പരപ്പനങ്ങാടിയിൽ കടൽ ഉൾവലിഞ്ഞു

പരപ്പനങ്ങാടി : പുത്തൻകടപ്പുറത്ത് കടൽ വീണ്ടും ഉൾവലിഞ്ഞു. ഏകദേശം നൂറുമീറ്ററോളം ഉൾവലിഞ്ഞത് പ്രദേശവാസികളിലും മത്സ്യത്തൊഴിലാളികളിലും ആശങ്കയിലാണ്. രണ്ടാഴ്‌ച മുൻപ് ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് ബദർപള്ളി തീരത്തിന്റെ അരക്കിലോമീറ്ററോളം നീളത്തിൽ ഇതേ പ്രതിഭാസം ദൃശ്യമായിരുന്നു. ഉൾവലിഞ്ഞ ഭാഗങ്ങൾ ചെളിമയമായി മാറി. അന്തരീക്ഷ-സമുദ്ര താപനിലയിലെ വ്യതിയാനങ്ങളും ഉയർന്ന വേലിയേറ്റവുമാണ് ഇതിന് കാരണമെന്നാണ് പറയപ്പെടുന്നത്. കടൽ പ്രക്ഷുബ്ദമാവാനും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം അധികൃതർ അറിയിപ്പ് നൽകിയിരുന്നു. തുടർച്ചയായുള്ള കടലിലെ ഈ പ്രതിഭാസം പ്രദേശവാസികളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.