അഭിനയിക്കാൻ ഇപ്പോഴും പേടി, സംവിധാനമാണ് പണ്ടേ ലക്ഷ്യം -സലാം ബുഖാരി | INTERVIEW

സലാം ബുഖാരി, ഉടുമ്പൻചോല വിഷൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
സലാം ബുഖാരി, ഉടുമ്പൻചോല വിഷൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

സപ്തമശ്രീ തസ്കരയിലെ സർക്കസുകാരൻ ആയാണ് സലാം ബുഖാരിയെ ഏവർക്കും പരിചയം. ഛോട്ടാ മുംബൈ, ചാപ്പാ കുരിശ്, ബെസ്റ്റ് ആക്ടർ, ഇയ്യോബിന്റെ പുസ്തകം, ലോർഡ് ലിവിങ്സ്റ്റൺ ഏഴായിരം കണ്ടി, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള സലാം ബുഖാരി സ്വതന്ത്ര സംവിധായകനായി അരങ്ങേറിയ ചിത്രമാണ് ഉടുമ്പൻചോല വിഷൻ. അൻവർ റഷീദ്, അമൽ നീരദ്, മാർട്ടിൻ പ്രക്കാട്ട് എന്നിവർക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച പരിചയമാണ് സലാം ബുഖാരിയുടെ കൈമുതൽ. പണ്ടേ മോഹം സംവിധാനമാണെന്നും അഭിനയിക്കാൻ ഒരിക്കൽപ്പോലും ആഗ്രഹിച്ചിട്ടില്ലെന്നും പറയുകയാണ് അദ്ദേഹം.

സിനിമയിൽ വന്നത് സംവിധായകനാവാൻ വേണ്ടിയാണോ നടനാവാനാണോ?

സംവിധായകനാവാൻ വേണ്ടിയാണ് ഞാൻ സിനിമയിൽ വന്നത്. ചെറുപ്പംതൊട്ടേ സിനിമ മനസിലുണ്ട്. കുട്ടിക്കാലത്ത് സ്ഥിരമായി സിനിമ കാണുമായിരുന്നു. എന്റെ വീടിന്റെ അടുത്ത് തിയേറ്റർ ഉണ്ടായിരുന്നു. വീട്ടുകാരെല്ലാവരും സിനിമ കാണിക്കും. അങ്ങനെ ഉള്ളിൽപ്പതിഞ്ഞതാണ് സിനിമ. സിനിമയിൽ കയറാൻ കുറേ പരിശ്രമിച്ചിരുന്നു. ആ സമയത്ത് ബിസിനസ്സും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു. അതൊക്കെ പിന്നെ നിർത്തി. അങ്ങനെ വിനോദ് വിജയൻ എന്ന സംവിധായകനൊപ്പമാണ് ആദ്യമായി അസിസ്റ്റന്റ് ഡയറക്ടർ ആകുന്നത്. ക്വട്ടേഷൻ എന്ന ചിത്രമായിരുന്നു അത്. ആ സിനിമയുടെ ചീഫ് അസോസിയേറ്റ് ആയിരുന്നു അൻവർ റഷീദ്. അദ്ദേഹവുമായി അന്ന് തുടങ്ങിയ സൗഹൃദമാണ്. അദ്ദേഹം രാജമാണിക്യം എടുത്തപ്പോൾ എനിക്ക് വർക്ക് ചെയ്യാൻ പറ്റിയില്ല. പക്ഷേ ഛോട്ടാ മുംബൈ മുതൽ അദ്ദേഹത്തിനൊപ്പം സ്ഥിരമായി പ്രവർത്തിക്കാൻ തുടങ്ങി. എനിക്ക് സത്യം പറഞ്ഞാൽ അഭിനയിക്കാൻ ഇപ്പോഴും പേടിയാണ്. അതുകൊണ്ട് വളരെ വേണ്ടപ്പെട്ട സുഹൃത്തുക്കളുടെ പടങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. ഡയറക്ഷൻ തന്നെയായിരുന്നു എന്റെ പ്ലാൻ.

ഉടുമ്പൻചോല വിഷന്റെ പ്ലാനിങ് തുടങ്ങിയത് ഏകദേശം എപ്പോഴാണ്?

