വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിനിടെ കാലിക്കറ്റ് കാമ്പസിൽ വ്യാപക സംഘർഷം

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാല കാമ്പസ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ യു.ഡി.എസ്.എഫ്.-എസ്.എഫ്.ഐ. സംഘർഷം.

കരിങ്കല്ലുകളും വടികളുമുള്ള കാർ തല്ലിത്തകർത്ത യു.ഡി.എസ്.എഫ്. പ്രവർത്തകർ കാമ്പസിലെ സ്റ്റുഡന്റ്‌സ് ട്രാപ്പിന് സമീപമുള്ള എസ്.എഫ്.ഐ. കൊടിമരം ഗ്യാസ്‌കട്ടർ ഉപയോഗിച്ച് മുറിച്ച് നശിപ്പിച്ചു. സി.എച്ച്. സെൻട്രൽ ലൈബ്രറി പ്രവേശനകവാടത്തിന് മുന്നിലൊരുക്കിയ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും തകർത്തു. ഇരുവിഭാഗവും തമ്മിൽ കല്ലേറുമുണ്ടായി.

യു.ഡി.എസ്.എഫ്. കൊടിതോരണങ്ങളും നശിപ്പിക്കപ്പെട്ടു. ബുധനാഴ്ച വൈകീട്ട് 5.30-ഓടെയാണ് സംഘർഷത്തിന് തുടക്കം. രണ്ട് യു.ഡി.എസ്.എഫ്. പ്രവർത്തകരെ എസ്.എഫ്.ഐ. പ്രവർത്തകർ ആക്രമിച്ചതാണ് ഒരു മണിക്കൂറിലധികം നീണ്ട സംഘർഷാവസ്ഥയ്ക്കിടയാക്കിയത്.

എം.എസ്.എഫ്. യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഫുവാദ്, സെക്രട്ടറിയായി മത്സരിച്ച ഇ. മുഹമ്മദ് കൽഫാൻ എന്നിവർക്കും പ്രവർത്തകർക്കും പരിക്കേറ്റു. ഇതോടെ പ്രകോപിതരായ യു.ഡി.എസ്.എഫ്. പ്രവർത്തകർ എസ്.എഫ്.ഐ.യ്ക്കെതിരേ സംഘടിച്ചെത്തുകയായിരുന്നു.

സമാധാനപരമായ അന്തരീക്ഷത്തിൽ വോട്ടെടുപ്പ് പൂർത്തിയായി വോട്ടെണ്ണൽ തുടരുന്നതിനിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ പോലീസ് പലതവണ ലാത്തിവീശി പ്രവർത്തകരെ വിരട്ടിയോടിച്ചു. ഇരുവിഭാഗത്തെയും പോലീസ് പ്രത്യേകം വളഞ്ഞതോടെയാണ് സംഘർഷം ഒരുപരിധിവരെ നിയന്ത്രിക്കാനായത്.

എന്നാൽ പ്രശ്നങ്ങൾ തുടങ്ങി ഏറെ വൈകിയാണ് പോലീസ് എത്തിയതെന്നും ഇത് സംഘർഷത്തിന്റെ തീവ്രത വർധിപ്പിച്ചെന്നും ആക്ഷേപമുയർന്നു. കാറിൽ ചാക്കിൽ നിറച്ച കരിങ്കല്ലുകളാണ് കല്ലേറിന് ഉപയോഗിച്ചതെന്ന് യു.ഡി.എസ്.എഫ്. നേതാക്കൾ പറഞ്ഞു.

ഇരുവിഭാഗക്കാരുടെയും കൊടിമരങ്ങളും കൊടിതോരണങ്ങളും തിരഞ്ഞെടുപ്പ് കാംപെയ്ൻ ബൂത്തുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കൊണ്ടോട്ടി ഡിവൈ.എസ്.പി. എ.ജെ. ജോൺസൺ, തിരൂർ ഡിവൈ.എസ്.പി. എ.എം. സിദ്ദീഖ്, മലപ്പുറം ഡിവൈ.എസ്.പി. അനിൽ റാവുത്തർ എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘമാണ് രാത്രി വൈകിയും കാമ്പസിൽ തുടരുന്നത്. 400-ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടും സംഘർഷം തടയാൻ കഴിയാതിരുന്നത് വിമർശനത്തിനിടയാക്കി.

കാലിക്കറ്റ് കാമ്പസിൽ ക്ലാസുകൾക്ക് അവധി

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാമ്പസ് നവംബർ രണ്ടുവരെ അടച്ചിടും.

ഈ ദിവസങ്ങളിൽ വിദ്യാർഥികൾ ഹോസ്റ്റൽ ഒഴിഞ്ഞു പോകണമെന്ന് രജിസ്ട്രാർ നിർദേശംനൽകി. വ്യാഴം, വെള്ളി ദിവസങ്ങളിൽ സർവകലാശാലാ കാമ്പസ് പഠനവിഭാഗങ്ങളിലെയും പഠനകേന്ദ്രങ്ങളിലെയും പി.ജി., ഇന്റഗ്രേറ്റഡ് പി.ജി., യു.ജി. ക്ലാസുകൾക്ക് അവധി നൽകി. റഗുലർ ക്ലാസുകൾ നവംബർ രണ്ടിന് പുനഃരാരംഭിക്കും. ഓഫീസുകൾ പതിവുപോലെ പ്രവർത്തിക്കും.

എസ്.എഫ്.ഐ.-യു.ഡി.എസ്.എഫ്. പ്രവർത്തകർ ഏറ്റുമുട്ടി; കൊടിമരവും കാറും തകർത്തു