മുഹൂര്‍ത്ത വ്യാപാരം: സമയവും മറ്റ് വിശദാംശങ്ങളും അറിയാം

Photo: Gettyimages
Photo: Gettyimages

ഞായറാഴ്ചയാണെങ്കിലും സ്റ്റോക്ക് എക്‌ചേഞ്ചുകളും നിക്ഷേപകരും സജീവമാണ്. ദീപാലവലിയോടനുബന്ധിച്ചുളള മുഹൂര്‍ത്ത വ്യാപാരം നടക്കുന്നദിനം. 15 മിനുട്ട് പ്രീ മാര്‍ക്കറ്റ് സെഷന്‍ ഉള്‍പ്പെടുന്ന പ്രതീകാത്മക ട്രേഡിങിനായി വൈകുന്നേരം 6 മുതല്‍ 7.15വരെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ തുറന്നിരിക്കും. 

മുഹൂര്‍ത്ത വ്യാപാരം
ഓഹരികളില്‍ നിക്ഷേപിക്കാനുള്ള ശുഭദിനമായാണ് ദീപാവലി ദിനത്തെ കാണുന്നത്. അതിനായി പ്രതീകാത്മകമായി ഒരു മണിക്കൂര്‍ നീളുന്ന വ്യാപാര സെഷനാണ് സംഘടിപ്പിക്കുന്നത്. നിക്ഷേപത്തിന് തുടക്കമിടാന്‍ അനുയോജ്യമായ സമയമായി കണക്കാക്കുന്നതിനാല്‍ വിപണിയിലെ പങ്കാളിത്തം പൊതുവെ ഉയര്‍ന്നതായിരിക്കും. ഈ ദിനത്തിലെ വ്യാപാരം വര്‍ഷം മുഴുവനും നേട്ടം സമ്മാനിക്കുമെന്നും കരുതുന്നു. 

ശുഭമുഹൂര്‍ത്തത്തില്‍ വ്യാപാരം നടത്തുന്നത് അഭിവൃദ്ധിയും സാമ്പത്തിക വളര്‍ച്ചയും കൊണ്ടുവരുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ പതിവ് വ്യാപാരം ഇല്ലെങ്കില്‍പോലും എല്ലാ വര്‍ഷവും ദീപാവലി ദിനത്തില്‍ ഒരു മണിക്കൂര്‍ വ്യാപാരത്തിനായി എക്‌സ്‌ചേഞ്ചുകള്‍ തുറക്കുന്നു. 

ഓഹരി, കമ്മോഡിറ്റി ഡെറിവേറ്റുകള്‍, കറന്‍സി ഡെറിവേറ്റുകള്‍, ഇക്വിറ്റി ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് എന്നിവയില്‍ ഈസമയത്ത് ഇടപാട് നടക്കും. മുഹൂര്‍ത്ത വ്യാപാരത്തില്‍ നടക്കുന്ന എല്ലാ ഇടപാടുകളും ഇന്ന് തന്നെ തീര്‍പ്പാക്കുകയും ചെയ്യും. 

2022ലെയും 2021ലെയും മുഹൂര്‍ത്ത ട്രേഡിങ് സെഷനുകളില്‍ വിപണി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞവര്‍ഷം സെന്‍സെക്‌സും നിഫ്റ്റിയും 0.88 ശതമാനം നേട്ടമുണ്ടാക്കി. 2021ല്‍ 0.49 ശതമാനവും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 24ന് വൈകീട്ട് 6.15 മുതല്‍ 7.15 വരെയാണ് മുഹൂര്‍ത്ത വ്യാപാരം നടന്നത്. 

കഴിഞ്ഞ പത്ത് മുഹൂര്‍ത്ത വ്യാപാരങ്ങളില്‍ എഴ് തവണയും വിപണി നേട്ടമുണ്ടാക്കി. ഈ ദിനത്തിന്റെ പ്രത്യേകതയും നിക്ഷേപക താല്‍പര്യവുമാണ് ഇത് സൂചിപ്പിക്കുന്നത്. ഓഹരി നിക്ഷേപത്തില്‍ താത്പര്യം വര്‍ധിച്ചുവരുന്ന കാലംകൂടിയാണിത്. ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 13 കോടി പിന്നിട്ടു. ദീര്‍ഘകാല ലക്ഷ്യത്തോടെ ഓഹരിയില്‍ നിക്ഷേപിച്ചാല്‍ മറ്റെല്ലാ പദ്ധതികളേക്കാളും ഉയര്‍ന്ന നേട്ടസാധ്യതയാണ് ഓഹരി മുന്നോട്ടുവെയ്ക്കുന്നത്. 

മുഹൂര്‍ത്ത വ്യാപാരം: നിക്ഷേപിക്കാന്‍ അഞ്ച് ഓഹരികള്‍ | Samvat 2080

Content Highlights: Diwali Muhurat Trading today: Timings and details