നാടോടിക്കഥയുടെ ദൃശ്യചാരുത.. തേന്മാവിന്‍ കൊമ്പത്തിന്റെ 30 വര്‍ഷങ്ങള്‍ | ഷോ റീല്‍

മാണിക്യന്‍, കാര്‍ത്തുമ്പി, ശ്രീകൃഷ്ണന്‍, അപ്പക്കാള, യശോദാമ്മ, ഗിഞ്ചിമൂട് ഗാന്ധാരി.. ഒരു സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പേരുകള്‍ ഇങ്ങനെ. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത പേരുകളായിരുന്നു ഇവയെല്ലാം. ഉപകഥാപാത്രങ്ങളുടെ പേരും വ്യത്യസ്തമല്ലായിരുന്നു. കുയിലി, കണ്ണയ്യന്‍, ചിന്നു, കാര്‍ത്തു, ചാക്കുട്ടി, തിമ്മയ്യന്‍, മല്ലിക്കെട്ട്.. അങ്ങനെ പോകുന്നു അത്. കേള്‍ക്കുന്നവര്‍ക്ക് ഒരു മുത്തശ്ശിക്കഥയിലെയോ സാരോപദേശ കഥയിലെയോ കഥാപാത്രങ്ങളുടെ പേരുകള്‍ പോലെ തോന്നിച്ചു ഇവയെല്ലാം. ഈ പേരുകള്‍ പോലെ കൗതുകമുണര്‍ത്തുന്നതായിരുന്നു കഥയുടെ ആഖ്യാനവും അതിന് ഉപയോഗപ്പെടുത്തിയ ഭൂമികയും. നമ്മള്‍ മാണിക്യന്റെയും കാര്‍ത്തുമ്പിയുടെയും കഥ കേട്ടുതുടങ്ങിയിട്ട് മുപ്പതാണ്ടു കഴിഞ്ഞിരിക്കുന്നു. എങ്കിലും അതിന്റെ പുതുമ തെല്ലും ചോര്‍ന്നിട്ടില്ല. അതിനിപ്പോഴുമാ മുത്തശ്ശിക്കഥയുടെയും നാടോടിക്കഥയുടെയും കൗതുകമുണ്ട്. 'തേന്മാവിന്‍ കൊമ്പത്ത്'. പേരുപോലെ മധുരിക്കുന്ന മലയാളിയുടെ പ്രിയസിനിമ മൂന്നു പതിറ്റാണ്ടിലെത്തിയിരിക്കുന്നു.
ഇപ്പോഴും കണ്ണിമ വെട്ടാതെ കണ്ടിരിക്കാന്‍ തോന്നുന്നത്രയും പുതുമയുണ്ട് തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയ്ക്ക്. പറയുന്നതെന്ത് എന്നതിനേക്കാള്‍ എങ്ങനെ പറഞ്ഞിരിക്കുന്നു എന്ന പ്രമാണത്തിലെ മേന്മ വിലയിരുത്തുകയാണെങ്കില്‍ തേന്മാവിന്‍ കൊമ്പത്തിന് മുഴുവന്‍ മാര്‍ക്കാണ്. ത്രികോണ പ്രണയകഥയും അവിഹിത ഗര്‍ഭവും എല്ലാവരാലും തെറ്റുകാരനാക്കപ്പെട്ട് നിസ്സഹായനാകുന്ന നായകനും ഒടുവില്‍ മറ്റുള്ളവര്‍ക്ക് തെറ്റ് ബോധ്യപ്പെട്ട് നായകന്റെ നന്മ തിരിച്ചറിയുന്നതും എല്ലാവരുടെയും സ്‌നേഹവും സഹതാപവും അയാള്‍ക്ക് ലഭിക്കുന്നതുമായ കഥ തന്നെയായിരുന്നു തേന്മാവിന്‍ കൊമ്പത്തിന്റേതും. എന്നാല്‍ കഥപറച്ചില്‍ രീതിയും അതിനായി തിരഞ്ഞെടുത്ത ഭൂമികയും തൊട്ട് സകലതിലും പുതുമ കൊണ്ടുവരാന്‍ ഈ സിനിമയ്ക്കായി.
Content Highlights: malayalam movie, thenmavin kombath, priyadarshan, mohanlal,shobana