അടുക്കളമുറ്റത്ത് നിന്നൊരു സോപ്പുപൊടി, മരിച്ച മകളുടെ ഓർമയിൽ പിറന്ന പേര്; നിർമയുടെ കഥ

'വാഷിങ് പൗഡര്‍ നിര്‍മ, വാഷിങ് പൗഡര്‍ നിര്‍മ, ദൂദ് സി സഫേദി, നിര്‍മ സേ ആയി...' എണ്‍പതുകളിലും തൊണ്ണൂറുകളിലും സിനിമാഗാനമെന്നോണം നമ്മള്‍ പാടി നടന്ന നിര്‍മയുടെ പരസ്യം ഓര്‍മയില്ലേ? പാട്ടുകളില്‍ മാത്രമല്ല, പരസ്യചിത്രത്തില്‍ അഭിനയിച്ച താരങ്ങളെ മുതല്‍ ഓരോ സീന്‍ വരെ ഒരുതലമുറ മുഴുവനായി ഏറ്റെടുത്തിരുന്നു. പരസ്യത്തില്‍ മാത്രമല്ല, മാര്‍ക്കറ്റില്‍ ലഭ്യമായ വാഷിങ് പൗഡറുകളിലും നിര്‍മ മുന്‍പന്തിയില്‍ വന്നു. വീട്ടമ്മമാര്‍ നിര്‍മയോട് കൂട്ടുകൂടി, വീടുകളില്‍ നിന്ന് വീടുകളിലേക്ക് നിര്‍മയുടെ വെൺമ പടര്‍ന്നു. നിര്‍മയെന്ന ബ്രാന്‍ഡിന്റെ കുതിപ്പിന്റെ കാലമായിരുന്നു അത്. എന്നാല്‍ ആ പ്രതാപകാലത്തിന് മുന്‍പ് മാര്‍ക്കറ്റ് പിടിക്കാന്‍ അഹോരാത്രം കഷ്ടപ്പെട്ടൊരു ചരിത്രം നിര്‍മയ്ക്കുണ്ടായിരുന്നു, നിര്‍മയെ നിര്‍മയാക്കി മാറ്റിയ കര്‍സന്‍ ഭായ്ക്കും..
വമ്പന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ മാത്രം കുത്തകയാക്കിയിരുന്ന, വിലകൂടിയ, സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലധികം വിലയുള്ള ഡിറ്റര്‍ജന്റുകള്‍ മാര്‍ക്കറ്റ് വാണിരുന്ന കാലത്താണ് കര്‍സന്‍ഭായ് പട്ടേല്‍ വീടിന്റെ പിന്നാമ്പുറത്ത് തന്റെ ബിസിനസ്സിന് തുടക്കം കുറിക്കുന്നത്. ബാര്‍ സോപ്പിനേക്കാളും ഉപയോഗിക്കാന്‍ എളുപ്പമുള്ള, തുണികള്‍ക്ക് ഈട് നല്‍കുന്ന, കൈകളുടെ മാര്‍ദവം നിലനിര്‍ത്തുന്ന തരത്തിലുള്ള സോപ്പുപൊടി കാലത്തിന്റെ അനിവാര്യത ആയിരുന്നെങ്കിലും അവയുടെ വില സാധാരണക്കാരായ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ വീട്ടമ്മമാര്‍ സോപ്പ് ബാര്‍ ഉപയോഗിക്കുന്നത് തുടര്‍ന്നു. പണമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ഈ അന്തരത്തിനിടയിലേക്കാണ് കര്‍സന്‍ഭായ് പട്ടേല്‍ തന്റെ സോപ്പ് പൊടി അവതരിപ്പിക്കുന്നത്. നിര്‍മാതാവും തൊഴിലാളിയും വിതരണക്കാരനുമെല്ലാമായി കര്‍സന്‍ ഭായ് ഒറ്റയ്‌ക്കൊരു പോരാട്ടം നയിക്കുകയായിരുന്നു. മൗത്ത് പബ്ലിസിറ്റിയിലൂടെ ആ സോപ്പ് പൊടി ആളുകള്‍ ഏറ്റെടുത്തതോടെ നിര്‍മയെന്ന ഐതിഹാസിക ബ്രാന്‍ഡിന്റെ ജൈത്രയാത്രയും ആരംഭിച്ചു. ഒരാളും പത്ത് രൂപ വരുമാനവുമുള്ളയിടത്തില്‍ നിന്ന് ആയിരക്കണക്കിന് തൊഴിലാളികളും പതിനായിരം കോടി വരുമാനവുമുള്ള കമ്പനിയായി നിര്‍മ വളര്‍ന്നു.
Content Highlights: nirma brand success story