“പശു വിശുദ്ധവും മനുഷ്യർ അവിശുദ്ധവുമായ സമൂഹത്തിലാണ് നാം ജീവിക്കുന്നത്”

? 45 വർഷത്തോളമായി താങ്കൾ ദളിത് സാഹിത്യത്തിലും ആക്ടിവിസത്തിലും സക്രിയമാണ്. എന്തൊക്കെ മാറ്റങ്ങളാണ് ഈ കാലഘട്ടത്തിൽ നിരീക്ഷിച്ചത്?
-പ്രൈമറി വിദ്യാഭ്യാസകാലത്ത് താഴ്ന്ന ജാതിയായതിനാൽ ക്ലാസ്റൂമിൽനിന്ന് പുറത്താക്കപ്പെട്ട് ചെരിപ്പുകൾക്കിടയിലിരുന്ന് പഠിച്ച ഒരുകുട്ടി ഇന്ന് അറിയപ്പെടുന്ന ഒരു എഴുത്തുകാരനായിരിക്കുന്നു. അവൻ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട് ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്നു. എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു പ്രധാന മാറ്റം ഇതാണ്.
ആദ്യം ഞങ്ങൾ സവർണരോട് അപേക്ഷിക്കുകയാണു ചെയ്തത്. പക്ഷേ, അവർ ഞങ്ങളെ അവഗണിച്ചു. അതോടെ ഞങ്ങൾ മര്യാദയുടെ ആ ഭാഷ ഒഴിവാക്കി. നിങ്ങളുടെ ദേശീയതയോ മതമോ ദൈവങ്ങളോ ഒന്നും വേണ്ടാ എന്ന് ഉറക്കെപ്പറയാൻ തുടങ്ങി. അതോടെ അവർ ജാഗരൂകരായി. അവർ പാരമ്പര്യത്തെയും സാഹോദര്യത്തെയും കുറിച്ച് പറഞ്ഞുതുടങ്ങി. പക്ഷേ, ഞങ്ങൾ എതിർത്തു. ഞങ്ങൾക്ക് ഞങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും രാഷ്ട്രീയ വ്യവസ്ഥയിൽ ഞങ്ങളുടെ ഇടവുമാണ് വേണ്ടത്. ഇന്ന് നാം ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തല്ല, ഒരു ഹിന്ദു രാജ്യത്താണ്. ജാതി അധിഷ്ഠിത രാജ്യത്താണ്. ഒരു യഥാർഥ ജനാധിപത്യ രാജ്യമായി ഇന്ത്യയെ മാറ്റേണ്ടതുണ്ട്.
? ജനാധിപത്യ ഇന്ത്യയെക്കുറിച്ചാണ് പറഞ്ഞുനിർത്തിയത്. ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു? കോൺഗ്രസ് നേതൃത്വത്തിലുള്ള മുൻ സർക്കാരുകൾ, ബി.ജെ.പി. നേതൃത്വത്തിലുള്ള നിലവിലെ സർക്കാർ, സി.ജെ.പി., ഇന്ത്യ മുന്നണി?
-ഒരു ജനാധിപത്യരാജ്യത്ത് സാമൂഹികമാറ്റങ്ങൾക്കൊപ്പം രാഷ്ട്രീയമാറ്റങ്ങളും ഉണ്ടാകണം. ഒരു രാജ്യത്തും ഒരു പാർട്ടിക്കും ദീർഘകാലം ഭരിക്കാൻ കഴിയില്ല. ഇന്ത്യക്കാർ വിവേകമുള്ളവരാണ്. അവർ നൈരന്തര്യത്തിനെതിരേ വോട്ട് ചെയ്യും. അവർ കോൺഗ്രസിനും പ്രതിപക്ഷത്തിനും മാറിമാറി വോട്ട് ചെയ്തിട്ടുണ്ട്. ഇപ്പോൾ ബി.ജെ.പി. ഭരിക്കുന്നു. യുവാക്കൾ സി.ജെ.പി.യുടെ കീഴിലും പ്രതിപക്ഷപാർട്ടികൾ ഇന്ത്യ മുന്നണിയുടെ കീഴിലും അണിനിരന്ന് പ്രതിരോധം തീർക്കുന്നുണ്ട്. ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം നടന്നില്ലായിരുന്നെങ്കിൽ നിശ്ശബ്ദത ഭേദിക്കപ്പെടില്ലായിരുന്നു. രാഹുൽഗാന്ധിയടക്കമുള്ള പ്രതിപക്ഷം കൂടുതൽ ഉണർന്ന് വിവേകത്തോടെ പ്രവർത്തിക്കാൻ തുടങ്ങി.
