നോളന്റെ 'ഒഡീസി' കപ്പൽ നിശ്ചലം; ഏച്ചുകെട്ടിയ ദാർശനികതയിൽ മുങ്ങി വൈകാരികതയും ആവേശവും

'ധൈര്യമായിരിക്കൂ എന്ന് എന്റെ ഹൃദയം പറയുന്നു; ഞാൻ ഒരു പടയാളിയാണ്, ഇതിനേക്കാൾ മോശമായ കാഴ്ചകൾ ഞാൻ കണ്ടിട്ടുണ്ട്.'
ഹോമറിന്റെ 'ഒഡീസി'യിൽനിന്ന്
വളരെ പ്രതീക്ഷകളോടെയാണ് 'ഒഡീസി' കാണാനിറങ്ങിയത്. കാരണങ്ങളിൽ പ്രധാനം ക്രിസ്റ്റഫർ നോളൻ തന്നെ. 'ഇൻസെപ്ഷൻ', 'ഇന്റർസ്‌റ്റെല്ലാർ', 'ഡാർക്ക് നൈറ്റ്', 'ഓപ്പൺഹൈമർ' തുടങ്ങിയ നിരവധി സൃഷ്ടികളിലൂടെ സമയത്തെയും സ്ഥലത്തെയും മനുഷ്യന്റെ ബോധമണ്ഡലത്തെയും കീഴ്‌മേൽ മറിച്ച് സിനിമാലോകത്ത് തന്റേതായ സാമ്രാജ്യം തീർത്ത സംവിധായകൻ. പിന്നെ, ജീവിതമെന്ന അതിസാഹസികയാത്രയുടെ മാനങ്ങളെക്കുറിച്ച്, നാട്ടിൽ മടങ്ങിയെത്തുന്നതിനെക്കുറിച്ച് മനുഷ്യനുള്ള സങ്കൽപ്പങ്ങളെ മാറ്റിമറിച്ച ഹോമറിന്റെ ഇതിഹാസം 'ഒഡീസി'യും അതിനെ അടിസ്ഥാനമാക്കിയ ടെന്നിസൺ പ്രഭുവിന്റെയും ജെയിംസ് ജോയ്‌സിന്റെയും യുളീസസ്സുകളും വുൾഫ്ഗാങ് പീറ്റേഴ്‌സണിന്റെ 'ട്രോയ്' (2004) എന്ന മാസ്റ്റർപീസും.
പത്തുവർഷത്തെ ഉപരോധത്തിനു ശേഷമാണ് ട്രോയി കീഴ്‌പ്പെടുത്തിയത്. പിന്നെയും പത്തുവർഷമെടുത്തു ഇത്താക്കയിലെ രാജാവ് ഒഡീസിയസ് രാജ്യത്ത് തിരിച്ചെത്താൻ. സങ്കീർണ്ണവും അപകടം പിടിച്ചതുമായ യാത്ര. ഒഡീസി എന്ന വാക്കിന് ദീർഘ സാഹസികയാത്ര, മഹാപ്രസ്ഥാനം എന്നൊക്കെ അർത്ഥം വന്നത് ഈ ഇതിഹാസത്തിൽ നിന്നാണ്. സമുദ്രയാത്രയുടെ ദുർഘടങ്ങളും ദുഷ്ടശക്തികളും നിറഞ്ഞ ഒഡീസിയസിന്റെ യാത്ര നോളൻ ഒരുക്കിയിരിക്കുന്നത് വമ്പൻ ഐമാക്‌സ് കാൻവാസിലാണ്. നോളന്റെ സവിശേഷ ശൈലിയിലുള്ള സങ്കീർണ്ണമായ തിരക്കഥയും വ്യത്യസ്തമായ ദൃശ്യബോധവും ദാർശനികതയും കൃത്രിമമായ ഇഫക്ടുകളെ അധികം ആശ്രയിക്കാത്ത മേക്കിംഗും ഇതിഹാസത്തിന് തികച്ചും നവീനവും ആകർഷകവുമായ ഒരു വായന നൽകുമെന്നാണ് കരുതിയത്. പക്ഷേ, അതുണ്ടായില്ല. ഹോമറിന്റെ ഇതിഹാസത്തിലെ വൈകാരികത പോയിട്ട് 'ട്രോയ്' ചിത്രം നൽകിയ ആവേശം പോലും നോളൻ ചിത്രത്തിലില്ല.
