'ആ വിറയാർന്ന വിരലുകൾ തൊട്ട്, ഉമ്മയ്ക്ക് പകരമായി വന്ന അമ്മയ്ക്ക് എന്നാണ് റസൂൽ പൂക്കുട്ടി പറഞ്ഞത്'

മറുപുറം
#ജസീന റഹിം
റസൂൽ പൂക്കുട്ടിയും ശാന്തകുമാരി അമ്മയും | ഫോട്ടോ: അറേഞ്ച്ഡ്
റസൂൽ പൂക്കുട്ടിയും ശാന്തകുമാരി അമ്മയും | ഫോട്ടോ: അറേഞ്ച്ഡ്

"ഞാൻ പണ്ട് റിപ്പീറ്റഡായിട്ടു കണ്ടുകൊണ്ടിരിക്കുന്ന കുറേ സ്വപ്നങ്ങളുണ്ട്. ഭയങ്കര വിഷ്വൽ ! പലപ്പോഴും സിനിമയിൽ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിട്ടുള്ള വിഷ്വലാണ് ! അതിലൊന്ന് ചെമ്മൺ നിറഞ്ഞ പാത. അവിടൊരു കുന്ന്. കുന്നിന്റെ മുകളിലൊരു വലിയ മരം. അവിടേക്ക് നടന്നു പോകുന്ന ഒരാൾ. ആരോ ഒരാൾ കുന്നിന് പിന്നിൽ പുറം ചരിഞ്ഞ് നിൽക്കുന്നു, ആളിനെ കാണാൻ കഴിയുന്നില്ല. ഞാൻ അതിൽ ബാപ്പയുടെ രൂപം കണ്ടിട്ടുണ്ട്". -റസൂൽ പൂക്കുട്ടി (ശബ്ദതാരാപഥം)

ഒരു വർഷത്തിന് മുൻപ് കോവിഡ് എന്റെ ഗന്ധർവ്വൻ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിന് വേണ്ടി  റസൂൽ പൂക്കുട്ടിയെ സമീപിക്കുമ്പോൾ ഒരു ചെറിയ പുസ്തകത്തിന് വേണ്ടി ഓസ്‌കർ അവാർഡ് ജേതാവിന്റെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നത് ഔചിത്യബോധത്തിനുമപ്പുറമാണോ എന്ന തോന്നലുണ്ടായിരുന്നു. ഒറ്റ സിനിമയുടെ വർക്കുകളുമായി ബന്ധപ്പെട്ട് നിൽക്കുന്ന സമയത്താണ് ഒരു ചെറിയ പുസ്തകത്തിന് വലിയ സാന്നിദ്ധ്യമായി റസൂൽ പൂക്കുട്ടി എന്ന അതുല്യപ്രതിഭ എത്തിച്ചേർന്നത്. പുസ്തക പ്രകാശനത്തിന് എത്താം എന്ന റസൂലിന്റെ അറിയിപ്പ് കിട്ടി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം വാട്‌സാപ്പിലേക്ക് ഒരു മഞ്ഞ കാർഡിന്റെ ചിത്രം അയച്ചു.