ഈ ചിത്രത്തിന്റെ പ്ലാൻ തുടങ്ങുന്നത് മൂന്ന് വർഷം മുമ്പാണ്. അത് അൻവർ റഷീദ് എന്റർടൈൻമെന്റിലേക്ക് വന്ന ഒരു സ്ക്രിപ്റ്റ് ആണ്. എന്നോടൊന്ന് ശ്രമിച്ചുനോക്കാൻ പറഞ്ഞു. അലൻ റോഡ്നിയാണ് തിരക്കഥ അയച്ചത്. ഞാനത് വായിച്ചു. പിന്നെ അലനും ഞാനും ഒരുമിച്ചിരുന്ന് കുറേ മാറ്റങ്ങളൊക്കെ വരുത്തി. അതിനുശേഷമാണ് മാത്യുവിനെ നായകനാക്കാൻ തീരുമാനിച്ചത്. മാത്യുവിന് സ്ക്രിപ്റ്റ് വർക്കായി. പിന്നെ അതുമായിട്ട് ഞങ്ങൾ ഒരു അഞ്ചാറ് മാസം വീണ്ടും ഇരുന്നു. ഏകദേശം ഒരു ഒരു വർഷത്തോളം അതിനുവേണ്ടി ചിലവഴിച്ചു. ഉടുമ്പൻചോല തികച്ചും ഗ്രാമീണ പ്രദേശമായതിനാൽ കട്ടപ്പനയിലാണ് സിനിമ ചിത്രീകരിച്ചത്. കട്ടപ്പനയിലെ ഒരു പ്രാദേശിക ചാനലാണ് പ്രചോദനം. അതിന്റെ റെഫറൻസ് എടുത്ത് നമ്മൾ കട്ടപ്പനയിൽതന്നെ ഒരു ഹോസ്പിറ്റലിൽ സെറ്റ് ഇട്ടിട്ടാണ് ഉടുമ്പൻചോല വിഷൻ എന്ന ചാനൽ സജ്ജീകരിച്ചത്.

നായകനായി മാത്യുവിനെ തിരഞ്ഞെടുക്കാനുള്ള കാരണം എന്താണ്?

നമ്മളിത് ചെറിയൊരു സിനിമയായിട്ടാണ് ആദ്യം ആലോചിച്ചത്. ഒരുപാട് സ്വപ്നങ്ങളുള്ള ഒരു ചെറുപ്പക്കാരന്റെ വളർച്ചയാണ് ഉദ്ദേശിച്ചത്. മാത്യു ഇതുവരെ ചെയ്തതെല്ലാം ഒരു ടീനേജ് പരിപാടികളൊക്കെ ആണല്ലോ. അതിൽനിന്നൊരു മാറ്റംകൂടിയാണ് ഉദ്ദേശിച്ചത്. ഒരേ പാറ്റേൺ പിടിക്കാതെയുള്ള ഒരു ശ്രമമാണത്. ഒരു പരീക്ഷണംകൂടിയാണ്. സിനിമ തുടങ്ങുമ്പോൾ ചെറിയ പയ്യനായാണ് മാത്യുവിനെ അവതരിപ്പിച്ചിരിക്കുന്നത്. ശരീരമൊക്കെ ഫിറ്റാക്കി, താടിയുള്ള ലുക്കിലാണ് മാത്യുവിനെ പിന്നീട് കാണുക.

താരങ്ങൾ എല്ലാവരും ഫ്രണ്ട് സർക്കിളിലുള്ള ആളുകള് തന്നെയാണോ?

അതെ. കാസ്റ്റിങ്ങെല്ലാം എളുപ്പമായിരുന്നു. സുദേവ് നായരെ ഞാൻ ആദ്യമായിട്ടാണ് പരിചയപ്പെടുന്നതെങ്കിലും ബാക്കി ഭൂരിഭാഗംപേരെയും എനിക്ക് അൻവർ റഷീദിനൊപ്പം ഛോട്ടാമുംബൈ ചെയ്യുന്ന കാലം മുതൽ പരിചയമുള്ളവരാണ്. ആ സമയത്തൊക്കെ ഞാൻ ഇവരെല്ലാവരുടെയും നല്ല ബന്ധമായിരുന്നു. അതുകൊണ്ട് എല്ലാവരും നമ്മളോട് സഹകരിച്ചു. ആദ്യം തന്നെ ഞാൻ ഇവരോടെല്ലാം പോയി കഥയെല്ലാം പറഞ്ഞു. കേട്ടുകഴിഞ്ഞപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ടു. അവരവരുടേതായ രീതിയിലുള്ള ഡേറ്റുകളൊക്കെ തരികയും നല്ല രീതിയിൽ സഹകരിക്കുകയുംചെയ്തു.

