AMMA-യിൽ കൂട്ടരാജി, ഭരണസമിതി ഒന്നടങ്കം രാജിവെച്ചു

കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു. നേതൃത്വത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളുയർന്ന പശ്ചാത്തലത്തിലാണ് ഭരണസമിതി ഒന്നടങ്കം രാജിവെച്ചൊഴിഞ്ഞത്. കൊച്ചിയിൽ ഞായറാഴ്ച ചേർന്ന ജനറൽബോഡി യോഗത്തിനുശേഷമാണ് തീരുമാനമുണ്ടായത്.
വാർഷിക റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്കൊടുവിലാണ് സുപ്രധാന തീരുമാനം. റിപ്പോർട്ടും കണക്കും അംഗീകരിക്കാൻ വാർഷിക ജനറൽബോഡി തയ്യാറായില്ല. ഇതിൽ രണ്ടിലുമുള്ള വീഴ്ചകൾ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജനറൽ ബോഡി യോഗത്തിനിടെ പ്രസിഡന്റ് ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മറ്റംഗങ്ങൾ അവരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. ഇതിനുപിന്നാലെയാണ് ഭരണസമിതി ഒന്നടങ്കം രാജിവെയ്ക്കുകയാണെന്ന പ്രഖ്യാപനമുണ്ടായത്.
17 അംഗങ്ങളാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. നിലവിലെ സാഹചര്യത്തിൽ സംഘടനയുടെ ഭരണം ഒരു താത്കാലിക സമിതിക്ക് നൽകാനാണ് സാധ്യത. നേതൃത്വത്തിനകത്തുണ്ടായ ആരോപണ പ്രത്യാരോപണങ്ങളാണ് ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് നയിച്ചത്.
മുൻപൊരിക്കലും ഇതുപോലൊരു പ്രതിസന്ധി സംഘടനയ്ക്ക് നേരിടേണ്ടിവന്നിട്ടില്ല. പ്രമുഖ താരങ്ങളായ മമ്മൂട്ടിയും സുരേഷ് ഗോപിയും യോഗത്തിൽനിന്ന് വിട്ടുനിൽക്കുമ്പോൾ, മോഹൻലാൽ മാത്രമാണ് യോഗത്തിൽ പങ്കെടുത്ത മുൻനിര താരം.
AMMA-യിലെ വിവാദം
നിരന്തരം പരസ്യപ്രസ്താവനകൾ നടത്തി ‘അമ്മ’യെ തകർക്കാൻ ശ്രമിച്ചെന്നാണ് അൻസിബയ്ക്ക് എതിരായ ആരോപണം. എന്നാൽ, പ്രധാന ഭാരവാഹികളിലൊരാളായ ലക്ഷ്മിപ്രിയയിൽനിന്നും എക്സിക്യൂട്ടീവ് അംഗം ടിനി ടോമിൽനിന്നുമുണ്ടായത് വലിയ അപമാനവും വേദനയുമായിരുന്നെന്നാണ് അൻസിബ പറയുന്നത്. അൻസിബയ്ക്കെതിരേ സംഘടന കടുത്തനടപടിയിലേക്ക് കടക്കുമെന്ന് സൂചനയുണ്ട്.
അതേസമയം, അൻസിബയുടെ നിലപാടുകൾ കൃത്യമായി പരിശോധിച്ച് വിലയിരുത്തണമെന്നും ഒരുവിഭാഗം വാദിക്കുന്നുണ്ട്. സംഘടനയുടെ ഭരണഘടനയ്ക്കുവിരുദ്ധമായി പരസ്യപ്രതികരണം നടത്തിയതിന് ടിനി ടോമിനും ജോയ് മാത്യുവിനും ലക്ഷ്മിപ്രിയക്കും നേരത്തേ കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
Content Highlights: In an unprecedented crisis for the Malayalam actors' association (AMMA), the entire 17-member executive committee has resigned en masse after the general body in Kochi flatly rejected the organization's annual report and accounts.