‘ഇത്ര പ്രായമൊക്കെ ആയില്ലേ, ഇനിയെന്തിനാ ഞാൻ വൈറലാകുന്നത്, പറയാനാണെങ്കിൽ ഒരുപാടുണ്ട്’

#ജനാര്‍ദനന്‍/ പി. പ്രജിത്ത്‌
ഫോട്ടോ: സിദ്ദിക്കുൽ അക്‌ബർ/ മാതൃഭൂമി
ഫോട്ടോ: സിദ്ദിക്കുൽ അക്‌ബർ/ മാതൃഭൂമി

‘അടിച്ചൊടിക്കടാ അവന്റെ ആ കാല്...’ എന്ന ഡയലോഗ് സിനിമാപ്രേമികൾക്ക് ഇന്നും ഹരമാണ്. കാലിൽ പ്ലാസ്റ്ററിട്ടുപോകുന്ന ആളെക്കാണുമ്പോൾ തല്ലിയൊടിക്കപ്പെട്ട കാലുമായി നീങ്ങുന്ന ആശാന്റെ ചിത്രം മനസ്സിലേക്കെത്തും. മാന്നാർ മത്തായി സ്പീക്കിങ്ങിലെ ഗർവാസീസ് ആശാനും അദ്ദേഹത്തിന്റെ നടത്തവും സംഭാഷണരീതിയും സിനിമകണ്ടവരുടെ മനസ്സിൽനിന്ന് മായുന്നില്ല. വില്ലൻവേഷത്തിൽനിന്ന് ചിരിവഴിയിലേക്ക് ചേക്കേറിയ ജനാർദനൻ ആടിത്തകർത്ത ചിത്രമായിരുന്നു അത്. വൈക്കത്ത് ഉല്ലലയിൽ പറവൂർ കെ. ഗോപാലപിള്ളയുടെയും ഗൗരിയമ്മയുടെയും ഇളയമകനായി ജനിച്ച ജനനാർദനന് മേയ് അഞ്ചിന് എൺപത് വയസ്സ്. ‘‘വരുന്ന ചൊവ്വാഴ്ചയാണ് ബർത്ത് ഡേ. വലിയതോതിലുള്ള ആഘോഷമൊന്നുമില്ല, അടുത്തസുഹൃത്തുക്കളും ചില പരിചയക്കാരുമെല്ലാമായി കുടുംബത്തിലുള്ളവരുമായി ചേർന്നിരിക്കും, ഇഷ്ടമുള്ള ഭക്ഷണമെല്ലാം കഴിക്കും. മലയാളമാസം നോക്കുമ്പോൾ മേടത്തിലെ തിരുവാതിരയാണ് പിറന്നാൾ. അന്നേ ദിവസം അമ്പലത്തിൽ ചില വഴിപാടുകളെല്ലാം നടത്തുന്ന പതിവുണ്ട്, വെജിറ്റേറിയനായിരിക്കും. അതെല്ലാം കുട്ടിക്കാലം മുതൽക്കേയുള്ള ചില ശീലങ്ങളാണ്’’ -പിറന്നാൾ സന്തോഷം ജനാർദനൻ മാതൃഭൂമിയുമായി പങ്കുവെച്ചു.

അടൂർ ഗോപാലാകൃഷ്ണന്റെ പ്രതിസന്ധി എന്ന കുടുംബാസൂത്രണ ഡോക്യുമെന്ററിക്കുവേണ്ടിയാണ് ജനാർദനൻ ആദ്യമായി ക്യാമറയ്ക്കുമുന്നിൽ നിൽക്കുന്നത്. മെരിലാൻഡിന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയെങ്കിലും ധിക്കാരിയെന്ന് ചാപ്പകുത്തി പുറംതള്ളപ്പെട്ടു. അഭിനയിക്കാനുള്ള ആഗ്രഹവുമായി മദിരാശിയിലേക്ക് വണ്ടികയറിയ ജനാർദനന്റെ ശബ്ദം മോശമാണെന്ന് തുടക്കത്തിൽ ചില കമന്റുകളുയർന്നു. പ്രതികൂലസാഹചര്യങ്ങളെ വകഞ്ഞുമാറ്റി അദ്ദേഹം മുന്നോട്ടുപോയി. സിനിമ ജനാർദനനെ സ്വീകരിച്ചു.

