പ്രതിമാസം 50,000 രൂപ നിക്ഷേപിക്കാൻ യോജിച്ച ഫണ്ടുകൾ എങ്ങനെ തിരഞ്ഞെടുക്കും?

ജോലി കിട്ടിയിട്ട് മൂന്നുവർഷത്തോളമായി. പത്തുവർഷത്തിനുള്ളിൽ നല്ലൊരു തുക നിക്ഷേപത്തിലൂടെ സമാഹരിക്കണമെന്നുണ്ട്. അതിനായി ഇപ്പോൾ 50,000 രൂപ വീതം മാസംതോറും നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. എങ്ങനെയാണ് നിക്ഷേപം നടത്തേണ്ടത്?
വൈശാഖ്, തൃപ്പൂണിത്തുറ
ചെറിയ പ്രായത്തിൽത്തന്നെ കൂടുതൽ തുക നിക്ഷേപിക്കാനുള്ള ശ്രമത്തെ അഭിനന്ദിക്കുന്നു. ദീർഘകാലയളവിൽ മികച്ച നേട്ടം സ്വന്തമാക്കാൻ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ തന്നെയാണ് അനുയോജ്യം. നിക്ഷേപകാലയളവ്, റിസ്ക് എടുക്കാനുള്ള കഴിവ്, പോർട്ട്ഫോളിയോ കൈകാര്യം ചെയ്യാനുള്ള അറിവ് എന്നിവ വിലയിരുത്തിവേണം നിക്ഷേപം നടത്താൻ.
സാധാരണയായി മൂന്നോ നാലോ ഓഹരി അധിഷ്ഠിത ഫണ്ടുകൾ മതിയാകും. നിക്ഷേപിക്കുന്ന തുകയിൽ വർധനയുണ്ടായാലും ഫണ്ടുകളുടെ എണ്ണം കൂട്ടേണ്ടതില്ല. വലിയ തുക നിക്ഷേപിക്കാനുണ്ടെങ്കിലും ലളിതമായി പോർട്ട്ഫോളിയോ ക്രമീകരിക്കുന്നതാകും ഉചിതം.
ഫ്ലെക്സി, മൾട്ടി ക്യാപുകൾ
ദീർഘകാലയളവിൽ മികച്ച ആദായം പ്രതീക്ഷിക്കുന്നവർക്കും സങ്കീർണതകളില്ലാതെ പോർട്ട്ഫോളിയോ കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഈ വിഭാഗങ്ങളിലെ മികച്ച ഫണ്ടുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. വൻകിട, ഇടത്തരം, ചെറുകിട കമ്പനികളിൽ നിക്ഷേപിക്കുന്നതിനാൽ മികച്ച രീതിയിൽ വൈവിധ്യവത്കരണം സാധ്യമാകും.
സ്മോൾ ക്യാപ്
ഏഴു വർഷം മുതൽ പത്തുവർഷംവരെ നിക്ഷേപം നടത്താൻ തയ്യാറുള്ളവർക്കും വിപണിയിലെ ചാഞ്ചാട്ടം നേരിടാൻ ശേഷിയുള്ളവർക്കും സ്മോൾ ക്യാപ് ഫണ്ടുകൂടി പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്താം. വലിയതോതിൽ ചാഞ്ചാട്ടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ചെറിയ വിഹിതംമാത്രം നീക്കിവെക്കുന്നതാകും ഉചിതം. ഉയർന്ന നഷ്ടസാധ്യതയും നേട്ടസാധ്യതയും ഈ വിഭാഗത്തിലെ ഫണ്ടുകൾക്കുണ്ടെന്ന കാര്യം ശ്രദ്ധിക്കുക.
പ്രതിമാസം 50,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നുണ്ടെങ്കിൽപ്പോലും നാലു ഫണ്ടുകൾ മതിയാകും. ഫണ്ടുകളുടെ എണ്ണം കൂടുന്നത് പലപ്പോഴും ഓവർലാപ്പിന് കാരണമാകുകയും മികച്ച വൈവിധ്യവൽക്കരണം സാധ്യമാകാതെ പോകുകയും ചെയ്യും.
Content Highlights: Allocate a monthly investment of Rs 50,000 into equity mutual funds for a 10-year horizon., Limit the portfolio to 3 or 4 well-diversified funds to avoid fund overlap., Choose Flexi-cap and Multi-cap funds for balanced growth and simple management., Include Small-cap funds only if you have a high risk appetite and a 7-10 year commitment.