കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യയില്‍ 10 ഷോറൂമുകള്‍ തുറക്കുന്നു

-
-

കൊച്ചി: പ്രമുഖ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ദീപാവലിക്കു മുമ്പായി ഇന്ത്യയിലെ റീട്ടെയ്ല്‍ സാന്നിദ്ധ്യം എട്ടു ശതമാനം വര്‍ദ്ധിപ്പിക്കും. വിഷന്‍ 2025 ന്റെ ഭാഗമായി ഡല്‍ഹി, മുംബൈ തുടങ്ങിയ ടിയര്‍-1 നഗരങ്ങളിലും ടിയര്‍-2, ടിയര്‍-3 വിപണികളിലുമായി പുതിയ 10 സ്റ്റോറുകള്‍ തുറക്കും.

ഡല്‍ഹി എന്‍സിആറിലെ രജൗരി ഗാര്‍ഡന്‍സ്, ജനക്പുരി, ഗുരുഗ്രാം ഗോള്‍ഡ് സൂക്ക് എന്നിവിടങ്ങളില്‍ പുതിയതായി മൂന്ന് ഷോറൂമുകളും ഉത്തര്‍പ്രദേശില്‍ ലക്‌നൗവില്‍ ഗോംമ്തി നഗര്‍, ലുലു മാള്‍, ഗംഗയുടെ തീരനഗരമായ വാരണാസി എന്നിവിടങ്ങളിലും സ്റ്റോറുകള്‍ ആരംഭിക്കും. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍, ഡോംബിവ് ലി (മുംബൈ), ഒഡീഷയിലെ ബര്‍ഹാംപൂര്‍, ഛത്തീസ്ഗഡിലെ ബിലാസ്പുര്‍ എന്നിവിടങ്ങളിലും ഓരോ സ്റ്റോറുകള്‍ പുതിയതായി തുടങ്ങും.

കല്യാണ്‍ ജൂവലേഴ്‌സിന് ഇന്ത്യയില്‍ 127 ഷോറൂമുകളാണുള്ളത്. 77 എണ്ണം തെക്കേ ഇന്ത്യയിലും 50 എണ്ണം മറ്റിടങ്ങളിലുമാണ്. ഗള്‍ഫില്‍ കമ്പനിക്ക് 31 സ്റ്റോറുകളുണ്ട്.

Content Highlights: Kalyan Jewelers opens 10 showrooms in India