പി. കേശവദേവിന്റെ ആദ്യത്തെ കഥയിലൂടെ അദ്ദേഹം ബിഗ്‌ സ്‌ക്രീനിലേക്കെത്തി. ചെറുവേഷങ്ങളിലൂടെ സിനിമയിൽ അഭിനയിച്ചുതുടങ്ങിയ ജനാർദനൻ എൺപതുകളിലെ കനമുള്ള വില്ലനായി. കെ.പി. ഉമ്മറും ഗോവിന്ദൻകുട്ടിയും ജോസ്‌ പ്രകാശുമെല്ലാം സ്വഭാവനടന്മാരായപ്പോൾ അവർക്കുപകരം മലയാളസിനിമ കണ്ടെത്തിയ പ്രതിനായകനായി അദ്ദേഹം. ചീനവലയിലെ റൗഡി പാച്ചനും എല്ലാം നിനക്കുവേണ്ടി’യിലെ സോമരാജനും കാതോടു കാതോരത്തിലെ ലാസറും തിയേറ്ററുകളിൽ ഇടിമുഴക്കം തീർത്തു. വില്ലൻവേഷങ്ങളുടെ സ്ഥിരം ചട്ടക്കൂടുകൾ പൊളിക്കുന്നതായിരുന്നു ഒരു സിബിഐ ഡയറിക്കുറിപ്പിലെ ഔസേപ്പച്ചൻ.

രാജസേനൻ സിനിമകളിലൂടെ ജനാർദനൻ കളം മാറിച്ചവിട്ടി. ഫ്രണ്ട്‌സ്, പഞ്ചാബി ഹൗസ്, മാന്നാർ മത്തായി സ്പീക്കിങ്ങ്... ചിരിവേഷങ്ങൾ ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരുന്നു... എൺപതാം വയസ്സിലെത്തുമ്പോഴും ജനാർദനൻ സിനിമയ്ക്കുവേണ്ടി മുഖത്ത്‌ ചായമിടുന്നു. ഹൃദയപൂർവവും സർവ്വം മായയുമെല്ലാമാണ് തിയേറ്ററിലെത്തിയ അദ്ദേഹത്തിന്റെ പുതിയചിത്രങ്ങൾ.

എയർഫോഴ്‌സിൽ ചേരുക എന്ന ലക്ഷ്യത്തോടെ ബെംഗളൂരു ധാർവാഡിലേക്കു വണ്ടികയറിയ പതിനെട്ടുകാരൻ സിനിമയിലേക്കെത്തിയത് യാദൃച്ഛികമായാണ്. എൺപത് വയസ്സ് പിന്നിടുമ്പോൾ ജീവിതം സമ്മാനിച്ച അദ്‌ഭുതങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്...

സിനിമയിൽ ഇത്രയുംകാലം ജീവിക്കാൻ കഴിഞ്ഞു എന്നതുതന്നെയാണ് ഏറ്റവുംവലിയ സന്തോഷവും അദ്‌ഭുതവും. എൺപത് വയസ്സിലും ക്യാമറയ്ക്കു മുന്നിൽനിൽക്കാൻ കഴിയുന്നു എന്നത് ചെറിയകാര്യമല്ല. ജീവിതം നൽകുന്ന ബോണസ്സായാണ് ഇതിനെയെല്ലാം കാണുന്നത്. മുൻഷിസാറിന്റെ മകനെന്ന ഖ്യാതിയോടെ പിന്നിട്ട കുട്ടിക്കാലവും സ്‌കൂൾക്കാലത്ത് ചാർത്തിക്കിട്ടിയ ‘സായിപ്പ്’ എന്ന ഇരട്ടപ്പേരിനെച്ചൊല്ലിയുള്ള പുകിലുകളും കോളേജ് ദിനങ്ങളിലെ ബഹളങ്ങളും അന്നത്തെ യാത്രകളുമെല്ലാം ഇന്നും മനസ്സിലുണ്ട്. അതെല്ലാം ചേർന്നതാണ് ഇന്നത്തെ ഈ ഞാൻ.

