ദിസ് ഈസ് ഷെയിം, വഴിയിൽ വന്ന് വഴക്കിടുന്നത് കാണുമ്പോൾ വേദനയുണ്ട്, എല്ലാം പറഞ്ഞ് തീർക്കാമായിരുന്നു-ബാല

ബാല | ഫോട്ടോ: ജെയ്‌വിന്‍ ടി. സേവ്യര്‍\ മാതൃഭൂമി
ബാല | ഫോട്ടോ: ജെയ്‌വിന്‍ ടി. സേവ്യര്‍\ മാതൃഭൂമി

കൊച്ചി: താര സംഘടനയായ അമ്മയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങൾ എല്ലാം സംഘടനയ്ക്കുള്ളിൽ പറഞ്ഞുതീർക്കാമായിരുന്നുവെന്നും ഇത്തരത്തിൽ വഴിയിൽ വന്ന് വഴക്കിടുന്നത് കാണുമ്പോൾ തനിക്ക് ദേഷ്യമല്ല മറിച്ച് വേദനയാണ് തോന്നുന്നതെന്നും നടൻ ബാല. ഒരു സമയത്ത് മറ്റു സംസ്ഥാനങ്ങളിലെ താര സംഘടനകൾ പോലും അസൂയയോടെയാണ് നോക്കിയിരുന്നതാണ് അമ്മയുടെ പ്രവർത്തനം. ആ ബഹുമാനം നമ്മൾ കാത്തുസൂക്ഷിക്കണമായിരുന്നുവെന്നും ബാല മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.

ഞാനാണ് വലിയവൻ എന്ന ചിന്താഗതിയാണ് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇത് സേവനത്തിനുള്ള ഒരു സംഘടനയാണെന്ന മനോഭാവം എല്ലാവർക്കും വേണം. ശ്വേത മേനോനെയോ ബാബുരാജിനെയോ ടിനി ടോമിനെയോ ആരേയും വ്യക്തിപരമായി ജഡ്ജ് ചെയ്യാനോ കുറ്റപ്പെടുത്താനോ താൻ ആഗ്രഹിക്കുന്നില്ല. ശ്വേതയുടെ രാജി അവരുടെ വ്യക്തിപരമായ വേദന കൊണ്ടോ തീരുമാനമോ ആകാമെന്നും ബാല പറഞ്ഞു.

തമിഴ്നാട് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ സിനിമ സംഘടനകൾ ബഹുമാനത്തോടെ കണ്ടിരുന്ന ഒരു സംഘടനയായിരുന്നു അമ്മ. അമ്മ എന്ന സംഘടന ഒരു കുടുംബം പോലെയാണ്. അതിനുള്ളിലെ പ്രശ്നങ്ങൾ റോഡിൽ വന്ന് പറയാതെ സംസാരിച്ച് തീർക്കാവുന്ന കാര്യമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴുണ്ടായിരിക്കുന്ന തർക്കങ്ങളെക്കുറിച്ചൊന്നും മുതിർന്ന താരങ്ങൾ മിണ്ടാതിരിക്കുന്നത് ഇതൊരു നാണക്കേടായതുകൊണ്ടാണെന്നും ബാല പ്രതികരിച്ചു.

സംഘടന ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് ആരും എവിടേയും ഒന്നും പറയുന്നില്ല. അദ്ദേഹത്തിന് അസുഖം വന്നപ്പോൾ അമ്മ സംഘടന സാമ്പത്തികമായി സഹായിച്ചിരുന്നു. ഈ അടുത്തും സംഘടനയിൽ നിന്ന് ചികിത്സക്കായി സാമ്പത്തിക സഹായം ലഭിച്ചിരുന്നു. പ്രായമായ താരങ്ങൾക്ക് നൽകുന്ന പെൻഷൻ, ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളും നൽകുന്നു. ഇതൊന്നും ആരും എവിടേയും ചർച്ചയാക്കുകയോ പുറംലോകം അറിയുകയോ ചെയ്യുന്നില്ല. പകരം ഇപ്പോഴത്തെ സംഘടനയിലെ പ്രശ്നങ്ങൾ മാധ്യമങ്ങൾക്കും മറ്റുള്ളവർക്കും ആഘോഷിക്കാനുള്ള അവസരമായി മാറുകയാണ് ചെയ്തതെന്നും ബാല പറഞ്ഞു.

പുതിയതായി വന്ന അഡ്ഹോക് കമ്മിറ്റിയിലാണ് ഇപ്പോഴത്തെ പ്രതീക്ഷ. രമേഷ് പിഷാരടി വളരെ സമചിത്തതയോടെ കാര്യങ്ങളെ കാണുന്ന ഒരാളാണ്. പ്രശ്നങ്ങളിൽ ഉൾപ്പെട്ട രണ്ട് പക്ഷത്തുനിന്നുള്ളവരേയും ശാന്തമായി കേൾക്കാനും കാര്യങ്ങൾ കേട്ടതിനുശേഷം ഏതാണ് ശരിയെന്നും തെറ്റെന്നും ന്യായം പറയാനുള്ള കഴിവ് രമേഷ് പിഷാരടിക്കുണ്ട്. അതുകൊണ്ട് തന്നെ സംഘടനക്കുള്ളിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ പിഷാരടിക്ക് പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാല പറഞ്ഞു.

