അന്ന് നിങ്ങളുടെ സിനിമയ്ക്കായി കാത്തിരുന്നു, പക്ഷേ ഈ വർഷം അല്പം വ്യത്യസ്തമാണ് -കീർത്തി സുരേഷ്

നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്ക്ക് ജന്മദിനാശസകൾ നേർന്ന് നടി കീർത്തി സുരേഷ്. മുഖ്യമന്ത്രിയായതിനുശേഷം അദ്ദേഹത്തെ സന്ദർശിച്ചപ്പോളെടുത്ത ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അവർ വിജയ്ക്ക് ആശംസകളറിയിച്ചത്. സ്ക്രീനിലെ നായകനിൽ നിന്നും സേവനത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും പാതയിലുള്ള ഒരു ജനനേതാവായി വിജയ് സ്വയം പുനർനിർമിച്ചിരിക്കുകയാണെന്ന് അവർ നിരീക്ഷിച്ചു. തിങ്കളാഴ്ചയാണ് വിജയ് 52-ാം പിറന്നാൾ ആഘോഷിച്ചത്. മുഖ്യമന്ത്രിയായതിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ജന്മദിനംകൂടിയായിരുന്നു ഇത്.
"വർഷങ്ങളായി, നിങ്ങളുടെ ജന്മദിനം എന്നാൽ ഒരു പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിനോ ടീസറിനോ ട്രെയിലറിനോ അല്ലെങ്കിൽ പ്രഖ്യാപനത്തിനോ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. അത് നമ്മളെല്ലാം ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചടങ്ങായി മാറിയിരുന്നു. എന്നാൽ ഈ വർഷം അല്പം വ്യത്യസ്തമായി തോന്നുന്നു.
പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി, നിങ്ങൾ ലോകത്തിന് മുന്നിൽ ഒരു പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നില്ല. പകരം, അതിലും വളരെ പ്രധാനപ്പെട്ട മറ്റൊന്നിന് നമ്മൾ സാക്ഷ്യം വഹിക്കുകയാണ്. നിങ്ങൾ സ്വയം പുനർനിർമിച്ചിരിക്കുകയാണ്. തിരശ്ശീലയിലെ നായകനായിട്ടല്ല, മറിച്ച് സേവനത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും പുതിയ അധ്യായത്തിലേക്ക് കടന്നുവരുന്ന ഒരു നേതാവായി. ഈ വർഷം ഒരു പുതിയ യാത്രയ്ക്കായുള്ള നിങ്ങളുടെ ലുക്ക് ഞങ്ങൾ ആഘോഷിക്കുകയാണ്. നിങ്ങൾക്ക് എല്ലാ പിന്തുണയുമായി ഞങ്ങൾ ഇവിടെയുണ്ട്. എൻ നെഞ്ചിൽ കുടിയിരിക്കും കമാൻഡർക്ക് ജന്മദിനാശംസകൾ.." കീർത്തി സുരേഷിന്റെ വാക്കുകൾ.
വിജയിന്റെ രാഷ്ട്രീയ പ്രവേശനം തമിഴ് സിനിമാ ലോകത്തിന് ഒരു വലിയ വിടവാങ്ങലാണെങ്കിലും തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അത് പുതിയൊരു അധ്യായമാണ്. അദ്ദേഹത്തിന്റെ അവസാന ചിത്രമായ 'ജനനായകൻ' സെൻസർ ബോർഡ് അനുമതിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ കാരണം റിലീസ് വൈകുകയാണ്. സിനിമയിൽ നിന്നും പൂർണ്ണമായും വിരമിച്ച് ജനസേവനത്തിലേക്ക് ഇറങ്ങിയ വിജയ്, തന്റെ പ്രകടനപത്രികയിലൂടെ നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നാണ് അധികാരം പിടിച്ചെടുത്തത്. ഇത് തമിഴ് രാഷ്ട്രീയത്തിലെ ഒരു പുതിയ മാറ്റത്തിന്റെ തുടക്കമായി വിലയിരുത്തപ്പെടുന്നു.
ഭൈരവ, സർക്കാർ എന്നീ ചിത്രങ്ങളിൽ വിജയ്യും കീർത്തി സുരേഷും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. വിജയ് മുഖ്യമന്ത്രിയായ ശേഷം കീർത്തി സുരേഷും ഭർത്താവ് ആന്റണിയും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഈ ചിത്രങ്ങൾ കീർത്തി നേരത്തേ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. റിവോൾവർ റിത്തയാണ് കീർത്തി സുരേഷിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. രാജ്കുമാർ റാവു നായകനാകുന്ന ബോളിവുഡ് ചിത്രം റഫ്ത്താർ, മിഷ്കിൻ നായകനാകുന്ന സത്യവാൻ സാവിത്രി എന്ന തമിഴ്ചിത്രം എന്നിവയാണ് കീർത്തിയുടേതായി വരാനിരിക്കുന്ന പ്രോജക്റ്റുകൾ.
വിജയ്യുടെ രാഷ്ട്രീയ യാത്ര
തമിഴക വെട്രി കഴകം (ടിവികെ) എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചുകൊണ്ട് 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേന്ദ്ര-സംസ്ഥാന പാർട്ടികളുമായി സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിച്ച ടിവികെ, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി വൻ മുന്നേറ്റം നടത്തി. മെയ് 4-ന് നടന്ന വോട്ടെണ്ണലിലൂടെയാണ് വിജയിന്റെ നേതൃത്വത്തിലുള്ള പാർട്ടി സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കിയത്. ഇതോടെ എൻ.ടി. രാമറാവു, എം.ജി. ആർ, ജെ. ജയലളിത തുടങ്ങിയ ഇതിഹാസ താരങ്ങളുടെ രാഷ്ട്രീയ പിൻഗാമിയായും വിജയ് മാറി.
ഈ തിരഞ്ഞെടുപ്പിൽ വിജയ് രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് ജനവിധി തേടിയത്. ചെന്നൈയിലെ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിലും അദ്ദേഹം തിളക്കമാർന്ന വിജയം കരസ്ഥമാക്കി. പെരമ്പൂരിൽ 1,19,454 വോട്ടുകൾ നേടിയ അദ്ദേഹം 53,532 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. തിരുച്ചിറപ്പള്ളി ഈസ്റ്റിലും വലിയ വിജയം നേടിയെങ്കിലും, മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അദ്ദേഹം ആ സീറ്റ് രാജിവെക്കുകയും പെരമ്പൂർ മണ്ഡലത്തിലെ എം.എൽ.എ ആയി തുടരാൻ തീരുമാനിക്കുകയും ചെയ്തു.
Content Highlights: National award-winning actress Keerthy Suresh shared a special birthday wish for Tamil Nadu Chief Minister Vijay on his 52nd birthday, praising his monumental transformation from a silver-screen superstar into a dedicated people's leader.