ഒരു അമ്മ ഹൃദയത്തിന്റെ തുടിപ്പുകളാൽ അക്ഷരങ്ങൾ അരുമയോടെന്ന പോലെ തിളങ്ങിനിന്നൊരു കാർഡ്. ഏതാനും വരികളും അഡ്രസ്സും ഫോൺ നമ്പരും അടങ്ങിയ കാർഡിലെ ശാന്തകുമാരി അമ്മയെ കണ്ടെത്തി പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിക്കണമെന്നായിരുന്നു റസൂലിന്റെ ആവശ്യം. അതനുസരിച്ച്  ശാന്തകുമാരി അമ്മ അയച്ച കാർഡിലെ രണ്ട് നമ്പരുകളിലും പല പ്രാവശ്യം വിളിച്ചെങ്കിലും ഈ നമ്പർ ഇപ്പോൾ ലഭ്യമല്ല എന്ന അറിയിപ്പാണ് കിട്ടിയത്. പക്ഷേ ഏറെ പരിചിതമായ കൈതവന തറയിൽ  എന്ന അഡ്രസ്സ് കണ്ടെത്താൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഒടുവിൽ മകന്റെ സംരക്ഷണയിൽ നിലമ്പൂരിൽ താമസിക്കുന്ന അമ്മയുടെ മകനുമായി സംസാരിക്കുകയും റസൂൽജി മെസ്സേജ് അയച്ചത് അറിയിക്കുകയും ചെയ്തപ്പോൾ വളരെ സന്തോഷത്തോടെ മകൻ അമ്മയെയും കൂട്ടി പ്രോഗ്രാമിന് എത്താമെന്ന് സമ്മതിക്കുകയും ഒരു കുട്ടിയുടെ നിഷ്‌കാപട്യത്തോടെ അമ്മ ഓണപ്പാട്ട് പാടുന്ന ഒരു വീഡിയോ അയച്ച് നൽകുകയും ചെയ്തു. ആ വീഡിയോ റസൂൽജിക്ക്  അയച്ച് നൽകിയപ്പോൾ സന്തോഷവും ആശ്വാസവും നിറഞ്ഞ മറുപടിയിൽ. അമ്മയെ കാണാനുള്ള വെമ്പൽ ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു.

പുസ്തകപ്രകാശന സമയത്തിന് തൊട്ടുമുൻപ് അമ്മയേയും കൂട്ടി എത്തിയിട്ടുണ്ടെന്ന മകന്റെ വിളിയെത്തി. ദീപ്തമായ മുഖത്തോടെയും ആർദ്രതയോടെയും മുന്നിലൊരമ്മ, റസൂൽജി പുസ്തക പ്രകാശനത്തിന് എത്താൻ മനസ്സ് കാട്ടിയത് തന്നെ അമ്മയുടെ പ്രാർഥനയുടെ ഫലം കൊണ്ടാണന്ന് പോലും എനിക്ക് തോന്നി. പതിമൂന്നാണ്ട് മുൻപ് ഇങ്ങനെയൊരു നിമിഷത്തിന് വേണ്ടി കാലം കരുതിവെച്ച ആ നിമിഷങ്ങളെ തൊട്ട് വിനീതമായി അമ്മയെ കൈപിടിച്ച് വേദിയുടെ മുന്നിൽ കൊണ്ടിരുത്തിയപ്പോൾ അമ്മയുടെ കണ്ണുകളിൽ നക്ഷത്രത്തിളക്കം.

 

പുസ്തക പ്രകാശന ചടങ്ങിന് ശേഷം വളരെ വികാരഭരിതനായാണ് റസൂൽ സംസാരിച്ച് തുടങ്ങിയത് അമ്മയുടെ അതിവൈകാരികമായ കത്തിലൂടെയാണ്, 'പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് ഓസ്‌കാർ ലഭിച്ച അവസരത്തിൽ എനിക്ക് ധാരാളം കത്തുകൾ ലഭിക്കുകയുണ്ടായി. എന്നാൽ ഇങ്ങനെയൊരു കത്ത് എന്റെ കൺമുന്നിൽപ്പെടാൻ നീണ്ട പതിമൂന്ന് വർഷങ്ങളെടുത്തു, സ്റ്റുഡിയോ ഒരുക്കുന്നതിനിടയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഈ കത്ത് ഞാൻ കാണുന്നത്, അതിന് അമ്മയോട് ക്ഷമാപണം ചോദിക്കുന്നു. ഒരു പക്ഷേ ആ കത്തായിരിക്കാം എന്നെ ഇവിടെ എത്തിച്ചത് ജസീനയുടെ പുസ്തകം അതിനൊരു നിമിത്തമായെന്ന് മാത്രം, ആ കത്ത് ഞാനിവിടെ വായിക്കാം' ...

