കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസിന് സ്വീകരണം

മഞ്ചേരി : പാലക്കാട്ടുനിന്ന് മഞ്ചേരി വഴി കാസർകോട്, കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുള്ള പുതിയ കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസിന് മഞ്ചേരി നഗരത്തിൽ സ്വീകരണം നൽകി.
അഡ്വ. എം. റഹ്മത്തുള്ള എം.എൽ.എ., നഗരസഭാ അധ്യക്ഷൻ വല്ലാഞ്ചിറ അബ്ദുൽ മജീദ് എന്നിവരുടെ നേതൃത്വത്തിൽ സെൻട്രൽ ജങ്ഷനിലാണ് സ്വീകരണം ഒരുക്കിയത്.
മഞ്ചേരിയിൽനിന്ന് കാസർകോട് ഭാഗത്തേക്ക് ആരംഭിച്ച ആദ്യ സർവീസാണിത്. ആദ്യയാത്രയിൽതന്നെ ബസ് ഫുൾ റിസർവേഷനായിരുന്നു.
എം.എൽ.എ.യും നഗരസഭാധ്യക്ഷനും ഗതാഗതവകുപ്പ് മന്ത്രിയെ കണ്ട് രാത്രികാലങ്ങളിൽ മഞ്ചേരി വഴി ബസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാലക്കാട്ടുനിന്ന് ആരംഭിച്ച് പെരിന്തൽമണ്ണ-മഞ്ചേരി-കാസർകോട്-കുക്കെ സുബ്രഹ്മണ്യയിലേക്കാണ് സർവീസ്. പാലക്കാട്ടുനിന്ന് രാത്രി ഏഴിന് പുറപ്പെടും. പെരിന്തൽമണ്ണയിൽ രാത്രി 8.35-നും മഞ്ചേരിയിൽ രാത്രി 9.10-നും എത്തിച്ചേരും.
കോഴിക്കോട് 10.50-നും കണ്ണൂരിൽ 1.05-നും പുലർച്ചെ 3.25-ന് കാസർകോടും രാവിലെ 6.05-ന് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലും എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
കുക്കെയിൽനിന്ന് രാത്രി 7.45-ന് പുറപ്പെട്ട് പുലർച്ചെ 4.45-ന് മഞ്ചേരിയിലും അടുത്ത ദിവസം രാവിലെ ഏഴിന് പാലക്കാട്ടും എത്തിച്ചേരും. ബസ് ജീവനക്കാരായ സുരേഷ്, വിവേക് എന്നിവർക്കും യാത്രക്കാർക്കും മധുരം നൽകി.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ സക്കീർ വല്ലാഞ്ചിറ, എം.വി. അബൂബക്കർ, കൗൺസിലർമാരായ ഷാക്കിറ ലത്തീഫ്, സുഷിത പ്രകാശ്, മേച്ചേരി ഫാത്തിമ തസ്നി, സബാന സലീം, കെ.എം. ഹുവൈസ്, വല്ലാഞ്ചിറ ബുഷ്റാബി, ഫാത്തിമ സുഹ്റ തുടങ്ങിയവർ പങ്കെടുത്തു.