സിനിമയിലെ റഷ്യൻ ഭാഷ എങ്ങനെയാണ് കൈകാര്യം ചെയ്തത്?

ഈ സിനിമയുടെ നിർമാതാക്കളിലൊരാളും ക്രിയേറ്റീവ് ഡയറക്ടറായ അഷറിനോടാണ് അതിന് ഏറ്റവുംകൂടുതൽ നന്ദി പറയേണ്ടത്. ചിത്രത്തിന്റെ വിഎഫ്എക്സ് മൊത്തം ഡീൽ ചെയ്തതും റഷ്യൻ ഭാഷയിലെ സംഭാഷണങ്ങൾക്കുപിന്നിലും അദ്ദേഹമാണ്. കൂടാതെ ആ രംഗത്ത് വേഷമിട്ടിരിക്കുന്നയാളും റഷ്യനാണ്. ഇവരുടെയൊക്കെ സഹായം നമുക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ നമുക്ക് അതിലൊരു അബദ്ധം പറ്റിയത്, ചിത്രത്തിന്റെ അപ്‌ലോഡിങ് സമയത്ത് ആ സംഭാഷണങ്ങൾക്കൊപ്പം മലയാള പരിഭാഷ ചേർക്കാൻ പറ്റിയില്ല എന്നതാണ്. ചെറിയൊരു സാങ്കേതികപ്രശ്നമായിരുന്നു കാരണം. അത് നമുക്കൊരു പ്രയാസമായി. പക്ഷേ കഴിഞ്ഞദിവസം മുതൽ ആ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ഭാഷയുടെ കാര്യത്തിൽ മാത്രമല്ല, നമ്മളിങ്ങനെ എല്ലാവരോടും പല രീതിയിലും സാങ്കേതിക സഹായം ചോദിച്ചിട്ടുണ്ട്. കട്ടപ്പനയിൽ പ്രാദേശിക ചാനലിൽ ജോലി ചെയ്യുന്ന രാഹുൽ എന്ന സുഹൃത്ത് ഒരുപാട് സഹായിച്ചിട്ടുണ്ട്. പാട്ട് ചോദിച്ച് ചാനലിലേക്ക് വിളിക്കുന്ന രംഗമൊക്കെ അങ്ങനെ കിട്ടിയതാണ്. പണ്ട് സിറ്റി കേബിളിലെ ജൂക്ക് ബോക്സിലേക്ക് ഞാനൊക്കെ വിളിച്ചിട്ടുണ്ട്.

ശ്രീനാഥ് ഭാസിയുടെ കഥാപാത്രമായി വേറെ ആരെങ്കിലും ആലോചിച്ചിട്ടുണ്ടായിരുന്നോ?

ഇല്ല. ശ്രീനാഥ് ഭാസിയുടെ സക്കറിയ എന്ന കഥാപാത്രം ഡെവലപ്പ് ആവുന്നതിന് മുമ്പ് തന്നെ ഞാൻ ശ്രീനാഥ് ഭാസിയെ കണ്ടിട്ട് ഈ സിനിമയുടെ കാര്യം പറഞ്ഞിട്ടുണ്ട്. പറഞ്ഞാൽ മതി ഡേറ്റ്സ് ഓക്കേ ആയിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. അലന്റെ മനസിലും ആ കഥാപാത്രമായി ശ്രീനാഥ് ഭാസി തന്നെയായിരുന്നു. സെറ്റിൽ വന്നിട്ടാണ് ശ്രീനാഥ് ഭാസിക്ക് കഥയെല്ലാം പറഞ്ഞു കൊടുക്കുന്നത്. പുള്ളിക്ക് ഡയലോഗുകളൊക്കെ നന്നായി ഇഷ്ടപ്പെട്ടു. പുള്ളി ഹാപ്പി ആയിട്ട് തന്നെ വന്നു ചെയ്തു. സ്വന്തം സീനിന്റെ ഷൂട്ടില്ലെങ്കിലും അദ്ദേഹം സെറ്റിൽ വെറുതേ വന്ന് എനിക്കൊപ്പം ഇരിക്കും. ഭയങ്കര ഹാപ്പി ആയിരുന്നു. എന്താവശ്യം പറഞ്ഞാലും ഓടിയെത്തുന്നയാളാണ് ശ്രീനാഥ് ഭാസി.

