AMMAയിലെ ആഭ്യന്തര തർക്കം: ടിനിക്കും ലക്ഷ്മിപ്രിയയ്ക്കും ജോയ് മാത്യുവിനും കാരണംകാണിക്കൽ നോട്ടീസ്

#മാതൃഭൂമി ന്യൂസ്
ജോയ് മാത്യു, ലക്ഷ്മി പ്രിയ, ടിനി ടോം | ഫോട്ടോ: പി.പി. ബിനോജ്, റിദിൻ ദാമു\ മാതൃഭൂമി, Facebook
ജോയ് മാത്യു, ലക്ഷ്മി പ്രിയ, ടിനി ടോം | ഫോട്ടോ: പി.പി. ബിനോജ്, റിദിൻ ദാമു\ മാതൃഭൂമി, Facebook

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നു. സംഘടനയുടെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിൽ പരസ്യ പ്രതികരണങ്ങൾ നടത്തി എന്നുകാണിച്ച് കൂടുതൽ താരങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്. ടിനി ടോം, ലക്ഷ്മിപ്രിയ, ജോയ് മാത്യു എന്നിവർക്കാണ് സംഘടന ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. നടി അൻസിബ ഹസന് ഷോ-കോസ് നോട്ടീസ് നൽകിയതിന് പിന്നാലെയാണിത്.

കഴിഞ്ഞ ദിവസം ചേർന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിലാണ് ടിനി ടോം, ലക്ഷ്മിപ്രിയ, ജോയ് മാത്യു എന്നിവർക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനമായത്. നിലവിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെട്ടവർക്ക് മാത്രമാണ് നോട്ടീസ് നൽകിയിട്ടുള്ളതെന്നും മറ്റുള്ളവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അമ്മ നേതൃത്വം അറിയിച്ചു.

അൻസിബ ഹസനാണ് ആദ്യം കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. അൻസിബയുടെ ആരോപണങ്ങൾ സംഘടനയുടെ പ്രവർത്തനത്തെ ബാധിച്ചുവെന്നും ബൈലോ പ്രകാരമുള്ള നിർദ്ദേശങ്ങൾ ലംഘിച്ചുവെന്നും നോട്ടീസിൽ പറയുന്നു. ജൂൺ 17-നകം രേഖാമൂലം വിശദീകരണം നൽകണമെന്നാണ് അമ്മ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ, ഏത് ചട്ടമാണ് താൻ ലംഘിച്ചതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അൻസിബ സംഘടനയ്ക്ക് മറുപടി നൽകി. ടിനി ടോമും ലക്ഷ്മിപ്രിയയുമായുള്ള പ്രശ്നങ്ങൾ തികച്ചും വ്യക്തിപരമാണെന്ന് അൻസിബ ഇമെയിലിൽ വ്യക്തമാക്കി. ലക്ഷ്മിപ്രിയയുമായുള്ള തർക്കം സംഘടനയുമായി ബന്ധപ്പെട്ടതല്ലെന്ന് അമ്മയുടെ പ്രസിഡന്റ് തന്നെ മുമ്പ് പറഞ്ഞിരുന്നുവെന്നും അൻസിബ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ബൈലോയിലെ ആർട്ടിക്കിൾ 5 പ്രകാരമുള്ള ഏത് വകുപ്പാണ് താൻ ലംഘിച്ചതെന്ന് കൃത്യമായി വ്യക്തമാക്കണമെന്നും താരം ആവശ്യപ്പെട്ടിട്ടുണ്ട്.

അമ്മയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് അൻസിബ രാജിവെച്ചതോടെയാണ് വിവാദങ്ങൾ വലിയ തോതിൽ പുറത്തുവന്നത്. ടിനി ടോം തന്നെ അധിക്ഷേപിച്ചുവെന്നും 'ജിഹാദി' എന്ന് വിളിച്ചുവെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ അൻസിബ ഉന്നയിച്ചിരുന്നു. തനിക്കെതിരെ അൻസിബ ഉന്നയിച്ച ആരോപണങ്ങളിൽ അവർക്കെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് ലക്ഷ്മിപ്രിയയും പ്രതികരിച്ചു. താരങ്ങൾക്കിടയിലെ ഈ പോര് സംഘടനയ്ക്കുള്ളിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.

Content Highlights: The internal feud within the Malayalam movie actors' association (AMMA) has escalated further as the leadership issued show-cause notices to executive committee members Tiny Tom, Lakshmi Priya, and Joy Mathew for public statements that allegedly damaged the organization's reputation.