'സരിഗയെ വിളിച്ചു, സോറി പറഞ്ഞു; കൂടുതൽ വിശദീകരണത്തിനില്ല'; മറുപടിയുമായി ശങ്കർ

പുരസ്‌കാരദാനം നിർവഹിച്ച ശേഷം നടി കലാഭവൻ സരിഗയ്ക്ക് ഹസ്തദാനം നിരസിച്ചതിൽ സാമൂഹികമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ ശങ്കർ. പ്രചാരണം തെറ്റിദ്ധാരണയുടെ പുറത്താമെന്ന് ശങ്കർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ അറിയിച്ചു. സരിഗയെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും സോറി പറഞ്ഞെന്നും ശങ്കർ അറിയിച്ചു.
'രണ്ടുമൂന്നുദിവസം മുമ്പ് ചങ്ങമ്പുഴ പാർക്കിൽ ഒരു പരിപാടി നടന്നു. അതിൽ എനിക്കൊരു ദ്രോണ പുരസ്‌കാരം ഉണ്ടായിരുന്നു. ഒരുപാട് കലാകാരന്മാർ അവിടെ വന്നിരുന്നു, അവർക്കൊക്കെ പുരസ്‌കാരങ്ങൾ കിട്ടി. കലാഭവൻ സരിഗയ്ക്കും ഒരു അവാർഡ് ഉണ്ടായിരുന്നു. ഞാൻ അവർക്ക് കൈകൊടുത്തില്ല എന്ന് പറഞ്ഞ് സാമൂഹികമാധ്യമങ്ങളിൽ ഒരു വീഡിയോ വളരേയധികം പ്രചരിക്കുന്നുണ്ട്. സത്യം പറഞ്ഞാൽ അത് തെറ്റിദ്ധാരണയാണ്', ശങ്കർ പറഞ്ഞു.
'വിനയൻ സർ അവാർഡ് കൊടുത്തു. അതിന് ശേഷം അവർ കൈകൊടുത്ത് കാൽതൊട്ട് നമസ്‌കരിച്ച് തിരിഞ്ഞുപ്പോൾ അവരെന്റെ കാൽപിടിക്കാൻ പോവുന്നതുപോലെ എനിക്ക് തോന്നി. ഞാൻ കൈവെച്ച് അനുഗ്രഹിച്ചു. അതാണ് ഞാൻ ഉദ്ദേശിച്ചത്', അദ്ദേഹം സംഭവം വിവരിച്ചു.
'കൂടുതൽ വിശദീകരണത്തിലേക്കൊന്നും ഞാൻ വരുന്നില്ല. പത്തുനാൽപ്പത്തഞ്ചുവർഷമായി ഞാൻ സിനിമയിൽ വന്നിട്ട്. ആരേയും ഇതുവരെ അപമാനിച്ചിട്ടില്ല. ഞാൻ ആരുമായും സഹകരിച്ചുപോവുന്ന ആളാണ്. ഇത് ദൗർഭാഗ്യകരമാണ്. ഇന്നലെ ഞാൻ സരിഗയെ വിളിച്ചിരുന്നു. കുറച്ചുനേരം സംസാരിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞു. സോറിയും പറഞ്ഞു', ശങ്കർ കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം കൊച്ചി ചങ്ങമ്പുഴ പാർക്കിൽ 'ദേശീയ കലാസംസ്‌കൃതി അനശ്വര കലാകാരൻ കലാഭവൻ മണി അനുസ്മരണച്ചടങ്ങളിൽ സരിഗയ്ക്ക് പുരസ്‌കാരം നൽകിയിരുന്നു. നാടൻപാട്ട്, മിമിക്രി, അഭിനയം എന്നീ മേഖലകളിലെ മികവിനായിരുന്നു സരിഗയ്ക്ക് കലാഭവൻ മണിയുടെ പേരിലുള്ള പുരസ്‌കാരം.
സംവിധായകൻ വിനയൻ ശിൽപവും ശങ്കർ പ്രശസ്തി പത്രവും കൈമാറി. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സരിഗ ഹസ്തദാനത്തിനായി കൈനീട്ടി. രണ്ടുതവണ സരിഗ കൈനീട്ടിയെങ്കിലും ശങ്കർ ഹസ്തദാനത്തിന് തയ്യറായില്ല. പിന്നാലെ ശങ്കറിന്റെ കാൽതൊട്ടുവന്ദിച്ച ശേഷം നടി വേദി വിടുകയായിരുന്നു. ഹസ്തദാനം നിരസിച്ചെങ്കിലും കാൽതൊട്ടുവന്ദിക്കുന്നതിൽ ശങ്കർ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല.
ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നടനെ വിമർശിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തി. സരിഗയെ ശങ്കർ അപമാനിച്ചെന്ന തരത്തിലാണ് കമന്റുകൾ ഏറേയും. അതേസമയം, ഹസ്തദാനംചെയ്യാതിരിക്കുന്നത് അയാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നാണ് നടനെ അനുകൂലിക്കുന്നവരും അഭിപ്രായപ്പെട്ടു.
Content Highlights: Shankar clarified the handshake incident was a misunderstanding. He explained his gesture was an attempt to bless the actress. Shankar personally called Sariga to apologize for the confusion. The actor emphasized his 45-year-long career and respect for fellow artists