അൻസിബയ്ക്ക് ‘അമ്മ’യുടെ കാരണം കാണിക്കൽ നോട്ടീസ്; 17-നകം വിശദീകരണം നൽകണം

#Movies Desk
അൻസിബ ഹസ്സൻ | ഫോട്ടോ: www.facebook.com/AnsibaOfficial
അൻസിബ ഹസ്സൻ | ഫോട്ടോ: www.facebook.com/AnsibaOfficial

കൊച്ചി: നടി അൻസിബ ഹസന് കാരണം കാണിക്കൽ നോട്ടീസ് അയച്ച് താരസംഘടനയായ 'അമ്മ'. പരസ്യപ്രതികരണങ്ങൾ സംഘടനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്ന് നോട്ടീസിൽ ആരോപിക്കുന്നു. പ്രതികരണങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്.

അൻസിബയുടെ ആരോപണങ്ങൾ സംഘടനയുടെ പ്രവർത്തനത്തെ ബാധിച്ചു. വിശദീകരണം സംഘടനയ്ക്ക് തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടിയുണ്ടാവുമെന്ന് നോട്ടീസിൽ പറയുന്നു. ജൂൺ 17-നുള്ളിൽ രേഖാമൂലം വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രശ്‌നങ്ങൾ സംഘടനയിൽ തീർക്കാമായിരുന്നു. അതിന് മുതിരാതെ വിവാദം പുറത്തേക്ക് വലിച്ചിഴച്ചു. സംഘടനയുടെ പ്രതിച്ഛായയെ ബാധിച്ചു. ബൈലോ പിന്തുടരാൻ ബാധ്യതപ്പെട്ട ഭാരവാഹി തന്നെ പുറത്ത് ആരോപണം ഉന്നയിച്ചു തുടങ്ങിയ ആരോപണം നോട്ടീസിലുണ്ട്.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് അൻസിബ രാജിവെച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ പുറത്തായത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിവെച്ചതെങ്കിലും പിന്നാലെ നടൻ ടിനി ടോമിനെതിരേ അൻസിബ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ടിനി ടോം തന്നെ ജിഹാദി എന്ന് വിളിച്ചെന്നും തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചുവെന്നും നടി ആരോപിച്ചു. 'അമ്മ' കുടുംബസംഗമത്തിന്റെ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ഭരണസമിതിയിലുണ്ടായ തർക്കങ്ങൾ പിന്നീട് പരസ്യമായി.