ഇ.എം.എസ്. ആശുപത്രിയിൽ സ്പോർട്സ് മെഡിസിൻ വിഭാഗം തുറന്നു

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ ഇ.എം.എസ്. മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്പോർട്സ് മെഡിസിൻ ആൻഡ് റീഹാബലിറ്റേഷൻ (ജോയിന്റ് പ്രിസർവേഷൻ ആൻഡ് ആർത്രോപ്ലാസ്റ്റി) വിഭാഗം ഫുട്ബോൾ താരവും ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാനുമായ ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആശുപത്രി ചെയർമാൻ വി.പി. അനിൽകുമാർ അധ്യക്ഷനായി. പരിക്ക് പറ്റി ചികിത്സയ്ക്കെത്തുന്ന അന്തർദേശീയതലത്തിലുള്ള കായികതാരങ്ങൾക്ക് സൗജന്യമായും ദേശീയതലത്തിൽ ചാമ്പ്യന്മാരായ കായികതാരങ്ങൾക്ക് ചികിത്സാചെലവിന്റെ 30 ശതമാനം കിഴിവിലും ഇ.എം.എസ്. ആശുപത്രി സ്പോർട്സ് മെഡിസിൻ വിഭാഗത്തിൽ ചികിത്സ ലഭ്യമാക്കുമെന്ന് അനിൽകുമാർ പറഞ്ഞു.
ഫുട്ബോളറും സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായിരുന്ന മുൻ എം.എസ്.പി. കമൻഡാന്റ് യു. ഷറഫലി മുഖ്യപ്രഭാഷണം നടത്തി. കായികമേഖലയിൽ മികവുതെളിയിച്ച താരങ്ങളെ അനുമോദിച്ചു. ആശുപത്രി എക്സിക്യുട്ടീവ് ഡയറക്ടർ ഇ. രാജേഷ്, ആശുപത്രി ജനറൽ മാനേജർ എം. അബ്ദുന്നാസിർ എന്നിവർ സംസാരിച്ചു.
‘സ്പോർട്സ് മെഡിസിനിൽ നൂതന ചികിത്സ’
കായിക താരങ്ങൾക്കും സാധാരണക്കാർക്കും ഉണ്ടാകുന്ന സന്ധികളിലെ പരിക്കുകൾക്കും തേയ്മാനങ്ങൾക്കും അത്യാധുനിക ചികിത്സ ഇ.എം.എസ്. ആശുപത്രിയിലെ സ്പോർട്സ് മെഡിസിൻ ജോയിന്റ് പ്രിസർവേഷൻ ആൻഡ് ആർത്രോപ്ലാസ്റ്റി വിഭാഗത്തിൽ ലഭിക്കുമെന്ന്
ഓർത്തോപീഡിക് വിഭാഗം സർജൻ ഡോ. പി.കെ. ഷാനവാസ് പറഞ്ഞു.രോഗികളുടെ പ്രായവും സന്ധികളുടെ അവസ്ഥയും പരിഗണിച്ച് സന്ധികളുടെ സ്വാഭാവികത നിലനിർത്തിയുള്ള ആധുനിക ചികിത്സകൾക്കും സന്ധിമാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾക്കും ഈ വിഭാഗം പ്രാധാന്യം നൽകുന്നു. സ്പോർട്സ് മെഡിസിനും താക്കോൽദ്വാര ശസ്ത്രക്രിയയും പുതിയ വിഭാഗത്തിലുണ്ട്. കളിസ്ഥലങ്ങളിലും മറ്റും ഉണ്ടാകുന്ന പരിക്കുകൾ, കാൽമുട്ടിലെ ലിഗമെന്റ് പൊട്ടൽ (എ.സി.എൽ., പി.സി.എൽ. മുതലായവ), മെനിസ്കസ് തകരാറുകൾ എന്നിവയ്ക്ക് അത്യാധുനിക ആർത്രോസ്കോപ്പി (കീ ഹോൾ) ശസ്ത്രക്രിയകൾ ലഭ്യമാണ്. തോളെല്ല് ഊരിപ്പോകുന്ന അവസ്ഥയ്ക്കുള്ള പ്രത്യേക കീഹോൾ ചികിത്സകൾക്കൊപ്പം കൈമുട്ട്, കൈക്കുഴ എന്നിവിടങ്ങളിലെ പരിക്കുകൾ പരിഹരിക്കുന്നതിനുള്ള ആർത്രോസ്കോപ്പി ചികിത്സകളും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
കാലുകളുടെ വളവ് മാറ്റുന്നതിനുള്ള ഓസ്റ്റോയോടോമി ശസ്ത്രക്രിയകൾ, സന്ധികളിലെ കാർട്ടിലേജ്, പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ചികിത്സകൾ എന്നിവയിലൂടെ സ്വാഭാവിക സന്ധികളെ സംരക്ഷിക്കാം. സന്ധികൾക്ക് പൂർണമായും തേയ്മാനം സംഭവിച്ച രോഗികൾക്കായി അത്യാധുനിക കാൽമുട്ട്, ഇടുപ്പ്, തോൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ, മുട്ടിന്റെ ഒരു ഭാഗത്തിന് മാത്രം തേയ്മാനം ഉള്ളവർക്കായി ഭാഗികമായി മുട്ട് മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയകളുമുണ്ട്. ശസത്രക്രിയയ്ക്ക് ശേഷമുള്ള അതിവേഗ രോഗശാന്തിക്കും പരിക്കേറ്റ കായികതാരങ്ങളെ പഴയ മികവോടെ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനും സഹായിക്കുന്ന പ്രത്യേക സ്പോർട്സ് ഫിസിയോതെറാപ്പി സൗകര്യങ്ങളും ഈ വിഭാഗത്തിന്റെ പ്രത്യേകതയാണെന്ന് ഡോ. പി.കെ. ഷാനവാസ് വിശദീകരിച്ചു.