ഒരു ഇതിഹാസഗാഥയെ സാധാരണ മനുഷ്യന്റെ തലത്തിലേക്ക് ഇറക്കിക്കൊണ്ടു വരാൻ ശ്രമിച്ച സംവിധായകൻ യഥാർത്ഥകൃതിയിലെ മനുഷ്യാതീത അംശങ്ങളെ യുക്തിയോട് അടുപ്പിക്കുന്നതിൽ പരാജയപ്പെട്ടു. നോളൻ ഒരേസമയം ഹോമറിന്റെ പ്രപഞ്ചത്തെ ഒരു ക്ലിനിക്കൽ സൈക്കോളജിക്കൽ ഡ്രാമയാക്കാനും അതിലെ പുരാണപരമായ ഘടകങ്ങൾ നിലനിർത്താനും ശ്രമിച്ചത് സിനിമയ്ക്ക് തനത് താളം നഷ്ടമാക്കി എന്ന് തോന്നുന്നു. ഇതിഹാസ കഥാപാത്രങ്ങളെ സാധാരണ മനുഷ്യരെപ്പോലെ അവതരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ വരുന്ന 'സൈക്ലോപ്' (ഭീമാകാരനായ ഒറ്റക്കണ്ണൻ രാക്ഷസൻ), 'സൈറനുകൾ' (മായികമായ ഗാനാലാപനത്താൽ സമുദ്രയാത്രികരെ പാറക്കെട്ടുനിറഞ്ഞ തീരങ്ങളിലേക്ക് ആകർഷിക്കുന്ന കടൽക്കന്യകമാർ) തുടങ്ങിയവ ആഖ്യാനത്തിന്റെ വിശ്വാസ്യതയ്ക്കും ഏകാഗ്രതയ്ക്കും ഭംഗം വരുത്തുന്നു.
ഡാമനു പറ്റാത്ത വേഷവും കാലം തെറ്റിയ തത്ത്വചിന്തയും
യോദ്ധാവിന്റെ വീര്യമുള്ള, വളരെ ബുദ്ധിമാനായ (അദ്ദേഹമാണ് ട്രോജൻ കുതിര എന്ന ആശയത്തിനു പിന്നിൽ), എന്നാൽ മാനസികമായി തളർന്ന ഒരാളാണ് നായക കഥാപാത്രം. മാറ്റ് ഡാമന് അതാകാൻ പറ്റിയില്ല. ഒഡീസിയസിന്റെ വേഷത്തിൽ അദ്ദേഹം വളരെ അസ്വസ്ഥനായി കാണപ്പെടുന്നു. ആക്ഷൻ രംഗങ്ങളിൽ തിളങ്ങിയ ഡാമൻ വികാരതീവ്രമായ രംഗങ്ങളിൽ വേണ്ടത്ര നന്നായില്ല. ദീർഘകാലത്തെ യുദ്ധങ്ങളും യാത്രകളും അതിജീവിക്കാൻ യൗവനത്തിന്റെ പ്രസരിപ്പുള്ള ഒരു നായകനായിരുന്നു കൂടുതൽ അനുയോജ്യം. ടെലിമാക്കസ് ആയി അഭിനയിച്ച ടോം ഹോളൻഡ് വേഷം നന്നാക്കാൻ കഷ്ടപ്പെടുന്നുണ്ടെങ്കിലും അഭിനയത്തിന് സ്വാഭാവികത കുറവാണ്. ട്രോയി യുദ്ധത്തിനു വഴിവെച്ച മഹാസുന്ദരി ഹെലനായി അഭിനയിച്ചത് കറുത്ത വർഗക്കാരിയായ ലുപിറ്റ നിയോംഗ് ആണ്. ആ കാസ്റ്റിംഗ് നെഗറ്റീവ് പബ്ലിസിറ്റിക്കു വേണ്ടിയുള്ള മനപ്പൂർവ പദ്ധതിയായിരുന്നോ എന്ന് സംശയിക്കണം. അത്രയ്ക്ക് ഹ്രസ്വമാണ് ആ റോൾ.
