ഞാൻ രാഷ്ട്രീയത്തിലിറങ്ങിയാലും ഉദയനിധിയുമായി ശത്രുതയുണ്ടാകില്ല, അദ്ദേഹത്തെ ഇപ്പോഴും ഇഷ്ടം -വിശാൽ

#മൂവി ഡെസ്ക്
ഉദയനിധി സ്റ്റാലിൻ, വിശാൽ | ഫോട്ടോ: PTI, സിദ്ദിക്കുൽ അക്ബർ\ മാതൃഭൂമി
ഉദയനിധി സ്റ്റാലിൻ, വിശാൽ | ഫോട്ടോ: PTI, സിദ്ദിക്കുൽ അക്ബർ\ മാതൃഭൂമി

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഉദയനിധി സ്റ്റാലിനുമായുള്ള തന്റെ സൗഹൃദത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന് നടൻ വിശാൽ. താൻ സംവിധാനംചെയ്യുന്ന 'മകുടം' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ചെന്നൈയിൽ ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവെ, വിശാൽ തങ്ങളുടെ കോളേജ് കാലഘട്ടത്തെ ഓർത്തെടുക്കുകയും ഉദയനിധിയോടും ഭാര്യ കൃതികയോടുമുള്ള സ്നേഹം തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

"ഉദയയെ എനിക്ക് എപ്പോഴും ഇഷ്ടമാണ്. എന്തുതന്നെ സംഭവിച്ചാലും ഞാനും അദ്ദേഹത്തിന്റെ ഭാര്യ കൃതികയും അദ്ദേഹത്തെ എപ്പോഴും സ്നേഹിക്കുന്നു. ഉദയയോടുള്ള എന്റെ സ്നേഹം ഞങ്ങളുടെ വിദ്യാർത്ഥി കാലഘട്ടത്തിൽ തുടങ്ങിയതാണ്. അന്ന് അവൻ കൃതികയെ പ്രണയിക്കുകയായിരുന്നു. ഞാൻ രാഷ്ട്രീയത്തിലിറങ്ങിയാൽപോലും ഉദയയും ഞാനും തമ്മിൽ ഒരിക്കലും ഗുരുതരമായ വഴക്കുകൾ ഉണ്ടാകില്ല. അതൊരു ആരോഗ്യകരമായ മത്സരമായിരിക്കും, അല്ലാതെ ശത്രുതയോ സംഘർഷമോ ആയിരിക്കില്ല. ഞാൻ ഇന്ന് ഇത് തുറന്നുപറയുന്നു. എന്റെ ബുദ്ധിമുട്ടുകൾ കാരണമാണ് ഞാൻ മുമ്പ് അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസായ റെഡ് ജയന്റ് മൂവീസിനെക്കുറിച്ച് സംസാരിച്ചത്. എന്നാൽ ഉദയ വളരെ നല്ലൊരു വ്യക്തിയാണ്." വിശാലിന്റെ വാക്കുകൾ.

തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ സംസാരിക്കുന്നതിനിടയിൽ നടി തൃഷ കൃഷ്ണനുമായി ബന്ധപ്പെടുത്തി അശ്ലീലച്ചുവയുള്ള പരാമർശം നടത്തിയെന്നാരോപിച്ച് ഉദയനിധിയെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. ഉദയനിധിക്കെതിരെയുള്ള നടപടിയെ മുമ്പ് പിന്തുണച്ചിരുന്ന വിശാൽ, 'മകുടം' ചടങ്ങിൽ വെച്ച് ഈ പരാമർശത്തെക്കുറിച്ചും സംസാരിച്ചു.

"എന്റെ സുഹൃത്ത് ഉദയ എന്തോ പറഞ്ഞു, അറസ്റ്റിലായി. എന്റെ സിനിമാമേഖലയിൽ തന്നെ മുതിർന്ന കലാകാരന്മാരെക്കുറിച്ച് ഇത്തരത്തിൽ സംസാരിക്കുന്ന നിരവധി ആളുകളുണ്ട്. യൂട്യൂബർമാരുടെ കാര്യമോ? ദൂരദർശനിൽ പോയി ഇതേകാര്യം സംസാരിക്കാൻ അവരോട് ആവശ്യപ്പെടൂ. പണം ലഭിക്കാത്തതിനാൽ അവരത് ചെയ്യില്ല. മുഖ്യമന്ത്രി ജോസഫ് വിജയ്‌യോട്‌ ഞാൻ ഈ ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെടുന്നു. യൂട്യൂബിൽ പലരും മുതിർന്ന നടികളെയും മറ്റ് വനിതാ കലാകാരികളെയും കുറിച്ച് വളരെ മോശമായ രീതിയിൽ സംസാരിക്കുന്നുണ്ട്. അവരെ ശിക്ഷിക്കണം." വിശാൽ ആവശ്യപ്പെട്ടു.

രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്നും, എന്നാൽ സിനിമയിലെ സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന എല്ലാവർക്കും ഈ ശിക്ഷ ഒരേപോലെ ബാധകമാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നുമാണ് ഉദയനിധിയുടെ അറസ്റ്റിനെക്കുറിച്ച് വിശാൽ മുൻപ് പറഞ്ഞിരുന്നത്.

ഉദയനിധിയുടെ വിവാദ പരാമർശവും അറസ്റ്റും ഇങ്ങനെ

കാവേരി സമരത്തിനിടെ തൃഷയെക്കുറിച്ച് ഉദയനിധി നടത്തിയ ഇരട്ട അർത്ഥമുള്ള പരാമർശങ്ങൾക്കെതിരെ തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടിയുടെ വനിതാ വിഭാഗം തഞ്ചാവൂർ പോലീസിൽ നൽകിയ പരാതിയിലാണ് ഈ നടപടിയുണ്ടായത്. തഞ്ചാവൂരിലെ സെംഗിപ്പട്ടി പോലീസ് സ്റ്റേഷനിൽ വെച്ച് അദ്ദേഹത്തെ തടഞ്ഞുവെച്ച് ഒരു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് പോലീസ് വിട്ടയച്ചത്.

കാവേരി സമരത്തിനിടയിൽ ഉദയനിധി സ്റ്റാലിൻ സംസാരിക്കുമ്പോൾ ജനക്കൂട്ടത്തിൽ ചിലർ "തൃഷ, തൃഷ" എന്ന് വിളിച്ചപ്പോഴാണ് ഈ വിവാദത്തിന് കാരണമായ പരാമർശം ഉണ്ടായത്. ഇതിനോട് പ്രതികരിച്ച അദ്ദേഹം ദ്വയാർത്ഥപരാമർശങ്ങൾ നടത്തുകയും, തുടർന്ന് താൻ കാവേരി വെള്ളത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് പറയുകയുമാണുണ്ടായത്. എന്നാൽ ഇതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെ.യുടെ വനിതാ വിഭാഗം ഉദയനിധിക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.

തഞ്ചാവൂർ ഈസ്റ്റ് പോലീസ് സംഘം ചൊവ്വാഴ്ച രാവിലെയാണ്‌ ചെന്നൈ നീലാങ്കരയിലെ വസതിയിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്‌. സെങ്കിപ്പട്ടി പോലീസ്‌ സ്റ്റേഷനിലെത്തിച്ച അദ്ദേഹത്തെ രാത്രി എട്ടരയോടെ വിട്ടയച്ചു. തുടർന്ന്‌ ചെന്നൈയിലേക്ക്‌ വിമാനമാർഗം മടങ്ങി. ഉദയനിധി മുൻകൂർ ജാമ്യഹർജി സമർപ്പിച്ചതിനെത്തുടർന്ന് ഉച്ചയ്ക്ക് 12 വരെ അറസ്റ്റ് ചെയ്യുന്നതിന് മദ്രാസ് ഹൈക്കോടതി വിലക്കുണ്ടായിരുന്നു. ഇക്കാരണത്താൽ വീട്ടിൽനിന്ന് ഉദയനിധിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് ചോദ്യംചെയ്യാനായി പോലീസ് വാഹനത്തിൽ കയറ്റിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

എന്നാൽ ഈ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും വ്യക്തിപരമായല്ല സർക്കാരിന്റെ പ്രവർത്തനങ്ങളെ ഉദ്ദേശിച്ചാണ് അദ്ദേഹം സംസാരിച്ചതെന്നുമാണ് ഡി.എം.കെ വ്യക്തമാക്കിയത്.

Content Highlights: Actor Vishal affirmed that his childhood friendship with Udhayanidhi Stalin remains unshaken despite their political differences and past friction over film distribution, while also urging CM Vijay to take strict action against online harassment of female actors.