നടൻ കമാൽ ഖാൻ അറസ്റ്റിൽ, താൻ മരിക്കുകയാണെങ്കിൽ അത് കൊലപാതകമായിരിക്കുമെന്ന് പോസ്റ്റ്

മുംബൈ: നടനും ചലച്ചിത്ര സംവിധായകനുമായ കമാൽ ആർ ഖാനെ (കെ.ആർ.കെ) മുംബൈയിൽ പോലീസ് അറസ്റ്റ് ചെയ്തു. ദുബായിലേക്ക് പോകാൻ മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് നടൻ അറസ്റ്റിലായത്. 2016-ലെ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് തന്നെ പോലീസ് അറസ്റ്റ് ചെയ്ത വിവരം കമാൽ ഖാൻ അറിയിച്ചത്. താൻ കഴിഞ്ഞ ഒരുവർഷമായി മുംബൈയിലാണ് ജീവിക്കുന്നതെന്ന് അദ്ദേഹം എഴുതി. കേസുകളുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകുന്നതിൽ ഇതുവരെ വീഴ്ച വരുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഒരു പുതുവർഷാഘോഷത്തിൽ പങ്കെടുക്കാൻ ദുബായ്ക്ക് തിരിച്ചതായിരുന്നു ഞാൻ. പക്ഷേ മുംബൈ പോലീസ് എന്നെ വിമാനത്താവളത്തിൽവെച്ച് അറസ്റ്റ് ചെയ്തു. പോലീസ് പറഞ്ഞതനുസരിച്ച് 2016-ലെ കേസുമായി ബന്ധപ്പെട്ട് ഞാൻ അവരുടെ വാണ്ടഡ് ലിസ്റ്റിലുള്ളയാളാണ്. ടൈഗർ 3 എന്ന ചിത്രം പരാജയപ്പെടാൻ കാരണം ഞാനാണെന്നാണ് സൽമാൻ ഖാൻ പറയുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ പോലീസ് സ്റ്റേഷനിലോ ജയിലിലോ വെച്ച് ഞാൻ മരിക്കുകയാണെങ്കിൽ അതൊരു കൊലപാതകമായിരിക്കുമെന്ന് എല്ലാവരും അറിഞ്ഞിരിക്കണം. ഇതിനെല്ലാം ആരാണ് ഉത്തരവാദിയെന്ന് എല്ലാവർക്കുമറിയാം." കെ.ആർ.കെ പോസ്റ്റ് ചെയ്തു.
2022-ലാണ് കമാൽ ഖാൻ ഇതിനുമുമ്പ് അറസ്റ്റിലായത്. അതും രണ്ടുതവണ. അന്തരിച്ച നടന്മാരായ ഇർഫാൻ ഖാൻ, റിഷി കപൂർ എന്നിവരേക്കുറിച്ച് മോശമായ സോഷ്യൽ മീഡിയാ പോസ്റ്റുകൾ പങ്കുവെച്ചു എന്നതായിരുന്നു ഇതിലാദ്യത്തെ സംഭവം. രണ്ടാമത്തേതാകട്ടെ സ്വന്തം ഫിറ്റ്നസ് ട്രെയിനറായ യുവതിയെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചതിനും. 2019-ലാണ് ഈ കേസിനാസ്പദമായ സംഭവം നടന്നത്. 2021 ലാണ് യുവതി ഇയാൾക്കെതിരേ പരാതി നൽകുന്നതും കേസ് രജിസ്റ്റർ ചെയ്തതും.
Content Highlights: actor krk news, actor and filmmaker Kamaal R Khan has been arrested