നോളന്റെ തത്വചിന്താ നിർബന്ധങ്ങൾ ചിരിക്കു വകയൊരുക്കും. ഒരു രംഗത്തിൽ ഒഡീസിയസ് വെങ്കലയുഗത്തിന്റെ തകർച്ചയെക്കുറിച്ചും ദേവദേവനായ സ്യൂസിന്റെ നിയമങ്ങൾ ലംഘിക്കുന്നതിലൂടെ നാഗരികതയുടെ അന്ത്യം വരുന്നതിനെക്കുറിച്ചും വാചാലനാകുന്നുണ്ട്. നോളന്റെ വെങ്കലയുഗ നായകൻ ഇരുപതാം നൂറ്റാണ്ടിലെ ചരിത്രപണ്ഡിതനെപ്പോലെയാണ് സംസാരിക്കുന്നത്. വെങ്കലയുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യർ അതിനെ 'വെങ്കലയുഗം' എന്ന് വിളിച്ചിരുന്നില്ല. അവർക്ക് അത് വെറും 'ഇന്നത്തെ കാലം' മാത്രമായിരുന്നു.
വ്യക്തിപരമായി ഈ ലേഖകനെ ഏറ്റവും നിരാശപ്പെടുത്തിയത് ട്രോയിയിലെ അവസാന യുദ്ധരംഗമാണ്. പത്തുവർഷം ട്രോയി നഗരത്തെ ഉപരോധിച്ച് കടപ്പുറത്ത് കഴിഞ്ഞ ആഗമെംനൻ രാജാവിന്റെ പട്ടാളം കോട്ടയ്ക്കകത്തു ചെയ്തുകൂട്ടിയ അതിക്രമങ്ങൾ ആർക്കും ആലോചിക്കാവുന്നതേയുള്ളൂ. നിരപരാധികളെ അരിഞ്ഞുതള്ളുക, കൂട്ടമാനഭംഗം, സ്ത്രികളെയും കുട്ടികളെയും അടിമകളാക്കുക... സിനിമയ്ക്ക് ആ ഒരു തോന്നൽ പ്രേക്ഷകനിലേക്ക് പകരാനായില്ല. (ചിത്രത്തിൽ വയലൻസ് കുറഞ്ഞുപോയെന്നല്ല ഉദ്ദേശിച്ചത്.) ആ രംഗങ്ങളിൽ ഒഡീസിയസ് സ്വപ്‌നാടനം നടത്തുകയാണെന്നു തോന്നും. പുള്ളിക്ക് തത്വചിന്തയുടെ അസുഖമുണ്ടെങ്കിലും ജീവൻ പണയംവെച്ചുള്ള കളിയിൽ അതു സാധ്യമല്ലല്ലോ! നന്നായി തുടങ്ങിയ ചിത്രം മധ്യഭാഗമെത്തുമ്പോൾ നീങ്ങുന്നില്ല. അലയടിക്കുന്ന തിരകൾക്കു മുകളിൽ ഒഡീസിയസിന്റെ കപ്പൽ നിശ്ചലമായതുപോലെ. ലുദ്‌വിഗ് ഗൊരാൻസന്റെ സംഗീതം പോലും സിനിമയെ ഒന്നിപ്പിക്കാൻ പാടുപെടുന്നു.
