എന്റെ കഥ, ഒരു ദേശത്തിന്റെയും

ഇലഞ്ഞിപ്പൊയില്‍. 'ഒരു ദേശത്തിന്റെ കഥ'യിലെ ശ്രീധരന് ജനിച്ച വീട്ടിലാണ് ഞാന്‍ പിറന്നത്. അച്ഛന്റെ പെങ്ങളുടെ മകനാണ് എസ്.കെ.പൊറ്റെക്കാട്. ചെലവൂരിലുള്ള ഞങ്ങളുടെ തറവാട്ടിലായിരുന്നു പൊറ്റെക്കാടും ജനിച്ചത്. വീടിന്റെ മുന്നില്‍ വലിയൊരു ഇലഞ്ഞിമരമുണ്ട്. തൊട്ടുമുന്നിലെ വീടിന്റെ പേരാണ് പൊയിലില്‍. രണ്ടും ചേര്‍ത്ത് എസ്.കെ. ദേശത്തിന്റെ കഥയിലെ നായകന് ശ്രീധരന്റെ തറവാട്ടിനു പേരിട്ടു- അതാണ് ഇലഞ്ഞിപ്പൊയില്‍.
ചെലവൂരിലെ തറവാട്ടുവീട്ടില്‍ നിന്ന് കോഴിക്കോട് നഗരത്തിലേക്ക് സ്ഥിരമായി വന്നത് സ്കൂള്‍ പഠനകാലത്തായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥിവിഭാഗം പ്രവര്‍ത്തകനായിരുന്നു ഞാന്‍. പാര്‍ട്ടി നേതാക്കളെ കാണാനാണ് കോഴിക്കോട്ടേക്ക് വരാറ്. രാഷ്ട്രീയപ്രവര്‍ത്തനം, സ്റ്റുഡന്റ്സ് ഫെഡേറഷന്, യുവജന ഫെഡറേഷന്, പാര്‍ട്ടിയിലെ പിളര്‍പ്പ്....ഇതിലെല്ലാം പെട്ട് പഠനം ഉഴപ്പി. രാഷ്ട്രീയക്കാരനെന്ന നിലയിലോ സാംസ്കാരിക പ്രവര്‍ത്തകനെന്ന നിലയിലോ ഒരു സംഭാവനയും നഗരത്തിന് നല്കാന് കഴിഞ്ഞിട്ടില്ല. ഈയൊരു കുറ്റസമ്മതത്തോടെയാണ് എന്റെ നഗരത്തെക്കുറിച്ച് ഓര്‍ക്കുന്നത്. എല്ലാറ്റിനും സാക്ഷിയായി ഈ നഗരത്തില്‍ അലഞ്ഞുനടന്നൊരാളുടെ ഓര്‍മ്മക്കുറിപ്പാണിത്.
ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ ചന്ദ്രിക ആഴ്ചപതിപ്പില്‍ സിനിമാനിരൂപണം എഴുതാറുണ്ടായിരുന്നു. പി.എ. മുഹമ്മദ്കോയയായിരുന്നു ചന്ദ്രിക വാരികയുടെ ചുമതലക്കാരന്. ചന്ദ്രിക ആഴ്ചപതിപ്പിലെ എഴുത്തിലൂടെയാണ് ഞാന്‍ ചെലവൂര്‍ വേണു എന്നറിയപ്പെട്ടുതുടങ്ങിയത്. സ്കൂള്‍ പഠനം കഴിഞ്ഞയുടന്‍ 'യുവഭാന' എന്നപേരില്‍ ഒരു വാരിക തുടങ്ങി. അതിനിടയില്‍ സിനിമാഭ്രമം തലയ്ക്ക് പിടിച്ച് മദ്രാസിലേക്ക് വണ്ടികയറി. 1966ലായിരുന്നു അത്. രാമുകാര്യാട്ട് 'എന്റെ ഉപ്പാപ്പയ്ക്കൊരാേനണ്ടാര്ന്നു' എന്ന ബഷീറിന്റെ നോവല്‍ സിനിമയാക്കുന്നതിന്റെ പരിപാടികളിലായിരുന്നു. കാര്യാട്ടിന്റെ ഓഫീസില്‍ സ്ക്രിപ്റ്റ് പകര്‍ത്തിയെഴുതിയും മറ്റും ഒരു വര്‍ഷം മദ്രാസില്‍ കഴിഞ്ഞു. പക്ഷെ ആ സിനിമ നടന്നില്ല. പിന്നെ നാട്ടിലേക്ക് മടങ്ങി.
