'ഞാന്‍ നടിയാണെന്ന് നിതേഷിന് അറിയുമായിരുന്നില്ല'; വിവാഹ വിശേഷങ്ങള്‍ പങ്കുവച്ച് ഉത്തര ഉണ്ണി

''വിവാഹത്തിന് അങ്ങനെ പ്രായപരിധിയുണ്ടെന്ന് വിചാരിക്കുന്ന ഒരാളല്ല ഞാന്‍. നമ്മള്‍ ഒരാളെ കണ്ടുമുട്ടുമ്പോള്‍ അയാളെ ജീവിതത്തില്‍ റിലേറ്റ് ചെയ്യാന്‍ നമുക്ക് സാധിക്കണം. അങ്ങനെ ഒരാളെ കണ്ടു കിട്ടാനാണ് ഞാന്‍ കാത്തിരുന്നത്''- വിവാഹത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി.
വിവാഹനിശ്ചയ ദിനത്തില്‍ ചിലങ്ക കെട്ടി നല്‍കിയാണ് നിതേഷ് ഉത്തരയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. സിന്‍ഡ്രലയുടെയും രാജകുമാരന്റെയും കഥ കുട്ടിക്കാലം മുതല്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന ഉത്തരയ്ക്ക് അതൊരു വലിയ അത്ഭുതമായിരുന്നു. ഇനിയെല്ലാം ഉത്തര പറയും
പക്കാ അറേഞ്ച്ഡ്
വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ്. മാട്രിമോണി സൈറ്റ് വഴിയാണ് നിതേഷിന്റെ ആലോചന എനിക്ക് വരുന്നത്. നിതേഷ് ബെംഗളൂരുവില്‍ UTiZ എന്ന കമ്പനി നടത്തുകയാണ്. എനിക്ക് കാര്യമായ കല്യാണ ആലോചനകള്‍ നടക്കുന്നുണ്ടായിരുന്നില്ല. എന്റെ സുഹൃത്തുക്കളുടെ വിവാഹമെല്ലാം കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ എന്റെ ബന്ധുക്കള്‍ എന്നെ വിവാഹത്തിന് നിര്‍ബന്ധിക്കുമായിരുന്നു. എനിക്ക് ആരെയും തൃപ്തിയാകുന്നില്ല എന്നായിരുന്നു ബന്ധുക്കളുടെ പരാതി. നമുക്ക് ഒരാളെ കാണുമ്പോള്‍ ഇയാളാണ് നമുക്കുള്ള ആള്‍ എന്ന് തോന്നണ്ടേ... നിതേഷിനെ കണ്ടപ്പോള്‍ എനിക്ക് തോന്നി, ഇതാണ് ഞാന്‍ ഇത്രയും കാലം കാത്തിരുന്ന ആളെന്ന്. പിന്നെ ഞങ്ങള്‍ വീണ്ടും കണ്ടു മുട്ടി. വീട്ടില്‍ വന്നപ്പോള്‍ അച്ഛനും അമ്മയ്ക്കും ഇഷ്ടമായി. പിന്നീട് രണ്ടു കുടുംബങ്ങളും ആലോചനയുമായി മുന്നോട്ടുപോയി. ഒരു മാസത്തിനുള്ളില്‍ വിവാഹനിശ്ചയം നടന്നു. ഇത്രയും വേഗം എല്ലാം ഒത്തുവരുമെന്ന് പ്രതീക്ഷിച്ചില്ല.
ഞാന്‍ നടിയാണെന്ന് നിതേഷിന് അറിയുമായിരുന്നില്ല
നിതേഷിന് എന്നെക്കുറിച്ച് കാര്യമായി ഒന്നും അറിയുമായിരുന്നില്ല. നടി ഊര്‍മിള ഉണ്ണിയുടെ മകളാണെന്ന് മാത്രമേ അറിയുമായിരുന്നുള്ളൂ. ഞാന്‍ നര്‍ത്തകിയാണെന്നും കുട്ടികളെ പഠിപ്പിക്കുന്നുണ്ടെന്നും പറഞ്ഞപ്പോള്‍ നിതേഷ് കരുതിയത് ചെറിയ രീതിയിലായിരിക്കുമെന്നാണ്. സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര തലത്തില്‍ നൃത്തം ചെയ്തിട്ടുണ്ടെന്നുമെല്ലാം അറിയുന്നത് പിന്നീടാണ്.