പ്രായം തീർക്കുന്ന വെല്ലുവിളികളെ അതിജീവിച്ച് ഇപ്പോഴും ക്യാമറയ്ക്കുമുന്നിൽ തുടരുകയാണ്, പുതിയ സിനിമാവിശേഷങ്ങൾ

പണ്ടെത്തെപ്പോലെ ഓടിച്ചാടിനടന്ന് അഭിനയിക്കുന്നൊന്നുമില്ല, പറ്റുന്ന വേഷങ്ങൾ കിട്ടിയാൽ വിട്ടുകളയാറില്ലെന്നുമാത്രം. അനുവദിച്ച സമയം തീരുന്നതുവരെ സിനിമയുമായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം. വലിയ അധ്വാനമോ പ്രയാസമോ കൂടാതെ ചെയ്തുവരാവുന്ന വേഷങ്ങളുമായി സഹകരിക്കുന്നതാണ് രീതി. ചിത്രീകരണം വളരെ ദൂരത്തായതിനാൽ അടുത്തിടെ നാലഞ്ചുവേഷങ്ങൾ വേണ്ടെന്നുവെച്ചു.

പരിചയമുള്ള പഴയസംവിധായകർ വിളിക്കുമ്പോൾ അവരോട് ഇല്ലെന്നു പറയാൻപറ്റില്ല. അടുപ്പമുള്ളവരുടെ സെറ്റിലേക്ക് അഭിനയിക്കാനായി ചെല്ലുന്നത് വലിയ സന്തോഷമാണ്. അവർക്കൊപ്പം പ്രവർത്തിക്കുമ്പോൾ അഭിനയമൊരു ജോലിയായി അനുഭവപ്പെടില്ല.

ഹൃദയപൂർവ്വത്തിലേക്ക് സത്യൻ അന്തിക്കാടാണ് വിളിച്ചത്, മോഹൻലാലിനൊപ്പമുള്ള വേഷം. സത്യന്റെ മകൻ അഖിൽ സംവിധാനംചെയ്ത സർവ്വം മായയാണ് അടുത്തിടെ അഭിനയിച്ച മറ്റൊരു ചിത്രം. രണ്ടിലും ആസ്വദിച്ച് അഭിനയിക്കുകയായിരുന്നു. അടൂരിന്റെ മമ്മൂട്ടിച്ചിത്രം പദയാത്രയാണ് പ്രദർശനത്തിനൊരുങ്ങുന്ന മറ്റൊരു സിനിമ. ഈ പ്രായത്തിൽ എന്നെക്കൊണ്ട് എന്തെല്ലാം ചെയ്യാൻപറ്റുമെന്ന് അഭിനയിക്കാൻ വിളിക്കുന്നവർക്കുമൊരു ധാരണയുണ്ട്.

കൊടും വില്ലനിൽനിന്ന് ചിരിയുടെ തട്ടകത്തിലേക്കൊരു ചുവടുമാറ്റം, അത്തരമൊരു നീക്കം എങ്ങനെയായിരുന്നു...

സിനിമ എന്റെ തൊഴിൽമേഖലയാണ്, ഡിഗ്രി കഴിഞ്ഞശേഷം സ്വന്തമായി അധ്വാനിച്ച പണംകൊണ്ടാണ് ജീവിച്ചത്. അതുകൊണ്ടുതന്നെ വേഷങ്ങളുടെ തിരഞ്ഞെടുപ്പൊന്നും ഒരിക്കലും സാധ്യമായിരുന്നില്ല, വിളിക്കുന്ന സിനിമകളിലേക്കെല്ലാം ചെന്നു. ഗോവിന്ദൻകുട്ടിച്ചേട്ടനും ജോസ്‌ പ്രകാശുമെല്ലാം വില്ലന്മാരായി നിറഞ്ഞുനിന്ന കാലത്താണ് എന്റെ അരങ്ങേറ്റം. അവരുടെ തുടർച്ചയിലേക്ക് വൈകാതെ ഞാനും കണ്ണിചേർക്കപ്പെട്ടു. ഒരു ദിവസംതന്നെ ആറ് ബലാത്സംഗരംഗങ്ങളിൽവരെ അഭിനയിച്ചിട്ടുണ്ട്. അന്നൊക്കെ സ്ത്രീകൾക്ക് എന്നെ കാണുന്നതുതന്നെ ഭയമായിരുന്നു.

