'അമ്മ'യിൽ പുതിയ വിവാദം; തൊഴിൽ പീഡനമെന്ന് മുൻജീവനക്കാരി, 'പരാതി പറഞ്ഞതിന് പിരിച്ചുവിട്ടു'

കൊച്ചി: താരസംഘടനയായ 'അമ്മ' (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർടിസ്റ്റിസ്)യിൽ പുതിയ വിവാദം. സംഘടനയുടെ ട്രഷറർ ഉണ്ണി ശിവപാലിനെതിരേ തൊഴിൽ പീഡന പരാതിയുമായി ഓഫീസിൽ ജോലി ചെയ്തിരുന്ന യുവതി രംഗത്തെത്തി. ട്രഷറർ മാനസികമായി പീഡിപ്പിച്ചുവെന്ന് പരാതിയുമായാണ് ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ അതുല്യ കൊച്ചി കമ്മിഷണറെ സമീപ്പിച്ചത്. ഉണ്ണി ശിവപാലിനെതിരേ പരാതിപ്പെട്ടതിന് ജോലിയിൽനിന്ന് പുറത്താക്കിയെന്നും യുവതി ആരോപിച്ചു. ലേബർ ഓഫീസിലും യുവതി പരാതി നൽകിയിട്ടുണ്ട്.
ഉണ്ണി ശിവപാലിന് ജീവനക്കാരോട് അടിമ മനോഭവമാണെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ണി ശിവപാലിനെതിരേ പരാതി പറഞ്ഞപ്പോൾ, അയാളെ പിണക്കരുതെന്നായിരുന്നു ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ പറഞ്ഞതെന്നും യുവതി ആരോപിച്ചു.
'കുക്കു പരമേശ്വരനാണ് അഭിമുഖം നടത്തിയത്. എന്നെ എടുത്ത അടുത്ത ദിവസം മുതൽ, അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെന്ന രീതിയിൽ ട്രഷറർ സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് ഓരോ ദിവസവും എന്തെങ്കിലും കാരണമുണ്ടാക്കി വഴക്കുപറയും. ഞാൻ സങ്കടപ്പെടുന്ന ഘട്ടമെത്തുമ്പോൾ എനിക്ക് മാനസികമായി എന്തോ പ്രശ്‌നമുണ്ടെന്ന രീതിയിൽ അവതരിപ്പിക്കും. അദ്ദേഹത്തിന്റെ തെറ്റുകൾ എന്റെ തലയിൽ കെട്ടിവെച്ച് മീറ്റിങ്ങുകളിൽ അവതരിപ്പിച്ചു. സാധാരണ ജോലിസമയം കഴിഞ്ഞും പണിയെടുപ്പിച്ചു. അതുകഴിഞ്ഞ് വീട്ടിൽ വന്നാലും തുടരെ വാട്‌സാപ്പിൽ മെസേജ് അയക്കുകയും വിളിക്കുകയും ചെയ്യും. അർധരാത്രി 12 മണിക്കയച്ച മെസേജുകളുടെ തെളിവ് എന്റെ കൈയിലുണ്ട്.' യുവതി പറഞ്ഞു.
'ബുദ്ധിമുട്ടുകൾ ജനറൽ സെക്രട്ടറിയെ വാട്‌സാപ്പ് മുഖാന്തരം അറിയിച്ചു. അദ്ദേഹം ഏകാന്തത അനുഭവിക്കുന്ന ആളാണ്, നിങ്ങൾ സഹകരിക്കണം എന്നാണ് കുക്കു പരമേശ്വരൻ അന്ന് മറുപടി പറഞ്ഞത്. ഞാൻ ഹാപ്പിയല്ലെങ്കിൽ ജനറൽ സെക്രട്ടറിയോട് പറഞ്ഞ്, പറഞ്ഞുവിടുമെന്ന് ജാലിക്ക് ചെന്നപ്പോൾ മുതൽ ട്രഷററിൽനിന്ന് കേൾക്കുന്ന ഭീഷണിയാണ്. അയാൾ ഹാപ്പിയല്ലാത്തതുകൊണ്ടായിരിക്കും ഇങ്ങനെയൊരു പിരിച്ചുവിടൽ.' യുവതി പറഞ്ഞു.
'അംഗങ്ങളും മുൻഭാരവാഹികളും എന്നോട് അടുപ്പത്തോടെ സംസാരിച്ചാൽ അവിടെ വന്ന് പ്രശ്‌നമുണ്ടാക്കും. ശകാരിക്കാറുണ്ടായിരുന്നു. ആദ്യത്തെ പരാതി ശ്രദ്ധയിൽപ്പെട്ട പ്രസിഡന്റ് (ശ്വേത മേനോൻ) എന്നോട് സംസാരിച്ചിരുന്നു. പരാതി നൽകിയാൽ ഒരു നിമിഷംപോലും അവിടെ നിൽക്കരുതെന്ന് ജനറൽ സെക്രട്ടറി എന്നോട് പറഞ്ഞിരുന്നു. ട്രഷറർക്കുവേണ്ടി ജനറൽ സെക്രട്ടറി എടുത്ത തീരുമാനമാണ് പിരിച്ചുവിടൽ. ഞായറാഴ്ചകളിൽ വിളിച്ചുവരുത്തി ചായ ഇടീപ്പിച്ചിരുന്നു. മായാ വിശ്വനാഥ് വരുമ്പോൾ 'ബി എക്‌സ്ട്രാ നൈസ് ടു ഹെർ' എന്ന് മെസേജ് അയച്ചിരുന്നു. ഞായറാഴ്ച വിളിച്ചുവരുത്തി അവർക്ക് ചായ ഉണ്ടാക്കിച്ചു. സെക്യൂരിറ്റി, ഹൗസ് കീപ്പിങ് സ്റ്റാഫുകളുടെ ജോലിവരെ ചെയ്യിപ്പിച്ചു. സെക്യൂരിറ്റി ജീവനക്കാരനെ ചേർത്ത് എന്നെക്കുറിച്ച് മോശമായി മറ്റൊരു ജീവനക്കാരനോട് പറഞ്ഞു.' യുവതി ആരോപിച്ചു.
'അവിടെ ജോലി ചെയ്യുന്ന സ്ത്രീകളോടും പുരുഷന്മാരോടും എല്ലാം അടിമ മനോഭാവമാണ്. നമ്മൾ അയാളെ ഹാപ്പിയായി കൊണ്ടുപോകണമെന്നാണ് ജനറൽ സെക്രട്ടറിയുടെ നിലപാട്. പ്രസിഡന്റിനോട് പരാതി പറയരുതെന്ന് ജനറൽ സെക്രട്ടറി എന്നെ വഴക്കുപറഞ്ഞിട്ടുണ്ട്. ഉണ്ണിയെക്കുറിച്ച് കുറ്റം പറയരുത് എന്ന് പറഞ്ഞു.' അവർ വെളിപ്പെടുത്തി.
Content Highlights: Former AMMA front office staff alleges mental harassment by treasurer Unni Sivapal. Employee claims wrongful termination after reporting harassment to authorities. Allegations of forced extra hours and demeaning treatment of staff. Claims that General Secretary Kuku Parameswaran ignored complaints and protected the treasurer. Formal complaints filed with the Kochi Police Commissioner and Labor Office