എല്ലാവർക്കും പ്രിയപ്പെട്ട പൂക്കുട്ടിക്ക് ,

ഞാൻ ഒരു റിട്ടയേർഡ് LP സ്‌കൂൾ ടീച്ചറാണ്. ലോക പ്രശസ്തനായ അങ്ങേക്ക് ഇങ്ങനെ ഒരു കത്തയക്കുന്ന ഔചിത്യത്തെപ്പറ്റി നിശ്ചയമില്ല. തെറ്റുണ്ടങ്കിൽ സദയം ക്ഷമിക്കണം. TV യിൽ കാണുന്ന പൂക്കുട്ടി എല്ലാവരോടും ആദരവും സ്‌നേഹവും കാട്ടുന്ന ആളാണന്ന് തോന്നി ആ ധൈര്യത്തിൽ എഴുതുന്നതാണ്, ഒരമ്മയുടെ സ്‌നേഹവും വാത്സല്യവും നിറഞ്ഞ അനുമോദനമായിട്ട് ഇത് കരുതണം. ഒരുപാട് ആശംസകളും ദീർഘായുസ്സും നേരുന്നു, നേട്ടങ്ങൾ വീണ്ടും കൊയ്‌തെടുക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു...

ഇതോടൊപ്പം ജീവിതത്തിൽ ആദ്യമായ് ആവേശം കൊണ്ടെഴുതിപ്പോയ ഒരു കൊച്ചു കവിത ( അങ്ങനെ പറയാമോ എന്നറിഞ്ഞു കൂടാ) അയക്കുന്നു, സദയം സ്വീകരിക്കണം. ഒരത്യാഗ്രഹം കൂടി പറയട്ടെ മോൻ പങ്കെടുക്കുന്ന ഒരു വേദിയിൽ എനിക്കിത് വായിക്കണമെന്നുണ്ട് കൊല്ലത്ത് കരുനാഗപ്പള്ളി ഇവിടെ എവിടെയെങ്കിലും വന്നാൽ അറിയിക്കാൻ ദയവുണ്ടാകണം. നല്ല വാക്കുകളും പുരസ്‌കാരങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടക്ക് ഇതിന് പ്രസക്തിയുണ്ടോ എന്നറിഞ്ഞ് കൂടാ. ഒരു അത്യാഗ്രഹം പറഞ്ഞു എന്ന് മാത്രം. ഈ കത്തും കവിതയും കിട്ടിയാൽ എന്നെ വിളിക്കാൻ ഒന്ന് ദയവുണ്ടാകുമോ, അതിനായി ഈ അമ്മ പ്രാർത്ഥിക്കട്ടെ ...

സ്‌നേഹത്തോടെ അതിലേറെ വാത്സല്യത്തോടെ പൂക്കുട്ടിക്കൊരു വീട്ടമ്മ, ശാന്തകുമാരി അമ്മ 

 ഒരു പതിറ്റാണ്ടോളം കാലം നിശ്ശബ്ദതയിൽ  ഒളിപ്പിച്ച് വെച്ചിരുന്ന കത്ത് വായിച്ചപ്പോൾ അമ്മയുടെ കണ്ണുകളിൽ നക്ഷത്രങ്ങൾ നിറയുന്നത് കണ്ടു. ' മോനേ അന്നെഴുതിയ കവിത ഞാനൊന്ന് വായിച്ചോട്ടെ' അമ്മയെ കരവലയത്തിലൊതുക്കി  മൈക്ക് അമ്മക്ക് കൈമാറുമ്പോൾ റസൂൽജിയുടേയും കണ്ണുകൾ നിറഞ്ഞിരുന്നു .