ചിത്രത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട രംഗങ്ങളിലൊന്ന് നാട്ടിലേക്കുള്ള വഴി ചോദിക്കാൻ അന്ധപ്രവാചകൻ ടിരേസിയസിനെത്തേടി പാതാളത്തിൽ (ഹെയ്ഡിസ്) എത്തുമ്പോൾ ഒഡീസിയസ് ട്രോയി യുദ്ധത്തിൽ മരിച്ച സൈനികരെയും സഖാക്കളെയും അഭിമുഖീകരിക്കുന്നതാണ്. വളരെ വേദനിപ്പിക്കുന്ന, അതിമനോഹരമായ സന്ദർഭം. ടെലിമാക്കസിന് വഴികാട്ടുന്ന ഒഡീസിയസിന്റെ സഹായിയും അന്ധനുമായ യൂമേയസിന്റെ വേഷത്തിൽ ജോൺ ലെഗ്വസാമോ ഒന്നാന്തരം പ്രകടനം കാഴ്ച വെക്കുന്നു.
സ്ത്രീ കഥാപാത്രങ്ങളോട് ചെയ്ത അനീതി
ആധുനിക ഫെമിനിസ്റ്റ് ചിന്താഗതികൾ കഥയിലേക്ക് കൊണ്ടുവരാൻ നോളൻ പകുതിമനസ്സോടെ നടത്തിയ ശ്രമങ്ങളാണ് സിനിമയുടെ ഏറ്റവും വലിയ പരാജയം. ഈ ഘടകങ്ങൾ ഹോമറിന്റെ ഇതിഹാസത്തിലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ ദുർബലപ്പെടുത്താനേ ഉപകരിച്ചുള്ളൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഥാനായികയായ പെനിലോപ്പിയെ നോക്കുക. ഹോമറിന്റെ ഇതിഹാസത്തിൽ ഇത്താക്ക രാജ്ഞിയായ പെനിലോപ്പി സമർത്ഥയും ബുദ്ധിശാലിയുമാണ്. ഒഡീസിയസ് തിരിച്ചെത്തില്ലെന്നും തങ്ങളിലൊരാളെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ട് (അങ്ങനെ ഇത്താക്കയിലെ രാജാവാകുകയാണ് ലക്ഷ്യം) ശല്യം ചെയ്യുന്ന ശത്രുക്കളെ (ഭൈമീകാമുകരെ) വർഷങ്ങളോളം അകറ്റിനിർത്താൻ അവർക്ക് കഴിഞ്ഞു. പക്ഷേ, ഒഡീസിയസുമായുള്ള പുനഃസമാഗമ വേളയിൽ ദാമ്പത്യം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് തർക്കിക്കുന്ന ആധുനികസ്ത്രീയായി നോളൻ രാജ്ഞിയെ അവതരിപ്പിക്കുന്നു. എങ്കിലും ഈ ചിത്രത്തിലെ ഏറ്റവും നല്ല പ്രകടനങ്ങളിലൊന്ന് പെനിലോപ്പിയായി വേഷമിട്ട ആൻ ഹാഥവേയുടേതാണ്.
അമരത്വം വാഗ്ദാനം ചെയ്ത് ഒഡീസിയസിനെ തന്റെ ദ്വീപിൽ തടവിലാക്കുന്ന അപ്‌സരസ്സാണ് ചാർലിസ് തെറോൺ അവതരിപ്പിക്കുന്ന കാലിപ്‌സോ. എന്നാൽ നോളൻ അവരെ 'ടോക്‌സിക് റിലേഷൻഷിപ്പിന്റെ' പ്രതീകം മാത്രമാക്കി മാറ്റിയെന്ന് വിമർശനമുണ്ട്. താമരയില തിന്ന് ഭൂതകാലത്തെക്കുറിച്ച് ഓർമയില്ലാതെ കാലിപ്‌സോയുടെ ലൈംഗിക അടിമയായി ഏഴുവർഷം ജീവിച്ച ശേഷമാണ് ഇതിഹാസത്തിൽ ഒഡീസിയസ് നാട്ടിലേക്ക് മടങ്ങുന്നത്. അതുപോലെ, ഹോമറിന്റെ സിർസി മനുഷ്യരെ മൃഗങ്ങളാക്കി മാറ്റുന്ന ശക്തയായ ഒരു മന്ത്രവാദിനിയാണ്. എന്നാൽ നോളൻ അവരെ പുരുഷാധിപത്യത്തിന് ഇരയായ, ആത്മരക്ഷയ്ക്കായി മനശാസ്ത്രപരമായ ഭ്രമങ്ങൾ സൃഷ്ടിക്കുന്ന ഒരു സ്ത്രീയായി ചിത്രീകരിക്കുന്നു.