തമാശകഥാപാത്രങ്ങൾ എനിക്കുവഴങ്ങുമെന്ന് കണ്ടെത്തിയതും സംവിധായകരാണ്. രാജസേനനും സിദ്ദിഖ്-ലാലുമെല്ലാം ചിരിയുടെ വഴിയിലൂടെ എന്നെ നടത്തിച്ചു. മേലേപ്പറമ്പിൽ ആൺവീട് സിനിമയിലെ അമ്മാവൻ വേഷം സംവിധായകൻ എന്നെ ധൈര്യപൂർവം ഏൽപ്പിക്കുകയായിരുന്നു. മാന്നാർ മത്തായിയിലെ ഗർവാസീസ് ആശാൻ ഒരു ചവിട്ടുനാടകക്കാരനാണെന്നാണ് സിദ്ദിഖ്-ലാൽ പറഞ്ഞത്. എന്റെ കഥാപാത്രത്തിന്റെ ഡയലോഗുകൾ അവർ എന്റെ ശബ്ദത്തിൽ സംസാരിച്ചുനോക്കിയാണ് എഴുതിയതെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു.

ഫ്രണ്ട്‌സ് സിനിമയിലെ എന്റെ കഥാപാത്രം സ്വയം ചിരിച്ചുകൊണ്ട് മറ്റുള്ളവരെ ചിരിപ്പിക്കുകയായിരുന്നു. കോമഡി കഥാപാത്രങ്ങൾ പ്രേക്ഷകർ സ്വീകരിച്ചതോടെ അത്തരം വേഷങ്ങളുമായി കൂടുതൽ സിനിമകൾ വന്നു. ചിരിപടർത്തുന്ന വേഷങ്ങളിൽ കൈയടിനേടിനിൽക്കുമ്പോഴും, തേടിവന്ന വില്ലൻവേഷങ്ങളും വിട്ടുകളഞ്ഞില്ല. ക്രൈം ഫയൽ അത്തരത്തിൽ അഭിനയിച്ചൊരു സിനിമയായിരുന്നു. കഥാപാത്രത്തെക്കുറിച്ച് ആരോടും പറയരുതെന്ന് സംവിധായകൻ കെ. മധു കഥപറയാൻ എത്തിയപ്പോൾത്തന്നെ പറഞ്ഞിരുന്നു. കാളിയാർ പത്രോസ് എന്ന കഥാപാത്രത്തിന്റെ യഥാർഥ മുഖം സിനിമയുടെ ക്ലൈമാക്‌സിലാണ് പ്രേക്ഷകർ തിരിച്ചറിഞ്ഞത്.

ആദ്യമായി ക്യാമറയ്ക്കുമുന്നിൽ നിന്നതിന്റെ ഓർമ്മകൾ ഇന്നും മനസ്സിലുണ്ടോ, സിനിമ സമ്മാനിച്ച സൗഹൃദങ്ങൾ, സന്തോഷങ്ങൾ...

അടൂർ ഗോപാലകൃഷ്ണൻ ഒരുക്കിയ കുടുംബാസൂത്രണ ഡോക്യുമെന്ററിയിലെ വേഷം ഇപ്പോഴും ഓർമ്മയിലുണ്ട്. നാഷണൽ സാംപിൾ സർവേയിലെ ഒരുദ്യോഗസ്ഥന്റെ വേഷമായിരുന്നു എനിക്ക് ‘ഇവിടെ ആരുമില്ലേ...’ എന്നതായിരുന്നു ആദ്യ ഡയലോഗ്

