പഞ്ചാബി സംഗീതരംഗത്തെ വിപ്ലവ നായകന്‍ ; 27-ാം വയസ്സില്‍ തെരുവില്‍ വെടിയേറ്റ് പൊലിഞ്ഞ പ്രതിഭ

അമര്‍ സിംഗ് ചംകീലയും അമര്‍ജ്യോതും, അമര്‍ സിംഗ് ചംകില
അമര്‍ സിംഗ് ചംകീലയും അമര്‍ജ്യോതും, അമര്‍ സിംഗ് ചംകില

പഞ്ചാബിലെ ലുധിയാനയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ദുഗ്രി എന്ന ഗ്രാമത്തിലാണ് ഈ കഥ ആരംഭിക്കുന്നത്. കര്‍താര്‍ കൗര്‍, ഹരി സിംഗ് സാന്ദില ദമ്പതികളുടെ ഇളയമകന്‍ ധന്നി റാമാണ് ഇതിലെ നായകന്‍. 1960 കളാണ് കാലഘട്ടം. അതുകൊണ്ട് തന്നെ ഒരു ദളിത് കുടുംബത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുക എന്നത് വിദൂര സ്വപ്നമാണ്. കൃഷിയിടത്തിലെ ജോലിക്ക് വലിയ കൂലിയില്ലാത്തതിനാല്‍ കര്‍താര്‍ കൗറിനും ഹരി സിംഗ് സാന്ദിലയ്ക്കും തന്റെ മക്കളുടെ പ്രാഥമിക ആവശ്യങ്ങള്‍ പോലും സാധിച്ചുകൊടുക്കാനായില്ല. പട്ടിണിയും പരിവട്ടവുമായി ജീവിച്ച ആ കുടുംബത്തിന് വലിയ സ്വപ്നം കാണാനുള്ള സാഹചര്യമൊന്നുമുണ്ടായിരുന്നില്ല. പതിനാല് വയസ്സ് തികയുന്നതിന് തൊട്ടുമുന്‍പ് ധന്നി റാമിന് കുടുംബത്തെ പിന്തുണയ്ക്കാന്‍ ജോലിയ്ക്ക് ഇറങ്ങേണ്ടി വന്നു. ഒരു ഇലക്ട്രിഷ്യന്‍ ആകുന്നതായിരുന്നു ധന്നി റാമിന്റെ ജീവിതാഭിലാഷം. അതിനായി ഇറങ്ങിത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും വീട്ടിലെ പ്രാരാബ്ധം മറ്റുജോലികള്‍ ചെയ്യാന്‍ അയാളെ നിര്‍ബന്ധിതനായി. രാവിലെ ചന്തയിലെത്തി ചുവടെടുക്കും അതിന് ശേഷം നേരേ ഗോതമ്പുപാടത്തേക്ക്. അങ്ങനെ എല്ലു മുറിയെ പണിയെടുത്ത് ലഭിക്കുന്ന നാണയത്തുട്ടുകള്‍ തുണിയില്‍ പൊതിഞ്ഞ് വീട്ടിലെത്തിക്കും. നന്നായി പാടുമായിരുന്നു ധന്നി റാം . കഠിനമായ ജോലിയ്ക്കിടെ അയാള്‍ ആശ്വാസം കണ്ടെത്തിയത് സംഗീതത്തതിലായിരുന്നു. നാലാള്‍ കേള്‍ക്കേ പാടാന്‍ ഒരു വേദി ലഭിക്കാന്‍ ധന്നി റാം അതിയായി മോഹിച്ചുവെങ്കിലും ഒരു ദരിദ്ര കുടുംബത്തിലെ പയ്യന് അക്കാലത്ത് അതിനുള്ള സാധ്യതയില്ലായിരുന്നു.

വയസ്സ് ഏതാണ്ട് പതിനഞ്ച് പിന്നിട്ടപ്പോള്‍ ധന്നി റാം ഒരു തുണിമില്ലിലെ തൊഴിലാളിയായി. ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിലും സംഗീത്തിന്റെ ലോകത്താണ് അയാള്‍ അഭിരമിച്ചത്. അതിനിടെ ഹാര്‍മോണിയവും ധോല്‍കിയും വായിക്കാന്‍ പഠിക്കുകയും ചെയ്തു. ഏതാണ്ട് പതിനെട്ടു വയസ്സു കഴിഞ്ഞ സമയത്താണ് പഞ്ചാബി സംഗീത രംഗത്ത് പ്രശസ്തിയാര്‍ജിച്ചുകൊണ്ടിരുന്ന സുരിന്ദര്‍ ഷിന്‍ഡെയെ പരിചയപ്പെടുന്നത്. ഒരു സുഹൃത്തിനൊപ്പം സൈക്കിളില്‍ യാത്ര ചെയ്താണ് ധന്നി റാം  ഷിന്‍ഡയുടെ വീട്ടിലെത്തുന്നത്. തന്നെക്കുറിച്ച് ഒരു ആമുഖം നല്‍കിയതിന് ശേഷം സംഗീത പരിപാടികളിലും ആല്‍ബങ്ങളിലും പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. പാടൂ, എന്നിട്ട് തീരുമാനിക്കാമെന്ന് ഷിന്‍ഡെ മറുപടി പറഞ്ഞു. ധന്നി റാമിന്റെ പാട്ട് കേട്ട മാത്രയില്‍ തന്നെ ഷിന്‍ഡെയ്ക്ക് വലിയ താല്‍പര്യമായി. ഉടനെ തന്നെ തനിക്കൊപ്പം ചേരാന്‍ ആവശ്യപ്പെട്ടു. ഷിന്‍ഡെയുടെ സംഗീത പരിപാടികള്‍ക്ക് മുന്നോടിയായി വേദിയൊരുക്കുന്നതിലൂടെയായിരുന്നു തുടക്കം. പിന്നീട് ഗാനചരയിതാവായി. പഞ്ചാബി ഗായകരായ കെ. ദീപ്, മുഹമ്മദ് സാദിക് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിച്ചു. 

Content Highlights: Amar Singh Chamkila biopic, imtiaz ali, Diljit Dosanjh, Parineeti Chopra, tragic death of legend

Continue reading