കോട്ടപ്പടി മാർക്കറ്റ് നവീകരിക്കാനൊരുങ്ങി നഗരസഭ

പുതിയ ഡി.പി.ആർ. തയ്യാറാക്കും

മലപ്പുറം : കോട്ടപ്പടി മാർക്കറ്റിന്റെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി പുതിയ ഡി.പി.ആർ. തയ്യാറാക്കാനൊരുങ്ങി മലപ്പുറം നഗരസഭ. നിലവിൽ പുരോഗമിക്കുന്ന നിർമാണപ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിച്ച് വ്യാപാരികളെ മാർക്കറ്റിലേക്ക് മാറ്റുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായാണ് ഡി.പി.ആർ. തയ്യാറാക്കുന്നത്.

മാർക്കറ്റിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള റിടെയ്നിങ് വാൾ, മഴവെള്ളം ശേഖരിച്ച് പ്രയോജനപ്പെടുത്തുന്നതിനുള്ള സമ്പ് ടാങ്ക്, മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള എസ്.ടി.പി., ഇ.ടി.പി. ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഡി.പി.ആറിൽ ഉൾപ്പെടുത്തും. ആദ്യഘട്ടത്തിൽ കുറച്ച് വ്യാപാരികളെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. നിലവിലെ സൗകര്യങ്ങളിൽ മാർക്കറ്റിലേക്ക് മാറില്ലെന്ന് വ്യാപാരികൾ നേരത്തേ നിലപാട് എടുത്തിരുന്നു. നിർമാണപ്രവൃത്തികളിൽ മാറ്റം വരുത്തുന്നതോടെ ഇത് പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാർക്കറ്റിന്റെ വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചീഫ് എൻജിനീയർ സ്ഥലം സന്ദർശിച്ച് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി നഗരസഭാധ്യക്ഷ അഡ്വ. വി. റിനിഷയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം മാർക്കറ്റിൽ സ്ഥലപരിശോധന നടത്തി.

ഉപാധ്യക്ഷൻ ജിതേഷ് ജി. അനിൽ, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഹാരിസ് ആമിയൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സമീറ മുസ്തഫ, കൗൺസിലർ സി.ടി. ഹർഷദ്, നഗരസഭാ അസിസ്റ്റന്റ് എൻജിനീയർ പ്രജിത, ആർക്കിടെക്ട് ബിനോദ്, നഗരസഭാ എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥരായ ദിലീപ്, തബ്ഷീർ എന്നിവർ പങ്കെടുത്തു.