മെരിലാന്റ് സുബ്രഹ്‌മണ്യം പുതുമുഖങ്ങളെവെച്ച് സിനിമയെടുക്കുമ്പോൾ സ്‌ക്രീൻ ടെസ്റ്റിന് അവസരം കിട്ടി. തിരുവനന്തപുരത്തെത്തി ഊഴം കാത്തിരുന്ന്, ബോറടിച്ചപ്പോൾ ഞാനവിടെനിന്ന് മാറി ഒരു സിഗരറ്റ് കത്തിച്ചു. തലേൽക്കെട്ടുമായി ആ സമയം ആവഴിക്കൊരാൾ വന്നു. അയാളെന്നെ രൂക്ഷമായി നോക്കി. മേക്കപ്പ് ഇട്ട് ക്യാമറയ്ക്കുമുന്നിൽ എത്തിയപ്പോഴാണ് ക്യാമറയ്ക്കടുത്ത് നിൽക്കുന്ന ആളെ ശ്രദ്ധിച്ചത്. മെരിലാന്റ് സുബ്രഹ്മണ്യം, നേരത്തേക്കണ്ട തലേൽക്കെട്ടുകാരൻ. അദ്ദേഹം എന്നോട് സംസാരിച്ചില്ല. എന്റെ പേര് വിളിച്ചപ്പോൾ ഞാൻ ക്യാമറതൊഴുത് കയറി. ടെസ്റ്റിൽ പങ്കെടുത്ത മറ്റുരണ്ടുപേർ അദ്ദേഹത്തെ സാഷ്ടാംഗം നമസ്‌കരിച്ചുകൊണ്ടാണ് ക്യാമറയ്ക്കുമുന്നിലേക്ക് കയറിയത്. അഹങ്കാരിയെന്ന പട്ടം ചാർത്തി എന്നെ പുറത്താക്കി. അവരിരുവരും തിരഞ്ഞെടുക്കപ്പെട്ടു.

കെ.എസ്. സേതുമാധവന്റെ ‘ആദ്യത്തെ കഥ’യിലാണ് ആദ്യമായി അഭിനയിച്ചത്. അരുണാചലം സ്റ്റുഡിയോയിൽ എത്തിയ എന്നെ സ്വീകരിച്ചത് പ്രേംനസീർസാറായിരുന്നു. അദ്ദേഹത്തെപ്പോലെ അദ്ദേഹം മാത്രമേ ഉണ്ടാകൂ എന്ന് തോന്നിയിട്ടുണ്ട്. സ്റ്റുഡിയോയിൽ വട്ടമിട്ടിരുന്ന് സംസാരിക്കുകയായിരുന്നു നസീർസാറും സംഘവും. അടൂർഭാസി, ബഹദൂർ, ഗോവിന്ദൻകുട്ടി എന്നിവരെല്ലാം ഒപ്പമുണ്ടായിരുന്നു. അവരിരിക്കുന്ന ഭാഗത്തേക്കുനോക്കാതെ ധൃതിയിൽ മുന്നോട്ടു നടന്നുനീങ്ങിയ എന്നെ കൂട്ടത്തിലിലൊരാൾ ശബ്ദമുയർത്തി വിളിച്ചു: ‘‘ഹലോ... ഇവിടെ വരണം.., ഇവിടെയിരിക്കൂ അസ്സേ...’’ എന്തുചെയ്യണമെന്നറിയാതെ ഞാനൊന്ന് പരുങ്ങിയപ്പോൾ ‘‘ഇരിക്കടോ...’’ എന്ന് പൊട്ടിച്ചിരിയോടെ മറ്റൊരാൾ. ആദ്യം വിളിച്ചത് പ്രേംനസീർസാറും, പിന്നീട് ചിരികലർത്തി പറഞ്ഞത് അടൂർഭാസിയുമായിരുന്നു.

അഭിമുഖങ്ങൾക്കായി സമീപിക്കുമ്പോൾ ഒഴിഞ്ഞുമാറുന്നത് സ്ഥിരംശീലമാണ്, ഒരുപാട് ജീവിതാനുഭവങ്ങൾ പറയാനുണ്ടായിട്ടും എന്തുകൊണ്ടാണ് മാധ്യമങ്ങളിൽനിന്ന് അകലം പാലിക്കുന്നത്...

