‘ആ പാട്ടിനെന്തു പറ്റി?’ യേശുദാസിനോട് മോദി ചോദിച്ചു; രവീന്ദ്ര ജെയ്ൻ ഹൃദയരക്തം നൽകി സൃഷ്ടിച്ച ഗാനം

പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ച്ച. പത്നീസമേതനായി എത്തിയ ഗായകനെ ആരോ പേര് പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ കൗതുകം കലർന്ന പുഞ്ചിരിയോടെ നരേന്ദ്ര മോദി ചോദിച്ചു: ‘താൻസെൻ ഫിലിം മേ ആപ്കേ ഗാനേ കാ ക്യാ ഹുവാ?’ (താൻസൻ സിനിമയിലെ താങ്കളുടെ പാട്ടിന് എന്ത് സംഭവിച്ചു?) അത്ഭുതവും ആഹ്ളാദവും ഒരുമിച്ചു വന്ന മുഹൂർത്തമായിരുന്നു അതെന്ന് യേശുദാസ്. പ്രധാനമന്ത്രിയാണ് ചോദിക്കുന്നത്; വെളിച്ചം കാണാതെ പോയ ഒരു സിനിമക്ക് വേണ്ടി താൻ വർഷങ്ങൾക്ക് മുൻപ് പാടി റെക്കോർഡ് ചെയ്ത പാട്ടിനെക്കുറിച്ച്. രവീന്ദ്ര ജെയ്ൻ എന്ന മഹാപ്രതിഭയെ മനസ്സുകൊണ്ട് നമിച്ചുപോയ നിമിഷമായിരുന്നു അത്. ആ ഗാനത്തിന്റെ സൃഷ്ടിക്കായി രവീന്ദ്ര ജെയ്ൻജി സഹിച്ച ത്യാഗങ്ങൾക്ക് സാക്ഷിയാണല്ലോ അദ്ദേഹത്തിന്റെ പ്രിയഗായകൻ കൂടിയായ യേശുദാസ്.
അപൂർവസുന്ദരമായ ഈ അനുഭവം ഗാനഗന്ധർവൻ വിവരിച്ചുകേട്ടപ്പോൾ ഓർമവന്നത് ജെയ്ൻജിയുടെ തന്നെ വാക്കുകളാണ്: ‘ഹൃദയരക്തം നൽകി ഞാൻ സൃഷ്ടിച്ച ഗാനമാണ് ഷഡജനേ പായാ. എന്റെ സ്വപ്നഗാനം. മരിക്കും മുൻപ് അത് സിനിമയിൽ ചിത്രീകരിച്ചു കാണണം എന്നുണ്ട്. എല്ലാം ഒത്തുവന്നാൽ താമസിയാതെ ആ മോഹം സഫലമാകും. അഭിഷേക് ബച്ചൻ യേശുവിന്റെ സ്വരത്തിൽ പാടും; ഫത്തേപ്പൂർ സിക്രിയിൽ താൻസൻ പാടി മഴ പെയ്യിച്ച അതേ സംഗീത സോപാനത്തിൽ ഇരുന്നുകൊണ്ട്. അവിടെ വെച്ചുതന്നെ ആ ഗാനം ചിത്രീകരിക്കണമെന്നത് എന്റെ വാശിയാണെന്ന് കൂട്ടിക്കോളൂ..’ അവസാനത്തെ ഫോൺ സംഭാഷണത്തിനിടെ സംഗീതസംവിധായകൻ പങ്കുവെച്ച സ്വപ്നം. പക്ഷേ, അത് സഫലമാക്കാൻ വിധി അദ്ദേഹത്തെ അനുവദിച്ചില്ല. സംഗീത പ്രേമികളുടെ ഭാഗ്യദോഷം.
Content Highlights: Explore the story behind Yesudas`s unreleased song for the Tansen film and his memorable encounter with PM Narendra Modi. A tale of music, dedication, and dreams.