കോഴിക്കോട്ട് തിരിച്ചെത്തി മലയാളത്തിലെ ആദ്യ സ്പോര്‍ട്സ് പ്രസിദ്ധീകരണമായ 'സ്റ്റഡിയം' ആരംഭിച്ചു. തുടര്‍ന്ന് ആദ്യ മന:ശാസ്ത്രമാസിക 'സൈക്കോ', നഗരവിശേഷങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് 'സിറ്റി മാഗസിന്', വനിതാപ്രസിദ്ധീകരണം 'രൂപകല', രാഷ്ട്രീയവാരികയായ 'സെര്‍ച്ച് ലൈറ്റ്', സായാഹ്നദിനപത്രം 'വര്‍ത്തമാനം' ഇങ്ങനെ നിരവധി പ്രസിദ്ധീകരണങ്ങള്‍. ഇതില്‍ 'സൈക്കോ' മാത്രമാണ് വിജയമായത്. പ്രതീക്ഷിച്ചതിലുമേറെ സ്വീകാര്യത അതിനുലഭിച്ചു. മാതൃഭൂമി വാരികയ്ക്ക് ഇരുപതു പൈസയുള്ളപ്പോള്‍ 'സൈക്കോ'യ്ക്ക് അമ്പതുപൈസയായിരുന്നു വില. എന്നിട്ടും ആളുകളത് വാങ്ങി. ഇടയ്ക്ക് ചില സിനിമാത്തിരക്കുകളില്‍ പെടുമ്പോള്‍ മാസികയുടെ പ്രസിദ്ധീകരണം മുടങ്ങും. തിരക്കൊഴിയുമ്പോള്‍ വീണ്ടുമിറക്കും. അതുകൊണ്ട് സര്‍ക്കുലേഷന്‍ നിലനിര്‍ത്താനായില്ല. ഇപ്പോഴും 'സൈക്കോ' ഇറങ്ങുന്നുണ്ട്. സുഹൃത്തുക്കളായ സംവിധായകര്‍ കോഴിക്കോട്ട് ഷൂട്ടിങിനായി വരുന്ന ദിവസം തൊട്ട് സൈക്കോയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. പിന്നെ മുഴുവന്‍ സമയവും അവരുടെ കൂടെയാണ്. ലൊക്കേഷന്‍ കണ്ടെത്തുന്നതുമുതല്‍ റിലീസിങ്ങിന് തിയേറ്റര്‍ ഏര്‍പ്പാടാക്കുന്നതുവരെയുള്ള ചുമതല. സിനിമക്കാരുടെ താമസവും എന്റെ ഓഫീസില്‍ തന്നെ. മിക്കവരും സമാന്തരസിനിമക്കാരായതിനാല് കാര്യമായ സാമ്പത്തിക ചുറ്റുപാടുകളൊന്നുമുണ്ടാകില്ല. പി.എ. ബക്കറിന്റെ ചുവന്ന വിത്തുകള്‍, സംഘഗാനം, പവിത്രന്റെ യാരോ ഒരാള്‍, രവീന്ദ്രന്റെ ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള് എന്നിവയൊക്കെ കോഴിക്കോട്ട് വെച്ചെടുത്തവയാണ്. ഇതില്‍ പലതിന്റെയും പ്രധാനലൊക്കേഷന്‍ സൈക്കോ ഓഫീസും പരിസരങ്ങളുമായിരുന്നു. ആതിഥ്യമര്യാദയില്‍ കവിഞ്ഞ് 'ആതിഥ്യഭ്രമം' തന്നെ ഈ നാട്ടുകാര്ക്കുണ്ടെന്നുതോന്നുന്നു. പുറത്തുനിന്നു വരുന്നവര്‍ക്ക് സ്വന്തം കസേരയൊഴിഞ്ഞുകൊടുക്കാനാണ് കോഴിക്കോട്ടുകാര്‍ക്ക് താത്പര്യം.