താരസംഘടനയിലെ കൂട്ടരാജി

താരസംഘടനയായ അമ്മയുടെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു. നേതൃത്വത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളുയർന്ന പശ്ചാത്തലത്തിലാണ് ഭരണസമിതി ഒന്നടങ്കം രാജിവെച്ചൊഴിഞ്ഞത്. കൊച്ചിയിൽ ഞായറാഴ്ച ചേർന്ന ജനറൽബോഡി യോഗത്തിനുശേഷമാണ് തീരുമാനമുണ്ടായത്.

വാർഷിക റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്കൊടുവിലാണ് സുപ്രധാന തീരുമാനം. റിപ്പോർട്ടും കണക്കും അംഗീകരിക്കാൻ വാർഷിക ജനറൽബോഡി തയ്യാറായില്ല. ഇതിൽ രണ്ടിലുമുള്ള വീഴ്ചകൾ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജനറൽ ബോഡി യോഗത്തിനിടെ പ്രസിഡന്റ് ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മറ്റംഗങ്ങൾ അവരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. ഇതിനുപിന്നാലെയാണ് ഭരണസമിതി ഒന്നടങ്കം രാജിവെയ്ക്കുകയാണെന്ന പ്രഖ്യാപനമുണ്ടായത്.

17 അംഗങ്ങളാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. നിലവിലെ സാഹചര്യത്തിൽ സംഘടനയുടെ ഭരണം ഒരു താത്കാലിക സമിതിക്ക് നൽകാനാണ് സാധ്യത. നേതൃത്വത്തിനകത്തുണ്ടായ ആരോപണ പ്രത്യാരോപണങ്ങളാണ് ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് നയിച്ചത്. മുൻപൊരിക്കലും ഇതുപോലൊരു പ്രതിസന്ധി സംഘടനയ്ക്ക് നേരിടേണ്ടിവന്നിട്ടില്ല. ഇതിനെത്തുടർന്ന് രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ പുതിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നു.

‘അമ്മ’ വീണ്ടും തിരഞ്ഞെടുപ്പിലേക്ക്

താരസംഘടനയായ ‘അമ്മ’ ഭരണസമിതിയുടെ കൂട്ടരാജിയെത്തുടർന്ന് വീണ്ടും തിരഞ്ഞെടുപ്പിലേക്ക്. നാലുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് നടനും എം.എൽ.എ.യുമായ രമേഷ് പിഷാരടി കൺവീനറായ അഡ്ഹോക്ക് കമ്മിറ്റിയുടെ ശ്രമം. കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കലാഭവൻ ഷാജോൺ, ആശാ അരവിന്ദ്, ദേവി ചന്ദന, കൃഷ്ണപ്രഭ എന്നിവരാണ് മറ്റംഗങ്ങൾ. ഞായറാഴ്ച ജനറൽബോഡിയോഗത്തിൽ അവിശ്വാസപ്രമേയത്തെയും കണക്കുകളിലെ അവ്യക്തതകളെയുംചൊല്ലിയുണ്ടായ തർക്കങ്ങൾക്കൊടുവിലാണ് പ്രസിഡന്റ് ശ്വേതാമേനോനും മറ്റ് എക്‌സിക്യുട്ടീവ് അംഗങ്ങളും രാജിവെച്ചത്.

രാജി തുടരുന്നു

മല്ലികാ സുകുമാരൻ തിങ്കളാഴ്ച സംഘടനയിൽനിന്ന് രാജി പ്രഖ്യാപിച്ചു. ശ്വേതാ മേനോന് പിന്തുണ പ്രഖ്യാപിച്ചാണ് പടിയിറക്കം. ‘സ്നേഹപൂർവം പടിയിറങ്ങുന്നു, 'അമ്മ'യിൽനിന്നും. സത്യത്തിനൊപ്പം, ന്യായത്തിനൊപ്പം, ശ്വേതയ്ക്കൊപ്പം.’ എന്നാണ് മല്ലിക ഫെയ്‌സ്ബുക്കിൽ കുറിച്ചത്. അഡ്‌ഹോക്ക്‌ കമ്മിറ്റിയിൽനിന്ന് നടി ആശാ അരവിന്ദ് രാജിവെച്ചു. കഴിഞ്ഞദിവസം രാജിവെച്ച ഭരണസമിതിയിലെ അംഗമായിരുന്നു ആശ. ആ ഭരണസമിതി രാജിവെച്ച് ഒഴിഞ്ഞതിനുപിന്നാലെ വന്ന അഡ്‌ഹോക്ക് കമ്മിറ്റിയിൽ എങ്ങനെയാണ് ആശ അംഗമാകുക എന്ന ചോദ്യം കഴിഞ്ഞദിവസംതന്നെ ഉയർന്നിരുന്നു.

Content Highlights: Expressing deep emotional pain over the ongoing internal feuds being dragged into public light, actor Bala urged members to view AMMA as a service-oriented family while pinning his hopes on Ramesh Pisharody's newly formed ad-hoc committee to peacefully settle the crisis.