നിതേഷിന്റെ കസിന്‍സാണ് അദ്ദേഹത്തിന് എന്റെ സിനിമയുടെയും ഡാന്‍സ് പെര്‍ഫോമന്‍സിന്റെയുമെല്ലാം വീഡിയോ അയച്ചു കൊടുക്കുന്നത്. എന്നെക്കുറിച്ച് എല്ലാം അറിഞ്ഞപ്പോള്‍ നിതേഷിന് വലിയ സന്തോഷമായി. എന്താണ് ഇതൊന്നും നേരത്തേ പറയാതിരുന്നത് എന്ന് ചോദിച്ചു. കലയെ സ്‌നേഹിക്കുന്ന ഒരാളാണ് അദ്ദേഹം. സിനിമയും നൃത്തവും ഒരുപോലെ കൊണ്ടു പോകണമെന്നാണ് നിതേഷ് പറഞ്ഞത്.
നൃത്തമാണ് ഇപ്പോഴെല്ലാം...
ഞാന്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് നൃത്തത്തിനാണ്. കൊച്ചിയില്‍ ഡാന്‍സ് സ്‌കൂളുണ്ട്. നൃത്തം പഠിക്കുകയും അതോടൊപ്പം പഠിപ്പിക്കുകയും ചെയ്യുന്നു. സിനിമയും നൃത്തവും ഒരുപോലെ കൊണ്ടു പോകുന്നത് വളരെ വിഷമം പിടിച്ച ഒരു സംഗതിയാണ്. നൃത്തം ഒരു വശത്ത് കൂടെ കൊണ്ടുപോകാന്‍ സാധിക്കുമെന്ന് കരുതിയാണ് ഞാന്‍ സിനിമയില്‍ അഭിനയിച്ചത്. എന്നാല്‍ രണ്ടു വള്ളത്തിലും കാലിട്ടാല്‍ ഒന്നും മുന്നോട്ട് പോവുകയില്ലെന്ന് മനസ്സിലായി. ദിവസേന ആറ് മണിക്കൂറോളം ഞാന്‍ നൃത്തം പ്രാക്ടീസ് ചെയ്യുന്നത്. ഒരുപാട് പരിപാടികള്‍ ചെയ്യുന്നു. അതുകൊണ്ടു തന്നെ മറ്റൊന്നും ചെയ്യാന്‍ സമയം ലഭിക്കുകയില്ല. മാത്രവുമല്ല നൃത്താധ്യാപിക എന്ന നിലയിലുള്ള ഉത്തരവാദിത്തവും വലുതാണ്. ഒരുപാട് കുട്ടികള്‍ പഠിക്കാന്‍ വരുന്നുണ്ട്.
സംവിധാനമാണ് ലക്ഷ്യം
സിനിമയില്‍ എനിക്ക് അഭിനയത്തേക്കാള്‍ സംവിധാനത്തോടാണ് താല്‍പര്യം. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ എഴുത്തില്‍ വലിയ താല്‍പര്യമുണ്ടായിരുന്നു. ഉപരി പഠനത്തിന് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ എടുത്തത് സിനിമയോടുള്ള താല്‍പര്യം മൂലമാണ്. അതിനിടെ കുറച്ച് ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും നല്ല അഭിപ്രായം ലഭിക്കുകയും ചെയ്തു. സംവിധാനം ചെയ്യാന്‍ കുറച്ച് കൂടി പ്രായവും പക്വതയും ജീവിതാനുഭവങ്ങളും വേണമെന്ന് കരുതുന്ന ഒരാളാണ് ഞാന്‍. എന്നിരുന്നാലും അധികം വൈകാതെ തന്നെ ഒരു സിനിമ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമയെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ഇനിയും പഠിക്കാനുണ്ട്.
Content Highlights: actor Uthara Unni Interview, wedding, Nithesh Nair, Dance, Cinema
Content Highlights: