പ്രത്യേക കാലയളവില്‍ കൂടുതല്‍ പലിശ: നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ബാങ്കുകള്‍

വര്‍ധിച്ച വായ്പാ ആവശ്യം നിറവേറ്റാന്‍ നിക്ഷേപ സമാഹരണത്തിന് ബാങ്കുകള്‍. പ്രത്യേക കാലയളവിലെ നിക്ഷേപ പ്ലാന്‍ അവതരിപ്പിച്ചാണ് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നത്. 0.25 ശതമാനം മുതല്‍ 0.30 ശതമാനംവരെ വര്‍ധനവാണ് പലിശ നിരക്കില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ ബാങ്കുകളാണ് 7.25 ശതമാനം മുതല്‍ 7.30 ശതമാനംവരെയാണ് പലിശ വാഗ്ദാനം ചെയ്ത് 399 മുതല്‍ 444 ദിവസം വരെയുള്ള പ്രത്യേക നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക പലിശയും ഈ ബാങ്കുകള്‍ നല്‍കുന്നുണ്ട്.
ഉയര്‍ന്ന പലിശ നിരക്ക് കുറച്ചുകാലംകൂടി തുടരാനാണ് സാധ്യത. 2024 ജൂണിന് ശേഷം നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ഇതോടെ മങ്ങി. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ നിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറാവില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് ഹ്രസ്വകാലയളവില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ബാങ്കുകള്‍ രംഗത്തെത്തിയത്.
രണ്ട് വര്‍ഷത്തില്‍ താഴെ കാലയളവിലെ നിക്ഷേപത്തിനാണ് ബാങ്കുകള്‍ ഉയര്‍ന്ന പലിശ നല്‍കുന്നത്. നിരക്ക് കുറയ്ക്കുമ്പോള്‍ ഉയര്‍ന്ന പലിശ ബാധ്യത തുടരാന്‍ ബാങ്കുകള്‍ താത്പര്യപ്പെടുന്നില്ലെന്നതാണ് ഇതിന് കാരണം. അതേസമയം, റീട്ടെയില്‍ നിക്ഷേപ സമാഹണം ബാങ്കുകള്‍ക്ക് അത്ര എളുപ്പമല്ലാതായിട്ടുണ്ട്. അതുകൊണ്ടാണ് പരിമിതമായ കാലത്തേക്കുള്ള പദ്ധതികള്‍ ബാങ്കുകള്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്നാണ് വിലയിരുത്തല്‍.
വായ്പാ വളര്‍ച്ച 14-16 ശതമാനമായി തുടരുകയാണെങ്കില്‍ നിക്ഷേപ സമാഹരണത്തിന് ഉയര്‍ന്ന പലിശ നല്‍കേണ്ടിവരുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക കാലയളവില്‍ ഉയര്‍ന്ന പലിശ നല്‍കുന്ന നിക്ഷേപ പദ്ധതികള്‍ ബാങ്കുകള്‍ അവതരിപ്പിച്ചത്.
ബാങ്കുകളുടെ പദ്ധതികള്‍
അമൃത് വൃഷ്ടി പദ്ധതി പ്രകാരം 444 ദിവസത്തെ നിക്ഷേപത്തിന് 7.25 ശതമാനം പലിശയാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. ബാങ്ക് ഓഫ് ബറോഡയുടെ മണ്‍സൂണ്‍ ധമാക്ക പ്രകാരം 399 ദിവസത്തെ നിക്ഷേപ പദ്ധതിയില്‍ 7.25 ശതമനവും പലിശ ലഭിക്കും. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കാകട്ടെ 444 ദിവസത്തെ നിക്ഷേപത്തിന് 7.30 ശതമാനം പലിശയാണ് നല്‍കുന്നത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര 200 ദിവസത്തെ നിക്ഷേപത്തിന് 6.90 ശതമാനവും 400 ദിവസത്തെ നിക്ഷേപത്തിന് 7.10 ശതമാനവും പലിശ നല്‍കുന്നു.
നിക്ഷേപത്തിന്റെയും വായ്പയുടെയും അനുപാതത്തിലെ വ്യത്യാസം കുറയ്ക്കാന്‍ ഈയിടെ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയിരുന്നു. ജൂണ്‍ 28 വരെയുള്ള കണക്കുപ്രകാരം വായ്പയില്‍ 14 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. നിക്ഷേപ വളര്‍ച്ചയാകട്ടെ 11 ശതമാനവുമാണ്.
സാമ്പത്തിക-നിക്ഷേപ ലോകത്തെ വാര്‍ത്തകളും വിശകലനങ്ങളും ടെലഗ്രാം വഴി അറിയാം. ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ലിക്ക് ചെയ്യൂ...https://t.me/+_CUx-PDAqMthYWU1
Content Highlights: Banks Seek to Entice Investors with Attractive interest rate for special plans