സരസ് മേളയ്ക്ക് ഫണ്ട് തടസ്സമാകില്ല-മന്ത്രി കെ.എം. ഷാജി

മലപ്പുറം : ഏഷ്യയിലെ ഏറ്റവുംവലിയ മേളയായ കുടുംബശ്രീ നടത്തുന്ന ദേശീയ സരസ് മേളയ്ക്ക് ഫണ്ട് തടസ്സമാകില്ലെന്നും വിപുലമായരീതിയിൽ വേങ്ങരയിൽ മേള നടത്തുമെന്നും മന്ത്രി കെ.എം. ഷാജി. മേളയുടെ സംഘാടകസമിതി യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനം അഭിനന്ദനാർഹമാണ്.
കൂടുതൽ ഏകോപനത്തോടെ മേള വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണമുണ്ടാകണം. മേളയ്ക്ക് മലപ്പുറം ആതിഥേയത്വം വഹിക്കുന്നത് അഭിമാനകരമായ നേട്ടമാണ് -മന്ത്രി പറഞ്ഞു. ഇതുവരെ നടന്ന പ്രവർത്തനങ്ങളും തുടർന്നുള്ള മുന്നൊരുക്കങ്ങളും യോഗം അവലോകനംചെയ്തു.
എം.എൽ.എ.മാരായ ടി.വി. ഇബ്രാഹിം, പി.കെ. നവാസ്, ടി.പി. അഷ്റഫലി, മുൻ എം.എൽ.എ. കെ.പി.എ. മജീദ്, കോട്ടയ്ക്കൽ നഗരസഭാ ചെയർപേഴ്സൺ കെ.കെ. നാസർ, മലപ്പുറം നഗരസഭാ ചെയർപേഴ്സൺ അഡ്വ. വി. റിൻഷ, വേങ്ങര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അബൂതാഹിർ, പി.കെ.സി. അബ്ദുറഹ്മാൻ, സി. നൗഷാദ്, വി.പി. ജസീറ, മുജീബ് പൂളക്കൽ, പി.ആർ. രോഹിൽനാഥ് തുടങ്ങിയവർ പങ്കെടുത്തു.
ഡിസംബർ 22 മുതൽ കൂരിയാട്ട്
ഡിസംബർ 22 മുതൽ 31 വരെ വേങ്ങര കൂരിയാടാണ് ദേശീയ സരസ് മേളയുടെ വേദി. 10 ദിവസം നീളുന്ന മേളയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ആയിരത്തിലധികം ഗ്രാമീണ വനിതാ സംരംഭകർ പങ്കെടുക്കും.
ഒരുലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പന്തലിൽ 250 ഉത്പന്ന സ്റ്റാളുകളും അൻപതോളം ഭക്ഷ്യസ്റ്റാളുകളും ഒരുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഗ്രാമീണ സംരംഭകരുടെ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ, കരകൗശലവസ്തുക്കൾ, ഭക്ഷ്യവിഭവങ്ങൾ തുടങ്ങിയവയാണ് മേളയുടെ പ്രധാന ആകർഷണം.