പാഠം 189|ബെന്‍സിന്റെ എതിരാളി ഔഡിയല്ല; എസ്.ഐ.പി

ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന് പുതിയ എതിരാളി വന്നിരിക്കുന്നു. ബെന്‍സിന്റെ ഇന്ത്യയിലെ വില്പന വിഭാഗം തലവനായ സന്തോഷ് അയ്യരാണ് അപ്രതീക്ഷിതമായി ഇക്കാര്യം വെളിപ്പെടുത്തിയത്. എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ താല്‍പര്യപ്പെടുന്നവരുടെ എണ്ണം കൂടിയത് മെഴ്‌സിഡ് ബെന്‍സിന്റെ വില്പനയെ ബാധിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രകാരം, ഓരോ മാസവും 15,000 ത്തോളം പേരാണ് കാറ് വാങ്ങുന്നതിന് അന്വേഷണം നടത്തുന്നത്. അതില്‍ 1,500 പേരാണ് ഓര്‍ഡര്‍ നല്‍കുന്നത്രെ. ബാക്കിയുള്ള 13,500 പേര്‍ക്കും കാറ് വാങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിലും തീരുമാനം തല്‍ക്കാലം മാറ്റിവെച്ച് മ്യൂച്വല്‍ ഫണ്ടില്‍ എസ്‌ഐപിയായി നിക്ഷേപം നടത്തുകയാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. സോഷ്യല്‍ മീഡിയയില്‍ അയ്യരുടെ പ്രസ്താവ ചര്‍ച്ചയായി. 50,000 രൂപ പ്രതിമാസം ലോണടച്ചാല്‍ ആഡംബര കാര്‍ വാങ്ങാന്‍ കഴിയില്ല. അതേസമയം, നിശ്ചിത കാലയളവില്‍ എസ്‌ഐപിയായി 50,000 രൂപ നിക്ഷേപിച്ചാല്‍ വാഹനം സ്വന്തമാക്കാന്‍ കഴിയുമെന്ന് കൊട്ടക് മഹീന്ദ്ര എഎംസിയുടെ മാനേജിങ് ഡയറക്ടറായ നിലേഷ് ഷാ ട്വിറ്ററില്‍ കുറിച്ചു.
ജനപ്രിയമായി എസ്‌ഐപി
അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി)യുടെ കണക്കുപ്രകാരം, ഒക്ടോബറില്‍ വിവിധ മ്യൂച്വല്‍ ഫണ്ടുകളിലായി എസ്‌ഐപി നിക്ഷേപമായി എത്തിയത് 13,040 കോടി രൂപയാണ്. സെപ്റ്റംബറിലെ 12,976.34 കോടി രൂപയില്‍ യില്‍നിന്നാണ് ഈ വളര്‍ച്ച. ഓരോ മാസവും എസ്‌ഐപി തുക കൂടിക്കൊണ്ടിരിക്കുന്നു. കാറ് വില്പന അയ്യരുടെ കാര്യം. എസ്‌ഐപി നിക്ഷേപം വില്പനയെ ബാധിച്ചെന്നത് അതിശയോക്തിപരമായ പരാമര്‍ശമാണെന്നും വിലയിരുത്താം. എങ്കിലും രാജ്യത്തെ ജനങ്ങളുടെ നിക്ഷേപ മനോഭാവത്തില്‍ കാര്യമായ മാറ്റമുണ്ടായിട്ടുള്ളകാര്യം വിസ്മരിക്കാനാവില്ല. നാളെ ഒരു കാറ് സ്വന്തമാക്കാന്‍ ഇപ്പോള്‍ എപ്രകാരം നിക്ഷേപം നടത്തണമന്ന് ജനങ്ങള്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. അമിതവ്യയം മാറ്റിവെച്ച് ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി കരുതലെടുക്കാന്‍ തയ്യാറായ വന്‍ജനസമൂഹം രൂപപ്പെട്ടിരിക്കുന്നുവെന്നതാണ് വാസ്തവം. ഭാവിയില്‍ ബെന്‍സ് സ്വന്തമാക്കാന്‍ എപ്രകാരം എസ്‌ഐപി ഉപകാരപ്പെടുമെന്ന് ഈ സാഹചര്യത്തില്‍ പരിശോധിക്കാം.
Content Highlights: Benz's rival is not Audi; SIP Investment column by dr antony c davis