സിനിമയിലെ ഏറ്റവും നല്ല രംഗങ്ങളിലൊന്ന് ഒഡീസിയസിന്റെ വിശപ്പു കൊണ്ട് ഭ്രാന്തുപിടിച്ച പട്ടാളക്കാർ ആർത്തിയോടെ ഭക്ഷണം അകത്താക്കുമ്പോൾ സിർസി അവരുടെ മുഖങ്ങൾ ശക്തിയായി തിരുമ്മിത്തിരുമ്മി പന്നിമൂക്കുകളാക്കുന്നതാണ്. സിർസിയുടെ വേഷം സാമന്താ മോർട്ടൻ ഉജ്ജ്വലമാക്കി. യഥാർത്ഥകഥയിൽ ഒഡീസിയസിന് ഒരുവർഷം അവർക്കൊപ്പം താമസിക്കേണ്ടി വന്നു, തന്റെ ഭടൻമാരെ തിരികെ മനുഷ്യരൂപത്തിലാക്കാൻ. പക്ഷേ, നോളൻ ചിത്രത്തിൽ സിർസി അന്നുതന്നെ അനുനയത്തിന് വഴിപ്പെടുന്നു. അഥീനാദേവി (സെൻഡായ) ഇടയ്ക്കിടെ ഒഡീസിയസിന്റെ അരികിൽ പ്രത്യക്ഷപ്പെട്ട് ഉപദേശവും മറ്റും നൽകുന്നുണ്ട്. പക്ഷേ, അവർ ദൈവമാണെന്നു തോന്നില്ല, ഒരു ശരാശരി വീട്ടമ്മ!
സാങ്കേതികമികവും രാമായണത്തിലെ വില്ലും
നോളന്റെ സങ്കീർണ്ണമായ നോൺലീനിയർ സമയക്രമങ്ങളെ പ്രേക്ഷകന് മനസ്സിലാകുന്ന രീതിയിൽ കൃത്യമായി കോർത്തിണക്കാൻ എഡിറ്റിംഗിന് സാധിച്ചിട്ടുണ്ട്. സിജിഐക്ക് പകരം കഴിവതും യഥാർത്ഥ സെറ്റുകൾ ഉപയോഗിക്കാനുള്ള നോളന്റെ തീരുമാനവും അഭിനന്ദനാർഹമാണ്. കൂറ്റൻ വാട്ടർ ടാങ്കുകളിൽ ഉണ്ടാക്കിയ കപ്പലുകളും മറ്റും സിനിമയ്ക്ക് വലിയ സ്വാഭാവികത നൽകുന്നുണ്ട്. ഈ റിയലിസ്റ്റിക് ശൈലി പുരാണത്തിലെ ഫാന്റസിയുമായി കൂട്ടിമുട്ടുമ്പോൾ പലപ്പോഴും ആസ്വാദനത്തെ ബാധിക്കുന്നു. ഛായാഗ്രഹണം ഒരു ഇതിഹാസ സിനിമയ്ക്ക് വേണ്ട ദൃശ്യവിസ്മയം തരുന്നില്ല. കപ്പൽ യാത്രകളുടെ രംഗങ്ങൾ പലപ്പോഴും കണ്ടുമടുത്ത ദൃശ്യങ്ങളെ (നമ്മുടെ 'മരയ്ക്കാർ' അടക്കം) ഓർമിപ്പിക്കും.