നിദ്രാവിഹീനനായ് നീ പ്രയത്നിച്ചു  
നേട്ടത്തിൻ നെറുകയിൽ നീ ചുംബിച്ചു
രാജ്യാന്തരവാർഡാം ബാഫ്കയും കാസും
വാങ്ങി വന്നപ്പോഴും ഞങ്ങളറിഞ്ഞില്ല
വിശ്വ ചലച്ചിത്രം കോരിത്തരിച്ചു ..
കേരള മക്കൾ പുളകിത ഗാത്രരായ്
നേരുന്നീയമ്മ അനുഗ്രഹാശിസുകൾ
ഉയരങ്ങളിലുയരാൻ പ്രാർത്ഥനയോടെ
സ്‌നേഹവാത്സല്യങ്ങളോടെ പൂക്കുട്ടിക്കൊരു
വീട്ടമ്മ ...

ഈ വരികളോടെ അവസാനിക്കുന്ന അമ്മ കവിത ചൊല്ലി കഴിഞ്ഞപ്പോൾ സദസ്സിൽ നീണ്ട കയ്യടി. വേദിയിലിരുത്തി ചേർത്ത് പിടിച്ച് ചുംബിക്കുമ്പോൾ സന്തോഷകണ്ണുനീരിനിടയിലൂടെ അമ്മ പറഞ്ഞ വാക്കുകൾ, മിനിറ്റുകൾക്ക്  മുൻപ് പ്രകാശിതമായ എന്റെ പുസ്തകത്തിലെ ഏതൊരു വാക്കിനേക്കാളും സുപ്രധാനമായ ആ നിമിഷങ്ങളേക്കാളും എനിക്കേറ്റവും പ്രിയപ്പെട്ട വാക്കായി ഹ്യദയത്തിൽ ഞാൻ ഇന്നും സൂക്ഷിച്ച് വെച്ചിരിക്കുന്നു അത് ഇങ്ങനെയാണ് 'മോളേ സന്തോഷം കൊണ്ട് അമ്മക്ക് കണ്ണ് കാണാൻ കഴിയുന്നില്ല '. അമ്മമാരെ സന്തോഷം അനുഭവിപ്പിക്കാൻ കഴിയുന്ന മക്കളാണ് ഒരേ അർത്ഥത്തിൽ എന്നും ഉയരത്തിലാകുന്നവർ, അങ്ങനെയൊരു കൂടിക്കാഴ്ചയുടെ നിമിത്തമായത് കൊണ്ട് മാത്രം ഞാനും ഒരു നിമിഷം കൊണ്ട് വളരെ ഉയരത്തിലായത് പോലെ. വേദിയിൽ എന്നോട് ചേർന്നിരിക്കുന്നതിനിടയിൽ വൃത്തത്തിൽ വെട്ടിയെടുത്ത് കയ്യിൽ സൂക്ഷിച്ചിരുന്ന ഒരു പേപ്പർ തുണ്ട് റസൂൽജിക്ക് നേരെ നീട്ടികൊണ്ട് അമ്മ മറ്റൊരു ആഗ്രഹം പ്രകടിപ്പിച്ചു ' മോനേ എനിക്ക് മോന്റെയൊരു കുറിപ്പ് വേണം ഫ്രെയിം ചെയ്ത് വെക്കാനാ'. അമ്മയുടെ വിറയാർന്ന വിരലുകൾ തൊട്ട് 'ഉമ്മയ്ക്ക് പകരമായി വന്ന അമ്മയ്ക്ക് 'എന്നാണ് റസൂൽ പൂക്കുട്ടി കുറിച്ചത്.

റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ഒറ്റ തീയേറ്ററുകളിലെത്തുമ്പോൾ റസൂലും ആ അമ്മയും വീണ്ടും മനസിൽ തെളിഞ്ഞു. ചിത്രത്തിന്റെ നിർമാതാവ് എസ്.ഹരിഹരന്റെ യഥാർത്ഥ ജീവിതത്തിൽ നിന്നെടുത്ത ഓർമ്മകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. രണ്ട് യുവാക്കളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളെ കോർത്തിണക്കി വെള്ളിത്തിരയിലെത്തുന്ന ഒറ്റയിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. 'ആരും ഇല്ലാതാകുമ്പോഴല്ല, ആരോ ഇല്ലാതാകുമ്പോഴാണ് ശരിക്കും ഒറ്റപ്പെടുന്നത് ' ഫ്രിഡ കാലോയുടെ വാക്കുകൾ കൂടി കടമെടുത്താൽ 'പലപ്പോഴും ഒറ്റയ്ക്കാണ് എന്നതുകൊണ്ടും ഏറ്റവും നന്നായിട്ട് എനിക്കറിയാവുന്ന വിഷയം ഞാൻ തന്നെയാണ് എന്നതുകൊണ്ടും ഞാൻ വരച്ചു കൊണ്ടിരിക്കുന്നത് സെൽഫ് പോർട്രെയ്റ്റുകളാണ് '. മലയാളത്തിൽ ഓസ്‌ക്കാറിന്റെ 'ഒറ്റത്തിളക്കമായ റസൂൽജിയെ കണക്റ്റ് ചെയ്യാൻ 'ഒറ്റ തന്നെയാണ് ഏറ്റവും ഉചിതമായ വാക്ക് ..

രണ്ട് വർഷം വേണ്ടി വന്നു അദ്ദേഹത്തിന് ഒറ്റ പൂർത്തിയാക്കാൻ. പെർഫക്ഷന് വേണ്ടി യാതൊരു വീട്ടുവീഴ്ച്ചക്കും തയ്യാറാകാതിരുന്നതാണ് സിനിമ നീണ്ടുപോകാനുള്ള കാരണങ്ങളിലൊന്ന്. ഒരോ ആഘോഷ കാലങ്ങളിലും വ്യത്യസ്തത നിറഞ്ഞ ആശംസകളുമായി പ്രത്യക്ഷപ്പെട്ട ഒറ്റയുടെ ഭാഗമാകാൻ കഴിഞ്ഞത് കൊണ്ട്  റസൂൽജി വർക്കുകളോട് കാണിക്കുന്ന ആത്മാർത്ഥത ഒരു വാക്കിനേ പോലും തിരിച്ചും മറിച്ചും പരിശോധിച്ച് വരുത്തുന്ന പൂർണ്ണത അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.  അത് കൊണ്ടാവാം പിന്നീട് കേട്ട വാർത്തകളിൽ ഒറ്റയുടെ ഷൂട്ടിങ്ങിനിടയിൽ ഒരു രം​ഗത്തിനായി ഇരുപത് ടേക്കുകൾ വരെ എടുത്തതായി വാർത്തകൾ കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നാതിരുന്നതും. പെർഫക്ഷന് അത്രത്തോളം പ്രാധാന്യം കൽപ്പിക്കുന്ന വ്യക്തിയാണ് അദ്ദേഹം. സിനിമയുടെ പ്രവർത്തനം നടക്കുന്ന കാലം മുതൽ റസൂൽജി വ്യക്തിപരമായും സംഘാംഗങ്ങൾ കൂട്ടായും എടുത്ത ശ്രമകരമായ ദൗത്യങ്ങളും വെല്ലുവിളികളും കുറച്ചൊക്കെ അറിയാൻ കഴിഞ്ഞിരുന്നു. അന്നേ തുടങ്ങിയതാണ് ആകാംക്ഷ. 

കണ്ട ദൃശ്യങ്ങൾ ജനിപ്പിക്കുന്ന ജിജ്ഞാസയും അതിൽ ഉള്ളടങ്ങിയ പൂർണതയും റസൂൽജിയിൽ നിന്നും ക്രൂവിൽ നിന്നും നേരത്തെ പ്രതീക്ഷിച്ചിരുന്നതാണങ്കിലും ടീസറിലൂടെ കണ്ട ദൃശ്യപരമായ സാങ്കേതികത്തികവ് ആദ്യമായി സംവിധായകനായ ഒരാളിൽ നിന്ന് പ്രതീക്ഷിക്കുന്നതിനും എത്രയോ അപ്പുറമാണ്. സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഡെങ്കി പ്പനി ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളിൽ നിന്ന് രണ്ടാം ജൻമത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഒറ്റ. 

Content Highlights: resul pookutty and santhakumari amma meeting, otta movie