സപ്തമശ്രീ തസ്കരയിലെ സർക്കസുകാരന്റെ വേഷം ചെയ്യാൻ ശാസ്ത്രീയമായി എന്തെങ്കിലും അഭ്യസിച്ചിരുന്നോ?

ഒന്നുമില്ല. എന്റെ പിതാവ് അഭ്യാസമുറകളൊക്കെ ചെയ്യുന്നത് ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്. അല്ലാതെ ഒരു ഫിറ്റ്നെസ് സെന്ററിൽപ്പോലും ഞാൻ പോയിട്ടില്ല. എല്ലാ മാസവും വിചാരിക്കും പോകണമെന്ന്, ഇതുവരെ നടന്നിട്ടില്ല. ഇങ്ങനെ ഒരു കഥാപാത്രം ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ ചെയ്തത് ശരിയാവുമോ എന്ന് തോന്നിയിരുന്നു. ഇക്കാര്യം സംവിധായകൻ അനിൽ രാധാകൃഷ്ണമേനോനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തൊട്ടുമുൻപിറങ്ങിയ നോർത്ത് 24 കാതം എന്ന ചിത്രത്തിൽ ഞാനഭിനയിച്ചിരുന്നു. ഫഹദിന്റെ കൂടെ ഓഫീസിലുള്ള രംഗം. അതിലെ അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഉൾപ്പെടെ നമ്മുടെ സുഹൃത്തുക്കളായതുകൊണ്ട് വലിയ കുഴപ്പം തോന്നിയില്ല. സപ്തമശ്രീ തസ്കരയിലേതാണ് കുറച്ചുകൂടി വലിയവേഷം. അതിനാവശ്യമായ, ശാരീരികമായ രീതിയിലല്ലാത്ത തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. പൃഥ്വിരാജ്, ആസിഫ് അലി അങ്ങനെ എല്ലാവരും നന്നായി സഹായിച്ചു.

ആ ചിത്രത്തിൽ ഹിന്ദിയാണല്ലോ സംസാരിക്കുന്നത്...

ഹിന്ദി ഡയലോഗൊക്കെ കാണാതെ പഠിക്കുകയായിരുന്നു. സ്കൂൾ ടൈമിൽ പോലും അതേപോലെ പഠിച്ചിട്ടില്ല. പക്ഷേ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞാനത് ആസ്വദിക്കാൻ തുടങ്ങി. സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ സുഹൃത്താണ്. ഒരു കഥാപാത്രം നമ്മളെ വിശ്വസിച്ച് ഏല്പിക്കുമ്പോൾ അത്രയും ആത്മാർത്ഥമായി അതിന്റെ ഫലം നമുക്ക് തിരിച്ചുകൊടുക്കണമല്ലോ. പിന്നെ നെടുമുടി വേണുച്ചേട്ടനും നന്നായി സഹായിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോഴും എനിക്ക് അഭിനയം നല്ല പേടിയാണ്.

സംവിധായകൻ ആകണമെന്ന് തോന്നിപ്പിച്ച ഏതെങ്കിലും സിനിമയോ സംഭവമോ ജിവിതത്തിലുണ്ടോ?