സിനിമയിലെ ട്രോജൻ കുതിര ഒട്ടും വിശ്വസനീയമായി തോന്നിയില്ല. ചക്രങ്ങളിലുറപ്പിച്ച കുതിരയാണ് 'ട്രോയ്' സിനിമയിൽ; അത് കൂടുതൽ വിശ്വസനീയമാണ്. നോളൻ ചിത്രത്തിൽ മറിച്ചിട്ട് വലിച്ചുനീക്കുകയാണ്. അകത്ത് ഡസൻകണക്കിന് ആൾക്കാർ തിരിയുകയും മറിയുകയും മറിഞ്ഞുവീഴുകയും ചെയ്യുമ്പോൾ പുറത്ത് ഒരു ശബ്ദവും കേൾക്കില്ലേ, കയർ പിടിക്കുന്നവർക്ക് സംശയം തോന്നില്ലേ? ഇരുപതു വർഷം കഴിഞ്ഞ് തിരിച്ചെത്തുന്നതാണ്, സമ്മതിച്ചു. പക്ഷേ, ഒഡീസിയസിന്റെ ശബ്ദം അടുപ്പിച്ച് പത്തുമിനിട്ട് കേട്ടാൽ പോലും പത്‌നിക്ക് സംശയം തോന്നില്ലേ? നോളന്റെ സിനിമയിൽ തോന്നണമെന്നില്ല!
ഒഡീസിയസ് തന്റെ പഴയ വില്ലു കുലച്ച്, പിണച്ചുവെച്ച പന്ത്രണ്ട് ജോടി കോടാലികളുടെ വിടവുകളിലൂടെ കൃത്യമായി അമ്പെയ്യുന്നതും ഞാണൊലി മുഴക്കുന്നതും ഇന്ത്യൻ പ്രേക്ഷകനെ ഓർമിപ്പിക്കുക രാമായണത്തെയാവും. ആ രംഗത്തിന് സീതാസ്വയംവര വേളയിൽ ശ്രീരാമൻ ശിവധനുസ്സ് ഒടിക്കുന്ന രംഗത്തോട് അതിശയകരമായ സാദൃശ്യമുണ്ട്.
ഒടുവിൽ ഒഡീസിയസ് തന്റെ ജന്മനാടായ ഇത്താക്കയിലേക്ക് തിരികെ എത്തുന്ന അവസാന ഭാഗങ്ങളിൽ മാത്രമാണ് സിനിമയുടെ വൈകാരിക വശം ഉണരുന്നത്. 'ഭൂമിയിൽ ശ്വസിക്കുകയും ചലിക്കുകയും ചെയ്യുന്ന എല്ലാ ജീവജാലങ്ങളിലും വെച്ച് മനുഷ്യനേക്കാൾ ദുർബലമായി മറ്റൊന്നുമില്ല' എന്ന് ഹോമർ. അതുകൊണ്ടു തന്നെ ആദ്യപകുതിയിലെ യാത്രകളിൽ ഇല്ലാതിരുന്ന ആർജവം ആ രംഗങ്ങളിൽ നമുക്ക് അനുഭവപ്പെടും. പ്രിയപ്പെട്ട നോളൻ, ഇത്താക്കയുടെ രാജാവിന് ഇതിലും വലിയൊരു തിരിച്ചുവരവ് നൽകാൻ അങ്ങേയ്ക്ക് കഴിയുമായിരുന്നു!
Content Highlights: Despite its immense anticipation and impressive real-set production values, Christopher Nolan's The Odyssey emerges as a major cinematic disappointment due to its clinical psychological treatment, weak casting choices, and flawed adaptation of Homer's powerful mythological elements.