? എഴുത്തിൽ 'ദളിത് എഴുത്താൾ' എന്ന സ്ഥാനം എത്രത്തോളം പ്രധാനമാണ്? - നോക്കൂ, ഇന്ത്യയെന്ന ചിന്തയെ നശിപ്പിക്കുന്ന ജാതിചിന്ത ഇവിടെ പ്രകടമാണ്. ഇന്ത്യ രാഷ്ട്രീയപാർട്ടികളാൽ മാത്രമല്ല ഭരിക്കപ്പെടുന്നത്. ജാതിവ്യവസ്ഥയിലൂടെ കൂടിയാണ്. ദ്രൗപതി മുർമു പ്രസിഡന്റായപ്പോൾ നമ്മൾ അവരെ ആദിവാസി പ്രസിഡന്റ് എന്ന് വിളിക്കുന്നു. കെ.ആർ. നാരായണൻ പ്രസിഡന്റായപ്പോൾ ദളിത് പ്രസിഡന്റ് എന്ന് വിളിച്ചു. സുഷിൽകുമാർ ഷിൻഡെ മുഖ്യമന്ത്രിയായപ്പോൾ നമ്മൾ ദളിത് മുഖ്യമന്ത്രി എന്നാണ് വിളിച്ചത്. ഒരു സവർണൻ എഴുതുമ്പോൾ എഴുത്താളും ദളിത് എഴുതുമ്പോൾ ദളിത് എഴുത്താളുമായിത്തീരുന്നു. ആളുകൾ ഇങ്ങനെയാണ് കാണുന്നത്. നിങ്ങൾ ഞങ്ങളെ ദളിത് എന്നാണ് വിളിക്കുന്നതെങ്കിൽ ഞങ്ങൾ ആ വ്യക്തിത്വത്തെ ഒരു അഭിമാനമായി സ്വീകരിക്കുന്നു.
?എഴുത്തിന്റെ തുടക്കകാലങ്ങളിൽ എഴുത്താളിന്റെ സ്വാതന്ത്ര്യവും സ്വന്തം സമൂഹത്തെക്കുറിച്ച് എഴുതുക എന്ന ഉത്തരവാദിത്വവും തമ്മിൽ സങ്കീർണതയുണ്ടാക്കിയിരുന്നോ?
-ഞാൻ എഴുതാൻ തുടങ്ങിയത് ഭയത്തോടെയാണ്. കാലങ്ങളായി ദളിതർക്ക് പഠിക്കാനോ സംസാരിക്കാനോ എഴുതാനോ ഉള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു. പട്ടിക്കും പൂച്ചയ്ക്കും വരെ കയറാവുന്ന ക്ഷേത്രത്തിൽ ഞങ്ങൾക്ക് കയറാനാവില്ലായിരുന്നു. സവർണരുടെ കുടിവെള്ളടാങ്കിൽനിന്ന് കിളികൾക്കുവരെ വെള്ളം കുടിക്കാം, ഞങ്ങൾക്കാവില്ല. ഈ വ്യവസ്ഥ പശുവിനെ വിശുദ്ധമായി കണക്കാക്കുമ്പോൾ ഞങ്ങളെ അവിശുദ്ധരായാണ് പരിഗണിക്കുന്നത്. എല്ലായിടത്തുനിന്നുമുള്ള എതിർപ്പുകളിൽനിന്നും അവഹേളനകളിൽനിന്നുമാണ് ഞാൻ എഴുതാൻ തുടങ്ങിയത്.
? കാലങ്ങളായി ജാതിവ്യവസ്ഥയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. ഇന്നും ജാതി നിലനിൽക്കുന്നു. ജാതിവ്യവസ്ഥ ഇല്ലാതാക്കുക അസാധ്യമാണോ?-വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ഞാനും സമ്മതിക്കുന്നു. പക്ഷേ, അതെല്ലാം ബാഹ്യമാണ്. നമ്മുടെ ശീലങ്ങൾ, ഭക്ഷണം, വസ്ത്രധാരണം, ജീവിതരീതി തുടങ്ങിയവയൊക്കെ മാറിയിട്ടുണ്ട്. ആന്തരികമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. ജാതിവ്യവസ്ഥ മനസ്സിലും തലച്ചോറിലും മറഞ്ഞിരിക്കുകയാണ്. അതാണു മാറ്റേണ്ടത്. നല്ല വസ്ത്രങ്ങൾ ധരിച്ചാലും മനസ്സിൽ ജാതി കൊണ്ടുനടന്നിട്ട് എന്തുകാര്യം.
? കേരളം പലവട്ടം സന്ദർശിച്ചിട്ടുണ്ടല്ലോ. മലയാളികളുടെ ജാതിചിന്ത ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ സൂക്ഷ്മവും പരോക്ഷവുമാണെന്ന് തോന്നുന്നുണ്ടോ?
-പലവട്ടം ഇന്ത്യയുടെ പലഭാഗങ്ങൾ സന്ദർശിച്ചതിൽ എനിക്കു തോന്നിയത് ഉത്തരേന്ത്യയിൽ ജാതിചിന്ത കൂടുതലും ദക്ഷിണേന്ത്യയിൽ പുരോഗമനചിന്ത കൂടുതലുമായിട്ടാണ്. അതിന്റെ ഒരു കാരണമായി എനിക്കു തോന്നുന്നത് പാശ്ചാത്യർ ഇന്ത്യയിൽ ആദ്യം വന്നത് തെക്കേ ഇന്ത്യയിലൂടെയാണ് എന്നതാണ്. ദക്ഷിണേന്ത്യരെ അത് സ്വാധീനിച്ചു. അവരെ മാറ്റി. അതിനർഥം ഇവിടെ അക്രമങ്ങൾ ഇല്ല എന്നല്ല. എന്നാൽ ഉത്തരേന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ അത് വളരെ കുറവാണ് എന്നുമാത്രം.
ഇന്ത്യൻ സാഹിത്യത്തിൽ ‘അക്കർമാശി’ എന്ന ഒരു കൃതി മതി പ്രൊഫ. ശരൺകുമാർ ലിംബാളെയെ ചേർത്തുവെക്കാൻ. എഴുത്തും ആക്ടിവിസവുമായി 45 വർഷമായി സക്രിയമാണ് പ്രൊഫ. ലിംബാളെ. അദ്ദേഹവുമായി 'മാതൃഭൂമി' ലേഖിക ദേവിക സാവിത്രി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