എന്റെ വീട് എറണാകുളം നെട്ടൂരാണ്. വീടിന്റെ തൊട്ടടുത്ത് ധന്യ എന്നൊരു തിയേറ്റർ ഉണ്ടായിരുന്നു. പിതാവിന്റെ സുഹൃത്തുക്കളൊക്കെതന്നെയായിരുന്നു അവിടത്തെ ആളുകൾ. അതുകൊണ്ട് ഫ്രീ ആയിട്ടൊക്കെ സിനിമ കണ്ടിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചയും വീട്ടിൽനിന്ന് സെക്കൻഡ് ഷോ കാണിക്കാൻ കൊണ്ടുപോകും. വീട്ടിലിരുന്നാൽ തിയേറ്ററിൽനിന്നുള്ള ശബ്ദം കേൾക്കാം. ഒരു ദിവസം തിയേറ്ററിൽ ഷോ നടന്നില്ലെങ്കിൽ നമുക്കൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അന്ന് ഈ ടിവി ഒന്നുമില്ലല്ലോ. അന്ന് മുതൽ എനിക്ക് സിനിമ ഭയങ്കര ഇഷ്ടമാണ്. സിനിമ ഇഷ്ടപ്പെട്ട് പിന്നെ എപ്പോഴോ സംവിധാനം മനസിൽ കയറി. എവിടെയെങ്കിലും ഷൂട്ടിങ് നടക്കുമ്പോൾ ഞാൻ ആർട്ടിസ്റ്റിനെ കാണാനല്ല പോകുന്നത്. പകരം സംവിധായകന്റെ അടുത്തേക്കാണ് പോകാറ്. ഷോട്ട് ഡിവിഷനൊന്നും അറിയില്ലെങ്കിലും ഞാനിങ്ങനെ അത് നോക്കി നിൽക്കും. എനിക്ക് ആരാധന മൊത്തം ഡയറക്ടറോടായിരുന്നു.

അഭിനയിക്കണമെന്ന് ഒരിക്കൽപ്പോലും ആഗ്രഹിച്ചിട്ടില്ലേ?

അഭിനയിക്കണമെന്ന് ഒരിക്കൽപ്പോലും ആഗ്രഹിച്ചിട്ടില്ല. ഛോട്ടാ മുംബൈയിൽ അൻവർ റഷീദിന്റെ അസോസിയേറ്റ് ആയി പ്രവർത്തിക്കുമ്പോൾ ആ സിനിമയിൽ ഒരു സീനിൽ ഞാൻ അഭിനയിക്കുന്നുണ്ട്. അതേ രംഗത്തിന്റെ അടുത്ത ആംഗിൾ ഷോട്ടിന്റെ സമയത്ത് ഞാൻ മുങ്ങി, പേടിയായിരുന്നു. പൃഥ്വിരാജിന്റെ ബ്രോ ഡാഡിയിലേക്ക് വിളിച്ചപ്പോൾ ഞാൻ ഇല്ല എന്ന് പറഞ്ഞു. പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കലാണ് വിളിച്ചത്. പക്ഷേ പൃഥ്വിരാജ് പറഞ്ഞിട്ടാണെന്ന് പറഞ്ഞപ്പോൾ ഞാൻ ഹൈദരാബാദിൽ ഓടിപ്പോയി അഭിനയിച്ചു. അതും സിമ്പിളായ രംഗങ്ങളായിരുന്നു. അത് എത്രത്തോളം നന്നായെന്ന് അറിയില്ല. പക്ഷേ നന്നായെന്നാണ് എല്ലാവരും പറഞ്ഞിട്ടുള്ളത്. അതൊക്കെ കേൾക്കുമ്പോൾ കുറച്ചുകൂടി നന്നായി ചെയ്യണമെന്നൊക്കെ തോന്നാറുണ്ട്. അഭിനയം ഞാൻ അത്ര സീരിയസ് ആയിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല.

പരീക്ഷണാത്മക സിനിമകൾ തന്നെയാണോ താല്പര്യം?

കൊമേഴ്സ്യൽ എന്റർടെയിൻമെന്റ് പടങ്ങൾ ചെയ്യാനാണ് താത്പര്യം. പക്ഷേ ലൈറ്റർ പടങ്ങളും ഇഷ്ടമാണ്. ലൈറ്റായ ഒരു പടം ചെയ്യാനായിരുന്നു ആദ്യം പ്ലാൻ. പക്ഷേ ഉടുമ്പൻചോലയുടെ തിരക്കഥ കിട്ടിയപ്പോൾ അതുമായി മുന്നോട്ടുപോവുകയായിരുന്നു. ആക്ഷേപഹാസ്യ സിനിമകളൊക്കെ വലിയ ഇഷ്ടമാണ്. അതേസമയം ഭയങ്കര സെൻ്റിമെൻ്റൽ ഫാമിലി ഓറിയന്റഡ് പരിപാടികളൊന്നും എനിക്ക് ഇഷ്ടമല്ല. കാരണം അതൊന്നും കണ്ടാൽ എനിക്ക് സഹിക്കില്ല. ഹൊറർ പടങ്ങളൊക്കെ കാണുന്നത് വലിയ ടെൻഷനാണ്. വീട്ടിലെ അംഗങ്ങൾ പലരും ഹൊറർ സിനിമകൾ ഇരുന്ന് കാണാറുണ്ട്. ഞാൻ ആ ഭാഗത്തേക്കേ പോകാറില്ല.

