മഞ്ചേരി ഫയർസ്റ്റേഷൻ നിർമാണം; രണ്ടാംഘട്ട പ്രവൃത്തികൾക്ക് 1.17 കോടി

മഞ്ചേരി : ഫണ്ടില്ലാത്തതിനാൽ പാതിവഴിയിൽ നിലച്ച മഞ്ചേരി ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷന്റെ നിർമാണപ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കും. കെട്ടിടനിർമാണം പൂർത്തിയാക്കുന്നതിന് 1.17 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം. റഹ്‌മത്തുള്ള എം.എൽ.എ. അറിയിച്ചു. മഞ്ചേരി കരുവമ്പ്രത്ത് സാങ്കേതികവിദ്യാഭ്യാസ വകുപ്പ് വിട്ടുനൽകിയ 50 സെന്റ് സ്ഥലത്താണ് ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷന് പുതിയ കെട്ടിടം ഉയരുന്നത്. 2.75 കോടി രൂപ ചെലവഴിച്ചാണ് ഒന്നാംഘട്ട നിർമാണം നടത്തിയത്.
താഴത്തെനിലയിൽ ഫയർ സർവീസ് ജീപ്പുകൾക്കും ഹെവി വാഹനങ്ങൾക്കുമുള്ള ഗാരേജ്, മെക്കാനിക്കൽ റൂം, ഇലക്ട്രിക്കൽ റൂം, ഇന്ധന-ദ്രാവകങ്ങൾ സൂക്ഷിക്കാനുള്ള മുറി, വാച്ച്മാൻ റൂം തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഒന്നാംനിലയിൽ ഓഫീസ്, സ്റ്റേഷൻ മാസ്റ്ററുടെയും അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്ററുടെയും കാര്യാലയങ്ങൾ, റെക്കോഡ് റൂം, മെഡിക്കൽ പരിശോധനാമുറി, ശൗചാലയങ്ങൾ, സ്റ്റേഷനറി റൂം, ഗസ്റ്റ് റൂം, ഡോർമെറ്ററി, കിച്ചൺ, കുടിവെള്ള സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
താഴത്തെനിലയും രണ്ടുനിലകളും ഉൾപ്പെടുന്ന കെട്ടിടമായാണ് ആദ്യം രൂപകല്പനചെയ്തത്. എന്നാൽ നിർമാണച്ചെലവ് വർധിച്ചതിനെത്തുടർന്ന് മുഴുവൻ പ്രവൃത്തികളും നിശ്ചിത തുകയ്ക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയില്ലെന്ന് കരാറുകാർ അറിയിച്ചതോടെ താഴത്തേതും ഒന്നാം നിലയും പൂർത്തിയാക്കി. കിണർ, വെള്ളം സംഭരിക്കാനുള്ള ഒരുലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണി, ചുറ്റുമതിൽ, സെപ്റ്റിക് ടാങ്ക്, വൈദ്യുതീകരണം ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കാണ് ഫണ്ട് അനുവദിച്ചത്. ഈ പ്രവൃത്തികൾക്ക് നേരത്തെ രണ്ടുതവണ അടങ്കൽ തയാറാക്കി സമർപ്പിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
പുതിയ ഭരണാനുമതി ലഭിച്ചതോടെ ഫയർ സ്റ്റേഷന്റെ സുരക്ഷാസംവിധാനങ്ങളും വൈദ്യുതീകരണവും ഉൾപ്പെടെയുള്ള ശേഷിച്ച പ്രവൃത്തികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ മഞ്ചേരി നഗരസഭയുടെ കച്ചേരിപ്പടി ഐ.ജി.ബി.ടി. ബസ്‌സ്റ്റാൻഡ് കെട്ടിടത്തിലെ താത്കാലിക മുറിയിൽ അസൗകര്യങ്ങൾക്ക് നടുവിലാണ് അഗ്നിരക്ഷാസേനയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. 2016 മുതൽ താത്കാലിക സംവിധാനത്തിലാണ് ഫയർസ്റ്റേഷന്റെ പ്രവർത്തനം. സ്വന്തം കെട്ടിടം യാഥാർഥ്യമാകുന്നതോടെ ഈ പരിമിതി മറികടക്കാനാകും.