ബീച്ച് റോഡില്‍ അലങ്കാര്‍ ലോഡ്ജിനു മുകളിലെ മുറിയിലായിരുന്നു അന്ന് സൈക്കോയുടെ ഓഫീസ്. സാഹിത്യകാരന്മാരുടെയും സിനിമക്കാരുടെയും സ്ഥിരം താവളമായിരുന്നു അത്. ജോണ്‍ അബ്രഹാം, ബക്കര്‍, അരവിന്ദന്, തിക്കോടിയന്, പവിത്രന്, കെ.ജി. ജോര്‍ജ്, കടമ്മനിട്ട എന്നിവരൊക്കെ സ്ഥിരമായി അവിടെയെത്തും. രാഷ്ട്രീയത്തിനതീതമായ സൗഹൃദത്തിന്റെ കേന്ദ്രമായിരുന്നു അലങ്കാര്‍ ലോഡ്ജ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം. അന്നത്തെ യൂത്ത്കോണ്‍ഗ്രസുകാരായ സി.എച്ച്. ഹരിദാസ്, എ.സി. ഷണ്മുഖദാസ്, മുല്ലപ്പള്ളി രാമചന്ദ്രന്, എ.സുജനപാല്‍, കൊടമന വേണു എന്നിവരൊക്കെ വൈകീട്ട് സൈക്കോ ഓഫീസിലെത്തും. അവര്‍ക്കൊപ്പം കമ്മ്യുണിസ്റ്റുകാരായ ചിന്ത രവിയും ടി.പി. ദാസനും ഞാനും കൂടും. ബി.ജെ.പി.നേതാവ് പി.എസ്. ശ്രീധരന്‍പിള്ളയുടെ ഓഫീസും അതേ കെട്ടിടത്തിലായിരുന്നു. പിള്ളയെ കാണാനെത്തുന്ന കെ.ജി. മാരാരും ഒ. രാജഗോപാലും ഞങ്ങളെ കണ്ടു കുശലം പറഞ്ഞിട്ടേ പോകാറുണ്ടായിരുന്നുള്ളൂ. കടമ്മനിട്ട കോഴിക്കോട്ട് വന്നാല്‍ സൈക്കോ ഓഫീസിലാണ് താമസിക്കുക. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ അറിയപ്പെടുന്ന നേതാക്കള്‍ ഒന്നിച്ചിരുന്നു സൊറ പറയുന്നതുകണ്ട് കടമ്മനിട്ട പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട്.
ടൗണ്‍ഹാളില്‍ എല്ലാ ശനിയാഴ്ചയും നാടകങ്ങള്‍ അരങ്ങേറുന്ന കാലമായിരുന്നു അത്. സദാനന്ദന് പുതിയറ, കെ.ടി. രവി, എ.കെ. പുതിയങ്ങാടി, ടി.ദാമോദരന്‍, പി.എന്‍.എം. ആലിക്കോയ, ഇങ്ങിനെ നിരവധി നാടകകൃത്തുക്കളുടെ നാടകങ്ങള്‍. ക്രൗണ്‍ തിയേറ്ററിന് അടുത്തായി കെ.ടി. മുഹമ്മദിന്റെ സഹോദരന് കെ.ടി. സെയ്ദ് 'ലിറിക്സ് കോര്‍ണര്‍' എന്ന പേരില്‍ ഹിന്ദിസിനിമാ പാട്ടുപുസ്തകങ്ങളുടെ കട നടത്തിയിരുന്നു. വൈകുന്നേരമാകുമ്പോള്‍ എസ്.കെ. പൊറ്റെക്കാട്, ഉറൂബ്, എം.ടി. വാസുദേവന്‍ നായര്‍, കെ.എ. കൊടുങ്ങല്ലൂര്‍, എം.എസ്.ബാബുരാജ്, കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരന്, കുതരവട്ടം പപ്പു, ബാലന് കെ. നായര്‍ എന്നിവരൊക്കെ അവിടെയെത്തും.