ഭൂതകാലം എന്ന ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനറായിരുന്നില്ലേ?

എനിക്ക് ആ ചിത്രത്തിൽ പ്രൊജക്റ്റ് ഡിസൈനർ എന്നുപേരിട്ടത് അൻവർ റഷീദാണ്. കൊവിഡ് സമയത്താണ് ഷെയ്ൻ നിഗം ഒരു കഥയുമായി വന്നത്. അദ്ദേഹംതന്നെയായിരുന്നു നിർമാതാവും. അൻവർ റഷീദ് നിർമിക്കുന്ന ചിത്രങ്ങളിലെല്ലാം പ്രൊഡക്ഷന്റെ ഭാഗമായി ഞാൻ സഹായിക്കാറുണ്ട്. അൻവർ റഷീദ് എന്ത് സിനിമാ ജോലി ഏല്പിച്ചാലും ഞാൻ ചെയ്തുകൊടുക്കാറുണ്ട്. എനിക്ക് പ്രൊഡക്ഷന്റെ കാര്യങ്ങൾ ചെയ്യുന്നതും ഭയങ്കര ഇഷ്ടമാണ്. ഏത് പടം ചെയ്താലും ഞാൻ ചീഫ് അസോസിയറ്റ് ആണെങ്കിലും അത്യാവശ്യം പ്രൊഡക്ഷൻ സൈഡ് ഒക്കെ നോക്കും. ആ സിനിമ ഞാനാണ് കോർഡിനേറ്റ് ചെയ്തത്. ആർട്ടിസ്റ്റിന്റെ ഡേറ്റ്സ്, പേയ്മെന്റ്സ്, കാര്യങ്ങൾ, ലൊക്കേഷൻസ്, അതിന്റെ റെന്റ് അങ്ങനെ പരിപാടികൾ മൊത്തം ഞാൻ തന്നെയാണ് അത് നോക്കിയത്. സിനിമയുടെ ക്രെഡിറ്റ്സ് വെക്കുന്ന സമയത്ത് അൻവർ റഷീദാണ് പ്രൊജക്റ്റ് ഡിസൈൻ എന്ന ടൈറ്റിലിൽ എന്റെ പേരുവെയ്ക്കാൻ നിർദേശിച്ചത്. അതേപോലെ അമൽ നീരദ് പടം ചെയ്യുമ്പോഴും ഞാൻ സഹായിക്കാറുണ്ട്. ഇത്തരം സഹായങ്ങളൊന്നും സ്ക്രീനിൽ പേര് വരാൻ വേണ്ടിയല്ല.

സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉടനുണ്ടോ?

ഒരു സിനിമയുടെ പണിപ്പുരയിലാണ്. ഒരു സുഹൃത്തിന്റേതാണ് തിരക്കഥ. എഴുത്ത് നടന്നുവരികയാണ്. ആറുമാസമായി അതിന്റെ ജോലികളിലാണ്. നേരത്തേ പറഞ്ഞതുപോലെ വളരെ ലൈറ്റായ ഒരു ചിത്രമാണ്. കൂടാതെ ഉടുമ്പൻചോല വിഷന്റെ നിർമാതാക്കളായ അഷർ അമീറും റിയാസ് കെ മുഹമ്മദുമായി വീണ്ടും ഒരുമിക്കുന്ന ചിത്രവും ഭാവിയിൽ ഉണ്ടാകും.

Content Highlights: Salam Bukhari, known for his role as a circus performer in "Sapthamashree Thaskaraha," has appeared in various films like "Chotta Mumbai," "Iyobinte Pusthakam," and "Bro Daddy." He recently debuted as an independent director with "Udumbanchola Vision." With experience as an associate director alongside Anwar Rasheed, Amal Neerad, and Martin Prakkat, Salam always aspired to direct rather than act.