ഗോള്‍ഡ് ബോണ്ട്: മെച്യൂരിറ്റി തുക പ്രഖ്യാപിച്ചു, നിക്ഷേപകര്‍ക്ക് ഇരട്ടിയിലേറെ നേട്ടം

#Money Desk
-
-

റിസര്‍വ് ബാങ്ക് ആദ്യമായി പുറത്തിറക്കിയ ഗോള്‍ഡ് ബോണ്ടിന്റെ തിരികെയെടുക്കല്‍ തുക പ്രഖ്യാപിച്ചു. എട്ട് വര്‍ഷത്തിനിടെ സ്വര്‍ണത്തിന്റെ വില ഇരട്ടിയിലേറെ വര്‍ധിച്ചതിനാല്‍ മികച്ച നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. ഗോള്‍ഡ് ബോണ്ടിന്റെ വ്യവസ്ഥ പ്രകാരം, ഇന്ത്യന്‍ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്റെ 999 ശുദ്ധിയുള്ള സ്വര്‍ണത്തിന്റെ മുന്‍ ആഴ്ചയിലെ ശരാശരി വില കണക്കാക്കിയാണ് മെച്ചൂരിറ്റി തുക നിശ്ചയിക്കുന്നത്. 

നവംബര്‍ 30നാണ് ഗോള്‍ഡ് ബോണ്ടിന്റെ കാലാവധി പൂര്‍ത്തിയാകുക. ഇതുപ്രകാരം ഒരു ഗ്രാമിന് തുല്യമായ യൂണിറ്റിന്റെ വില 6,132 രൂപയായാണ് നിശ്ചയിച്ചിട്ടുള്ളത്. നവംബര്‍ 20 മുതല്‍ 24 വരെയുള്ള സ്വര്‍ണവിലയുടെ ക്ലോസിങ് നിരക്കിന്റെ ശരാശരി പ്രകാരമാണ് ഈ വില. ആദ്യ ഗോള്‍ഡ് ബോണ്ടിന്റെ കാലാവധി നവംബര്‍ 30ന് പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന നേട്ടത്തെ കുറിച്ച് 'മാതൃഭൂമി മണി' ഈമാസം ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഇഷ്യു തുക 2,684 രൂപ
ആദ്യം പുറത്തിറക്കിയ ഗോള്‍ഡ് ബോണ്ടിന്റെ ഒരു ഗ്രാമിന് തുല്യമായ യൂണിറ്റിന് 2,684 രൂപയാണ് നിശ്ചയിച്ചിരുന്നത്. അന്നത്തെ വിലയുടെ ഇരട്ടിയിലേറയാണ് നിലവില്‍ ലഭിക്കുക. 

ആദായം 128 %
ആദ്യമായി ഗോള്‍ഡ് ബോണ്ട് പുറത്തിറക്കിയപ്പോള്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചുവെന്ന് കരുതുക. യൂണിറ്റ് ഒന്നിന് 2,684 രൂപ പ്രകാരം 37 ഗ്രാം സ്വര്‍ണത്തിന് തുല്യമായ ബോണ്ട് ആയിരിക്കും ലഭിച്ചിട്ടുണ്ടാകുക. ഇതുപ്രകാരമുള്ള തുക 99,308 രൂപയുമാണ്. നിലവില്‍ ഗ്രാമിന് 6,132 രൂപ പ്രകാരം 2,26,884 രൂപയാണ് മെച്യൂരിറ്റി തുകയായി നിക്ഷേപകന്റെ കയ്യില്‍ കിട്ടുക. 

ഗോള്‍ഡ് ബോണ്ടില്‍നിന്ന് ലഭിച്ച പലിശ കണക്കാക്കാതെതന്നെ നിക്ഷേപം 128 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വാര്‍ഷിക ആദായ(സിഎജിആര്‍) പ്രകാരമാണെങ്കില്‍ റിട്ടേണ്‍ 10.90 ശതമാനവുമാണ്. 2015 ഒക്ടോബര്‍ 30ന് ആര്‍ബിഐ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ഗോള്‍ഡ് ബോണ്ടിലെ നിക്ഷേപ തുകയ്ക്ക് സ്വര്‍ണത്തിന്റെ വില വര്‍ധനവിനോടൊപ്പം 2.75 ശതമാനം പലിശയും വാഗ്ദാനം ചെയ്തിരുന്നു. ആറ് മാസത്തിലൊരിക്കല്‍ നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പലിശ വരവുവെയ്ക്കുകയാണ് ചെയ്തിരുന്നത്. ഇതുപ്രകാരം മുകളില്‍ വിശദമാക്കിയ നിക്ഷേപ തുക അടിസ്ഥാനത്തില്‍ ആറുമാസം കൂടമ്പോള്‍ 1,365 രൂപയാണ് ലഭിച്ചിട്ടുണ്ടാകുക. ഈ പലിശകൂടി ചേര്‍ക്കുമ്പോള്‍ മൊത്തം നേട്ടം 13.65 ശതമാനമാകും(നിലവില്‍ ഗോള്‍ഡ് ബോണ്ടിന് 2.5 ശതമാനമാണ് പലിശ). ആറുമാസം കൂടുമ്പോള്‍ ലഭിച്ച പലിശ വീണ്ടും നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇതില്‍ കൂടുതല്‍ ആദായം ലഭിക്കുമായിരുന്നു. 


ഗോള്‍ഡ് ബോണ്ട്
2015 നവംബര്‍ 30നാണ് ആദ്യത്തെ ഗോള്‍ഡ് ബോണ്ട് ഇഷ്യു നടന്നത്. എല്ലാ സാമ്പത്തിക വര്‍ഷവും ഘട്ടംഘട്ടമായി സര്‍ക്കാരിന് വേണ്ടി ആര്‍ബിഐ ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നുണ്ട്. ഒരു സാമ്പത്തിക വര്‍ഷം കുറഞ്ഞത് ഒരു ഗ്രാമിന് തുല്യമായ യൂണിറ്റും പരമാവധി നാല് കിലോഗ്രാം വരെയും വ്യക്തികള്‍ക്ക് നിക്ഷേപം നടത്താം. 

ഓരോ തവണയും മുന്‍ ആഴ്ചയിലെ സ്വര്‍ണ വിലയുടെ ശരാശരിയെടുത്താണ് ഇഷ്യു പ്രൈസ് നിശ്ചയിക്കുന്നത്. എട്ട് വര്‍ഷമാണ് മെച്യൂരിറ്റി കാലാവധിയെങ്കിലും അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പിന്‍വലിക്കാന്‍ അനുവദിക്കും. ദ്വിതീയ വിപണി(സ്റ്റോക്ക് എക്സ്ചേഞ്ച്)വഴി എപ്പോള്‍ വേണമെങ്കിലും വാങ്ങാനും വില്‍ക്കാനും കഴിയും. എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയശേഷമാണ് നിക്ഷേപം പിന്‍വലിക്കുന്നതെങ്കില്‍ ലഭിക്കുന്ന ആദായം പൂര്‍ണമായും നികുതി വിമുക്തമാണ്. ഒരു രൂപപോലും ആദായനികുതി നല്‍കേണ്ടതില്ല. 

സാമ്പത്തിക-നിക്ഷേപ ലോകത്തെ വാര്‍ത്തകളും വിശകലനങ്ങളും ടെലഗ്രാം വഴി അറിയാം. ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ലിക്ക് ചെയ്യൂ...https://t.me/+_CUx-PDAqMthYWU1

Content Highlights: Redemption price of first Sovereign Gold Bond announced