്കും ആശങ്കയ്ക്കും കാരണമായിരുന്നു എന്ന് ഭരണസമിതി സമ്മതിച്ചു. ഈ പ്രശ്നങ്ങൾ പ്രധാനമായും അനുഭവക്കുറവ് മൂലം സംഭവിച്ച പിഴവുകളാണെന്നാണ് സന്ദേശത്തിൽ വ്യക്തമാക്കുന്നത്. ഈ വീഴ്ചകൾ തിരിച്ചറിഞ്ഞുകൊണ്ട് അവ തിരുത്താനുള്ള നടപടികൾ ഇതിനോടകം തന്നെ ആരംഭിച്ചതായും നേതൃത്വം അംഗങ്ങളെ അറിയിച്ചിട്ടുണ്ട്.

ഇപ്പോൾ ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അവരുടെ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിച്ചുവരുന്നുണ്ട്. അതിനാൽ 2026 ജൂൺ 21 മുതൽ ഇന്നുവരെ ‘അമ്മ’യുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും അംഗസേവനങ്ങൾക്കും യാതൊരു തടസ്സവും നേരിട്ടിട്ടില്ല. അംഗങ്ങളുടെ കൈനീട്ടം, സഞ്ജീവനി പദ്ധതി, മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും മുടക്കമില്ലാതെ തുടരുകയാണ്. ഇനിയും അതേ ആത്മാർഥതയോടെയും ഉത്തരവാദിത്തത്തോടെയും ഈ സേവനങ്ങൾ തുടരുമെന്ന് ഉറപ്പുനൽകുന്നുവെന്നും സന്ദേശത്തിലുണ്ട്.

അമ്മ സംഘടയിലെ ചില തീരുമാനങ്ങൾ കോടതി കയറുന്ന സാഹചര്യം വരെയുണ്ടായിരുന്നു. ജൂണിൽ നടന്ന ജനറൽ ബോഡിയിൽ അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ രാജിവെക്കുന്നുവെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് താൻ രാജിവെച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കിയിരുന്നു. കൂടാതെ, ജനറൽ ബോഡി തീരുമാനിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് ശ്വേതാ മേനോൻ കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. ഇത്തരം നിയമപോരാട്ടങ്ങൾക്കിടയിലാണ് ഐക്യം അഭ്യർത്ഥിച്ചുകൊണ്ട് ഭരണസമിതി പുതിയ നീക്കം നടത്തുന്നത്.

Content Highlights: The executive committee of the Malayalam movie actors' association, AMMA, has sent an open letter to its members admitting to operational lapses caused by inexperience and urging for organizational unity amidst ongoing legal and internal disputes.