അന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂനിയന്‍ സ്ഥിരമായി കെ.എസ്.യു.വിന്റെ കൈയിലായിരുന്നു. ആദ്യത്തെ യൂണിയന് ചെയര്‍മാനായിരുന്നു സി.എച്ച്. ഹരിദാസ്. രണ്ടാമത് ജയിച്ചത് മുല്ലപ്പള്ളി രാമചന്ദ്രന്. മൂന്നാം തവണ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററായിരുന്ന വി. രാജഗോപാല്‍ ജയിച്ചുകയറി. നാലാമത്തെ തവണ എം.ഐ. ഷാനവാസ് ജയിച്ചു. ഈ നാലുപ്രാവശ്യവും യൂണിവേഴ്സിറ്റി യൂണിയന്റെ സാംസ്കാരികപരിപാടികള്‍ മുഴുവന്‍ സംഘടിപ്പിച്ചത് ഞാനും ചിന്ത രവിയും ചേര്‍ന്നാണ്. എസ്.എഫ്.ഐക്കാര്‍ക്ക് ഇതില്‍ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും ഞങ്ങളതൊന്നും കാര്യമാക്കിയില്ല. സൗഹൃദത്തിനായിരുന്നു ഞങ്ങള്‍ മുന്‍തൂക്കം നല്‍കിയിരുന്നത്.
പരിമിതമായ ഫണ്ട് മാത്രമേ ഉണ്ടായിരുന്നുവെങ്കിലും മികച്ച രീതിയില്‍ പരിപാടികള്‍ നടത്തിയിരുന്നു. ഒ.വി. വിജയനെ കേരളത്തിലെ എഴുത്തുകാരില്‍ പലരും കാണുന്നതുതന്നെ യൂണിവേഴ്സിറ്റി യൂണിയന് സംഘടിപ്പിച്ച പരിപാടികളിലൂടെയാണ്. സി.എന്‍. കരുണാകരന്റെ ചിത്രപ്രദര്‍ശനം, കടമ്മനിട്ടയുടെ ആദ്യ കവിതാലാപനം... ഇതൊക്കെ നടത്തിയത് അക്കാലത്തായിരുന്നു. കടമ്മനിട്ടയുടെ ആദ്യ കവിതാപുസ്തകം പ്രസിദ്ധീകരിക്കുന്നതും കോഴിക്കോട്ടെ ഞങ്ങള്‍ ചില സുഹൃത്തുക്കള്‍ ചേര്‍ന്നാണ്. അതിനുവേണ്ടി മാത്രം 'പ്രപഞ്ചം പബ്ലിഷേഴ്സ്' എന്ന പ്രസാധകസ്ഥാപനവും തുടങ്ങി. എല്ലാം സൗഹൃദങ്ങള്‍ക്കു വേണ്ടിയായിരുന്നു.
ഇപ്പോള്‍ അശ്വിനി ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് സഹകരിക്കുന്നത്. 40 വര്‍ഷമായി. 38 വര്‍ഷമായി ഞാന്‍ അതിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്നു. 1980ല്‍ പുഷ്പ തിയേറ്ററില്‍ 14 ദിവസം നീളുന്ന അന്താരാഷ്ട്ര ചലചിത്രോത്സവം നടത്തിയ കാര്യം അവിസ്മരണീയമാണ്.
കോഴിക്കോട് നഗരം എന്നും വലിയൊരു ദൗര്ബല്യമാണെനിക്ക്. ഒരു കാന്തക്കല്ലു പോലെ എല്ലാവരെയും ആകര്‍ഷിച്ചുനിര്‍ത്തുന്ന മാസ്മരികശക്തി ഈ നഗരത്തിനുണ്ട്. നാല്‍പ്പതു വര്‍ഷത്തെ നഗരബന്ധം നല്കിയ അനുഭവങ്ങള്‍ വളരെ വലുതാണ്. പേരുപറഞ്ഞു തീര്‍ക്കാനാവാത്ത അത്രയും സുഹൃത്തുക്കള്‍, അവരുടെ സിനിമ, ചിത്രകലാപ്രദര്‍ശനങ്ങള്‍, സാഹിത്യപരിപാടികള്‍... എല്ലാത്തിന്റെയും സംഘാടകന്റെ റോള്‍ ഭംഗിയാക്കുന്നതിന്റെ തിരക്കുകളില്‍ പെട്ട് വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല. ഇപ്പോള്‍ ഉത്സവം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയതുപോെല. ഉത്സവപ്പറമ്പില്‍ ഒറ്റയ്ക്കായ കുട്ടിയായി ഞാന്‍.
2018-ല്‍ മാതൃഭൂമി നഗരം സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്.
Content Highlights: remembering late film critic chelavoor venu