കൂർത്ത കമ്പിയിൽ തലയിടിച്ചു, അന്നാദ്യമായി ഡ്യൂപ്പിന്റെ ശരീരത്തിൽ ചോര പൊടിയുന്നത് ത്യാഗരാജൻ കണ്ടു

#ഭാനുപ്രകാശ്
പുലികേശിയും (ഇടത്ത്) ത്യാഗരാജനും (വലത്ത്)
പുലികേശിയും (ഇടത്ത്) ത്യാഗരാജനും (വലത്ത്)

ഷൂട്ടിങ്ങിന് എപ്പോഴും തടിമിടുക്കുള്ളവരെയാണ് പുലികേശി കൊണ്ടുപോകാറുള്ളത്. അതുകൊണ്ടുതന്നെ പുലികേശിയുടെ കീഴില്‍ നല്ല പരിശീലനം കിട്ടിയെങ്കിലും സിനിമയില്‍ ഒരു ഫൈറ്റിന്റെ ഭാഗമാവാന്‍ ത്യാഗരാജന് പിന്നെയും കാത്തിരിക്കേണ്ടിവന്നു. വര്‍ഷങ്ങളായി പുലികേശിയുടെ ഗ്രൂപ്പിന് ഒരു തലവനുണ്ടായിരുന്നു, എല്ലാ അടവുകളും പഠിച്ച പൊന്നുസ്വാമി. ആറുമാസത്തെ പരിശീലനം കഴിഞ്ഞപ്പോള്‍ പൊന്നുസ്വാമിയുമായി ഏറ്റുമുട്ടാന്‍ ത്യാഗരാജനോട് പുലികേശി നിര്‍ദ്ദേശിച്ചു. നാടകമന്‍ട്രത്തിലെ ഒട്ടുമിക്ക അംഗങ്ങള്‍ക്കും പൊന്നുസ്വാമിയെ ഭയമായിരുന്നു. അദ്ദേഹത്തിന്റെ കീഴിലാണ് പരിശീലനമെങ്കില്‍ ശരീരത്തിന്റെ ഏതു ഭാഗത്തും അറിഞ്ഞുകൊണ്ടുതന്നെ പൊന്നുസ്വാമി അടി വീഴ്ത്തിയിരിക്കും. അങ്ങനെയുള്ളൊരാളുമായി ഏറ്റുമുട്ടാനാണ് ത്യാഗരാജനോട് പറഞ്ഞത്. രാവിലെ എട്ടുമണിക്ക് ത്യാഗരാജന്‍ പൊന്നുസ്വാമിയുമായി ഫൈറ്റ് തുടങ്ങി. നാടകമന്‍ട്രത്തിലെ എഴുപതോളം അംഗങ്ങള്‍ കാഴ്ചക്കാരായി. ഗ്രൂപ്പിന്റെ തലവനോടാണ് പൊരുതുന്നത്. അതുകൊണ്ടുതന്നെ മിക്കവരും ത്യാഗരാജന്റെ പരാജയം ഉറപ്പിച്ചിരുന്നു. മൂന്നു മണിക്കൂര്‍ നീണ്ട ഫൈറ്റില്‍ പലതരം അടവുകളും അഭ്യാസങ്ങളും അരങ്ങേറി. കമ്പും കത്തിയും ശൂലവും വാളുമൊക്കെയായി പൊന്നുസ്വാമിയും ത്യാഗരാജനും അക്ഷീണം പൊരുതി. ഒടുവില്‍ മല്ലയുദ്ധമായിരുന്നു. അതിനിറങ്ങുംമുമ്പേ ഗ്രൂപ്പിലെ ചിലര്‍ പറഞ്ഞു: 'വേണ്ട ത്യാഗരാജാ.., തോല്‍വി സമ്മതിച്ച് പിന്മാറിയേക്ക്.' കഠിനജീവിതത്തിനു മുന്നില്‍ തോറ്റുപോകാത്തവനോടാണോ പിന്മാറാന്‍ പറയുന്നത്... പൊന്നുസ്വാമി ത്യാഗരാജനെയെടുത്ത് അമ്മാനമാടുമെന്നു കരുതിയവര്‍ക്ക് തെറ്റി. മല്ലയുദ്ധത്തിന്റെ തുടക്കത്തില്‍ത്തന്നെ പരാജയപ്പെട്ടുകൊണ്ടിരുന്ന പൊന്നുസ്വാമിയെ ഒടുവില്‍ ത്യാഗരാജന്‍ തോളിലിട്ട് കറക്കി നിലത്തിട്ടു. കാഴ്ചക്കാരെല്ലാം അമ്പരന്നുപോയ നിമിഷം. ആഹ്ലാദമടക്കാന്‍ കഴിയാതെ കൈയടിച്ചുകൊണ്ട് പുലികേശി എഴുന്നേറ്റു. 'ഇന്നു മുതല്‍ നമ്മുടെ ഗ്രൂപ്പിന്റെ തലവന്‍ പൊന്നുസ്വാമിയല്ല, ഇതാ ഇവനാണ്, ഈ നില്‍ക്കുന്ന ത്യാഗരാജന്‍.' 

തോല്‍വിയേറ്റുവാങ്ങിയ പൊന്നുസ്വാമിയടക്കം ത്യാഗരാജനെ അഭിനന്ദിച്ച നേരം ഒരാള്‍ നാടകമന്‍ട്രത്തില്‍നിന്ന് പുറത്തേക്കിറങ്ങി. തന്റെ മുന്നില്‍ സഹായത്തിനായി കൈനീട്ടി വന്നവന്‍ തലവനായി നില്‍ക്കുന്ന നാടകമന്‍ട്രത്തില്‍ ഇനി തുടരാനാവില്ല എന്നുവെച്ച് അയാള്‍ നടന്നകന്നു: ആമ്പൂര്‍ ബാബു! 
പൊന്നുസ്വാമിയെ അടിച്ചുവീഴ്ത്തിയതിനുശേഷം പുലികേശി വലിയ പരിഗണനയാണ് ത്യാഗരാജനു നല്‍കിയത്. കൂടപ്പിറപ്പിനെപ്പോലെ അയാള്‍ ത്യാഗരാജനെ സ്നേഹിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ പലരും ത്യാഗരാജന്റെ ശത്രുക്കളായി മാറി. അവരുടെ നീക്കങ്ങള്‍ തിരിച്ചറിയാന്‍ പലപ്പോഴും ത്യാഗരാജന് കഴിഞ്ഞില്ലെങ്കിലും പുലികേശിയുടെ സംരക്ഷണം എപ്പോഴും ത്യാഗരാജന്റെ ജീവനുമേല്‍ ഉണ്ടായിരുന്നു. ഗ്രൂപ്പിന്റെ തലവനായി ത്യാഗരാജനെ നിയമിച്ച ദിവസം രാത്രി പുലികേശി പറഞ്ഞു: 'നാളെ മുതല്‍ ത്യാഗരാജന് എന്നോടൊപ്പം ഷൂട്ടിങ് സെറ്റിലേക്ക് വരാം.' 

Content Highlights: stunt choreographer thyagarajan action tamil movie shivaji ganeshan, mgr action scene pulikeshi

Continue reading