സ്ഥിരവരുമാനമില്ല: എങ്ങനെ എസ്.ഐ.പി ക്രമീകരിക്കാം?

#Wealth Desk
Image:Freepik
Image:Freepik

തൃശ്ശൂർ ജില്ലയിലെ ഒരു ചെറു പട്ടണത്തിൽ സ്വയംതൊഴിൽ ചെയ്യുന്നു. സ്ഥിരമായി വരുമാനം പ്രതീക്ഷിക്കാൻ കഴിയില്ല. മകന്റെ ഉന്നത വിദ്യാഭ്യാസത്തിനായി എസ്.ഐ.പി ചെയ്യണമെന്നുണ്ട്. എല്ലാമാസവും കൃത്യമായി അടയ്ക്കാൻ കഴിയുമോയെന്നറിയില്ല. എപ്രകാരം നിക്ഷേപം ക്രമീകരിക്കാമെന്ന് വിശദമാക്കാമോ?

വിനീത്, ചാവക്കാട്‌.

കൃത്യമായ ഇടവേളകളിൽ നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റുമെന്റ് പ്ലാൻ(എസ്.ഐ.പി). പ്രതിമാസം 100 രൂപ മുതൽ മ്യൂച്വൽ ഫണ്ടുകളിൽ എസ്.ഐ.പിയായി നിക്ഷേപിക്കാൻ കഴിയും. അതുകൊണ്ടുതന്നെ ദിവസ വേതനക്കാരന് പോലും ഓഹരിയിലെ നിക്ഷേപത്തിൽനിന്ന് നേട്ടമുണ്ടാക്കാൻ അവസരമുണ്ട്.

എമർജൻസി ഫണ്ട്
ദിവസ വേതനക്കാരും സ്ഥിര വരുമാനമില്ലാത്തവരും ആദ്യം ചെയ്യേണ്ടത് മൂന്നു മാസത്തെ ചെലവിനുള്ള തുക അടിയന്തര ആവശ്യങ്ങൾക്കായി നിക്കിവെയ്ക്കുകയെന്നതാണ്. ഈ തുക നഷ്ടസാധ്യതയില്ലാത്ത ലിക്വിഡ് ഫണ്ടിലോ അൾട്ര ഷോട്ട് ഡ്യൂറേഷൻ ഫണ്ടിലോ നിക്ഷേപിക്കാം. അതിനുശേഷം ആഴ്ചയിലോ മാസത്തിലെ നിശ്ചിത തുക മിച്ചംപിടിച്ച് മുകളിൽ പറഞ്ഞ ഫണ്ടുകളിലേക്ക് മാറ്റുക.

നിക്ഷേപം ക്രമീകരിക്കാം
ഭാവിയിലേക്ക് ആവശ്യമുള്ള തുക കണ്ടെത്തി ഇനി നിക്ഷേപം തുടങ്ങാം. ഉദാഹരണത്തിലൂടെ വിശദമാക്കാം. മൂന്ന് വയസ്സുള്ള കുഞ്ഞിന്റെ ഉന്നത വിദ്യാഭ്യാസത്തിന് 15 വർഷം കഴിയുമ്പോൾ അഞ്ച് ലക്ഷം രൂപ വേണ്ടിവരുമെന്ന് കരുതുക. മാസം 1000 രൂപ നിക്ഷേപിച്ചാൽ (12 ശതമാനം ആദായ പ്രകാരം) ഈ തുക കണ്ടെത്താം. 10 ലക്ഷം രൂപയാണ് ലക്ഷ്യമെങ്കിൽ മാസം 2,000 രൂപ നിക്ഷേപിച്ചാൽ മതിയാകും. 20 ലക്ഷം രൂപയാണ് ലക്ഷ്യമെങ്കിൽ പ്രതിമാസം 4,000 രൂപയാണ് നിക്ഷേപിക്കേണ്ടിവരിക.

എസ്.ടി.പി
മൂന്ന് മാസത്തെ ചെലവിനുള്ള തുക എമർജൻസി ഫണ്ടായി ക്രമീകരിച്ചുകഴിഞ്ഞു. മിച്ചം പിടിക്കുന്ന തുകയും ഇതേ ഫണ്ടിലേയ്ക്ക് മാറ്റാനും തീരുമാനിച്ചു. അതുപ്രകാരം ലിക്വിഡ് ഫണ്ടിൽ ആവശ്യത്തിന് പണം എക്കാലത്തും നിലനിർത്താൻ കഴിയും. ഈ ഫണ്ടിൽനിന്ന് ദീർഘകാല ലക്ഷ്യത്തോടെ നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടിലേയ്ക്ക് സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ വഴി നിക്ഷേപം ക്രമീകരിക്കാം. എസ്.ഐ.പിയുടെ അതേ നേട്ടം സ്വന്തമാക്കാൻ ഇത്തരത്തിലുള്ള നിക്ഷേപത്തിലൂടെ കഴിയും.

ലിക്വിഡ്, അൾട്ര ഷോട്ട് ഡ്യൂറേഷൻ ഫണ്ടുകൾ എന്നിവയിൽനിന്ന് ശരാശരി ആറ് മുതൽ എട്ട് ശതമാനംവരെ വാർഷിക ആദായം ലഭിക്കും. അതായത്, അടിയന്തര ആവശ്യത്തിനായി സൂക്ഷിച്ചിട്ടുളള പണത്തിനും മിച്ചംപിടിച്ച് പിന്നീട് ചേർക്കുന്ന നിക്ഷേപത്തിനും ദിനംപ്രതിയെന്നോണം നേട്ടം ലഭിക്കും. എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കാനും നിക്ഷേപം പിൻവലിക്കാനും കഴിയും. പണം പിൻവലിക്കുമ്പോഴുള്ള എക്‌സിറ്റ് ലോഡ് ഈ ഫണ്ടുകൾക്കില്ല.

ഇക്വിറ്റി ഫണ്ട്
അഗ്രസീവ് ഹൈബ്രിഡ്, ഫ്‌ളക്‌സി ക്യാപ് എന്നീ വിഭാഗങ്ങളിലെ ഫണ്ടുകളാകും കുറഞ്ഞ വരുമാനക്കാർക്ക് യോജിച്ചത്. ഈ വിഭാഗങ്ങളിലെ മികച്ച ഫണ്ടുകളിലൊന്ന് തിരഞ്ഞെടുത്ത് പ്രതിമാസ എസ്.ടി.പി ആരംഭിക്കാം. ഏത് ഇക്വിറ്റി ഫണ്ടിലാണോ നിക്ഷേപം നടത്തുന്നത് അതേ എ.എം.സിയുടെ ല്വിക്വിഡ് ഫണ്ടിലോ അൾട്ര ഷോട്ട് ഡ്യൂറേഷൻ ഫണ്ടിലോ ആയിരിക്കണം എമർജിൻസി ഫണ്ട് ക്രമീകരിക്കേണ്ടത്. എസ്.ടി.പിക്ക് അതാണ് യോജിച്ചത്. അല്ലെങ്കിൽ സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാൻ (എസ്.ഡബ്ല്യു.പി)വഴി പണം തിരികെയെടുത്ത് എസ്.ഐ.പിയായി നിക്ഷേപിക്കേണ്ടിവരും.

Content Highlights: Start SIP with as low as Rs 100 for daily wage earners., Build a 3-month emergency fund in liquid or ultra-short duration funds., Use Systematic Transfer Plan (STP) to invest in equity funds gradually., Target specific education goals like Rs 5 lakh to Rs 20 lakh over 15 years.