വീണ്ടും കുഴികൾ നിറഞ്ഞ് കോളേജ് റോഡ്‌

മമ്പാട് : മമ്പാട്ടങ്ങാടി - കോളേജ് - പുളിക്കലോടി പാതയിൽ വീണ്ടും കുഴികൾ നിറഞ്ഞു. മുറവിളികൾക്കൊടുവിൽ പൊതുമരാമത്തുവകുപ്പ് മാസങ്ങൾക്കു മുൻപ് കുഴികളടച്ചിരുന്നെങ്കിലും വീണ്ടും ഒട്ടേറെ ഇടങ്ങളിൽ പഴയപടിയായി.

അപകടങ്ങൾ പതിവായതോടെ ചിലയിടങ്ങൾ നാട്ടുകാർ താത്കാലികമായി അടച്ചിരുന്നു. തുടർന്നും 20-ലേറെ സ്ഥലങ്ങളിൽ കുഴികൾ ശേഷിക്കുന്നതായി നാട്ടുകാർ പറയുന്നു.

അഴുക്കുചാലുകൾ ഇല്ലാത്തതും വാഹനപ്പെരുപ്പവും റോഡ്‌ തകർച്ചയ്ക്ക് ആക്കംകൂട്ടുന്നു. ഇരുവശങ്ങളിലും സ്ഥലം ലഭ്യമാക്കി ഈ പാതയുടെ സമഗ്ര നവീകരണത്തിന് അധികൃതർ പദ്ധതി തയ്യാറാക്കുന്നുണ്ട്. അതേസമയം നിലവിലെ കുഴികൾ അടയ്ക്കൽ അടിയന്തരമായി ചെയ്യേണ്ടതുണ്ടെന്ന് നാട്ടുകാരും ജനപ്രതിനിധികളും പറയുന്നു.

മമ്പാട് പഞ്ചായത്തിലെ പ്രധാന പാതകളിൽ ഒന്നാണിത്. ഒരുമാസം മുൻപ് പൊതുമരാമത്തുവകുപ്പ് നിരത്തുകൾ വിഭാഗം എൻജിനിയർക്ക് പരാതിനൽകിയിട്ടും അനക്കമില്ലെന്ന് നടുവക്കാട് വാർഡംഗം എം.കെ. മുസ്‌തഫ പറഞ്ഞു.

കുഴികൾവെട്ടിച്ച് വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽ നടയാത്രക്കാരും ഇതുവഴി സുരക്ഷിതരല്ല. അപകടങ്ങൾ സംഭവിക്കും മുൻപ് അധികൃതർ കരുതലും സുരക്ഷയും ഒരുക്കണമെന്നും എം.കെ. മുസ്‌തഫ പറഞ്ഞു.