യുറ്റ്യൂബ് ചാനലുകാരുടെ ബഹളമാണ് ഇന്ന്, അഭിമുഖത്തിനായി ഇടയ്ക്കിടെ പലരും വിളിക്കും. എന്താണ് ഇത്രയധികം പറയാനുണ്ടാകുക, പലരും ചോദിച്ചതുതന്നെ ചോദിച്ചുകൊണ്ടിരിക്കും. അവർക്ക് ബോറടിക്കുന്നില്ലെങ്കിലും പറയുന്ന നമ്മൾക്കും കേൾക്കുന്ന പ്രേക്ഷകർക്കും മടുക്കില്ലേ. കുത്തിപ്പൊക്കൽ ഇപ്പോഴത്തെ ട്രെന്റാണ്, എന്തെങ്കിലും പറഞ്ഞുപോയാൽത്തന്നെ അതിൽ ഒരുഭാഗം മാത്രമെടുത്ത് ഉയർത്തിക്കാട്ടും. വൈറലാക്കാനായി ചെയ്തു എന്നാണ് പറയുന്നത്. ഇത്ര പ്രായമൊക്കെ ആയില്ലേ, ഇനിയെന്തിനാ ഞാൻ വൈറലാകുന്നത്. പറയാനാണെങ്കിൽ ഒരുപാടുണ്ട്, പറഞ്ഞാൽ പലതും കുഴപ്പമാകും. അതുകൊണ്ട് തത്‌കാലം മിണ്ടാതിരിക്കാം.

‘പൊന്നപ്പനല്ലടാ തങ്കപ്പൻ’

‘‘എന്താ പേര്?’’

‘‘പൊന്നപ്പൻ’’

‘‘ഇതിനിടയ്ക്ക് അങ്ങനേം ഒരു സാധനം ഇറങ്ങിയോ?’’

‘‘പൊന്നപ്പൻ എന്ന് പറഞ്ഞത് എന്റെ പേരാണ്, ഇതിന്റെ പേരല്ല’’

‘‘നീ പൊന്നപ്പനല്ലടാ തങ്കപ്പൻ..., തങ്കപ്പൻ’’

‘‘തങ്കപ്പനല്ല, പൊന്നപ്പനാണ് ഞാൻ, ഡ്രൈവർ പൊന്നപ്പൻ’’

w

മാന്നാർ മത്തായി സ്പീക്കിങ്ങിലെ ഒരു രംഗം

തിയേറ്ററിൽ ചിരിയുടെ ഭൂകമ്പംതീർത്ത സംഭാഷണത്തിന് തുടക്കമായത് ചിത്രീകരണസമയത്ത് ക്യാമറയ്ക്കുമുൻപിൽ ജനാർദനന് സംഭവിച്ച ചെറിയൊരു പിശകാണ്. മാന്നാർ മത്തായി സ്പീക്കിങ്ങിൽ ജനാർദനൻ അവതരിപ്പിച്ച ഗർവാസീസ് ആശാൻ ഡയലോഗ് പറയുന്നതിനിടെ ഇന്ദ്രൻസിന്റെ പൊന്നപ്പൻ എന്ന കഥാപാത്രത്തെ പേരുതെറ്റി തങ്കപ്പനെന്ന് വിളിച്ചു. അപ്പോൾത്തന്നെ തങ്കപ്പനല്ല പൊന്നപ്പൻ എന്ന് ഇന്ദ്രൻസ് സൂചിപ്പിക്കുകയും ചെയ്തു. രംഗം ചിത്രീകരിച്ചുകൊണ്ടിരുന്ന സംവിധായകരിൽ ഒരാളായ സിദ്ദിഖ് ഉടനെ ഓടിയെത്തി ഇതിൽ നമുക്കൊരു കളികളിക്കാമെന്നു പറഞ്ഞ് അവിടെവെച്ചുതന്നെ പേരുമാറിയ സംഭവത്തെ കഥാപാത്രങ്ങളുടെ സംഭാഷണത്തിലേക്ക് കൊണ്ടുവരുകയായിരുന്നു. നീ പൊന്നപ്പനല്ലടാ..., തങ്കപ്പൻ എന്ന ഡയലോഗ് ഹിറ്റായി. ജനാർദനന്റെ ശബ്ദം അനുകരിച്ച്‌ മിമിക്രിക്കാരെല്ലാം പിന്നീട് പൊന്നപ്പനെയും തങ്കപ്പനെയും ആഘോഷിച്ചു.

Content Highlights: Janardhanan celebrates his 80th birthday. Reflects on his transition from a terrifying villain to a beloved comedy actor. Shares the origin story of the iconic 'Garvasis Asan' character in Mannar Mathai Speaking. Discusses his humble beginnings and early struggles in the film industry. Continues to work in cinema at 80, prioritizing roles that bring him joy