ശ്വേതാ മേനോനൊപ്പം ഉറച്ചുനിൽക്കുന്നു, ജനറൽ ബോഡിയിൽ അവർക്ക് പറയാനുള്ളത് ആരും കേട്ടില്ല- പ്രിയങ്ക

അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രസിഡന്റ് ശ്വേതാ മേനോനൊപ്പം നിൽക്കുന്നുവെന്ന് സംഘടനയുടെ സെക്രട്ടറിയും നടിയുമായ പ്രിയങ്ക. ജനറൽ ബോഡി ചേരുമ്പോൾ ശ്വേതയ്ക്ക് പറയാനുള്ളത് ആരും കേട്ടില്ല. സംഘടനയുടെ യോഗം ചേരുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ പാലിക്കപ്പെട്ടില്ല. ഉണ്ണി ശിവപാലിന്റെ രാജിയെക്കുറിച്ചോ മെമ്മറി കാർഡ് വിവാദത്തെക്കുറിച്ചോ ആരും ഒന്നും മിണ്ടിയില്ല. യോഗം തുടങ്ങിയപ്പോൾ മുതൽ അവിശ്വാസ പ്രമേയം എന്നാണ് എല്ലാവരും പറഞ്ഞുകൊണ്ടിരുന്നതെന്നും പ്രിയങ്ക പറഞ്ഞു.
"ഒരു സംഘടനയ്ക്ക് അതിന്റേതായ പ്രോട്ടോക്കോൾ ഉണ്ടാകും. ഈശ്വരപ്രാർത്ഥനയും അനുസ്മരണവും എല്ലാമുണ്ടാകും. ഇതെല്ലാം കഴിഞ്ഞിട്ട് പ്രസിഡന്റിന് പറയാനുള്ള കാര്യങ്ങൾ കേൾക്കണ്ടേ? അന്ന് ജനറൽ ബോഡിയിൽ ശ്വേതയ്ക്ക് പറയാനുള്ളത് പറയട്ടേ എന്ന് ഞാൻ പറഞ്ഞിരുന്നു. എന്തുകൊണ്ട് ഉണ്ണി ശിവപാൽ രാജിവെച്ചുവെന്നും എന്തുകൊണ്ട് അദ്ദേഹത്തെ മാറ്റിനിർത്തി എന്നൊക്കെ നമ്മൾക്കും അറിയണ്ടേ? മെമ്മറി കാർഡ് വിഷയത്തേക്കുറിച്ചും ആരും മിണ്ടിയില്ല. ഇതിനെല്ലാം മുൻപ് ബഹളം തുടങ്ങിയാൽ കാര്യങ്ങൾ ആരാണ് പറഞ്ഞുതരിക?
അവിശ്വാസപ്രമേയം പാസാക്കാൻ പറ്റില്ലെന്ന് ആരും പറഞ്ഞിട്ടില്ല. സംസാരിക്കാൻ സമയം തരാമെന്നാണ് പറഞ്ഞത്. ഒരു സെക്രട്ടറിയാണ് സംഘടനയിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കേണ്ടത്. ഞാൻ സെക്രട്ടറിയായതുകൊണ്ടല്ല ഇത് പറയുന്നത്. യോഗം തുടങ്ങിയതുമുതൽ അവിശ്വാസ പ്രമേയം എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. ഒരു സംഘടനയ്ക്കകത്തുനിന്നുകൊണ്ട് സഹോദരന് തുല്യമാണ്, മകൾക്ക് തുല്യമാണ്, അമ്മയാണ് മക്കളാണ് എന്നെല്ലാം പറയുന്നവർ ഇതുപോലൊന്നും ചെയ്യരുത്. ഇനിയും പുറത്തിറങ്ങി മാധ്യമങ്ങളോട് കോടതി നിയമപരമായി സ്ഥാനമേൽപിച്ചിട്ടുള്ള ഒരാളെക്കുറിച്ച് ഇനിയും കുറ്റംപറയാൻ പാടില്ല. കാരണം നിയമലംഘനമാണാ ചെയ്യുന്നത്.
ഒന്നുമില്ലാതെ കോടതി വെറുതേ ഭരിച്ചോളാൻ പറയില്ലല്ലോ. കോടതിയെ മാനിക്കണ്ടേ? കോടതിയെ ഞാൻ മാനിക്കുന്നു. ഞാൻ ശ്വേതയ്ക്കൊപ്പം നിൽക്കുന്നു." പ്രിയങ്കയുടെ വാക്കുകൾ.
ജോയിന്റ് സെക്രട്ടറിയായിരുന്ന നടി അൻസിബ ഹസ്സൻ രാജിവെച്ച് ഉയർത്തിയ ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും തുടർചലനമാണ് ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് നയിച്ചത്. കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിൽ ഞായറാഴ്ച ‘അമ്മ’ ജനറൽ ബോഡിയോഗത്തിൽ വരവ്-ചെലവ് കണക്കിനെച്ചൊല്ലി വൻ തർക്കമുണ്ടായി. നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും ഒഴിയണമെന്നും തെറ്റുകൾക്ക് മാപ്പുപറയണമെന്നും ഒരുവിഭാഗം ആവശ്യപ്പെട്ടു. വിഷയം പഠിക്കാൻ 45 ദിവസത്തെ സമയംവേണമെന്ന് ശ്വേത ആവശ്യപ്പെട്ടു. തർക്കം രൂക്ഷമായതിനെത്തുടർന്ന് ഉച്ചയ്ക്കുശേഷവും റിപ്പോർട്ട് പാസാക്കാൻ കഴിഞ്ഞില്ല. തുടർന്നായിരുന്നു രാജിപ്രഖ്യാപനം.
എന്നാൽ മറ്റംഗങ്ങൾ അവരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. ഇതിനുപിന്നാലെയാണ് ഭരണസമിതി ഒന്നടങ്കം രാജിവെയ്ക്കുകയാണെന്ന പ്രഖ്യാപനമുണ്ടായത്. 17 അംഗങ്ങളാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. തുടർന്ന് രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റി രംഗത്തുവന്നു. ഇതിനെതിരെ ശ്വേതാ മേനോൻ കോടതിയെ സമീപിച്ചു. തുടർന്ന് ഈ കമ്മിറ്റിക്ക് കോടതി വിലക്കേർപ്പെടുത്തുകയും പിന്നാലെ രമേഷ് പിഷാരടി രാജിവെയ്ക്കുകയും ചെയ്തിരുന്നു.
Content Highlights: Adding a major twist to the relentless civil war within the Association of Malayalam Movie Artistes (AMMA), veteran actress and organization Secretary Priyanka has openly declared her allegiance to President Shwetha Menon. Slamming the rival faction for orchestrating premeditated chaos during the explosive General Body meeting at Kakkanad, Priyanka alleged that organizational protocols were completely tossed out the window to silence Shwetha and deliberately suppress critical discussions regarding a controversial "memory card issue" and actor Unni Shivapal’s sudden exit.