അധികൃതർ വൈകിയപ്പോൾ നാട്ടുകാർ മുന്നിട്ടിറങ്ങി; പൂക്കോട്ടുംപാടം അമ്പലം റോഡ് സഞ്ചാരയോഗ്യമാക്കി

തകർന്ന റോഡിലെ കുഴികൾ മണ്ണിട്ട് നികത്തി

പൂക്കോട്ടുംപാടം : വർഷങ്ങളായി തകർന്നുകിടക്കുന്ന പൂക്കോട്ടുംപാടം അമ്പലം റോഡിലെ യാത്രാദുരിതത്തിന് പ്രദേശവാസികളുടെ നേതൃത്വത്തിൽ താത്കാലിക പരിഹാരം. പാറക്കപ്പാടം നിവാസികളും പ്രാദേശിക കൂട്ടായ്മാ പ്രവർത്തകരും ചേർന്ന് റോഡിലെ കുഴികളിൽ മണ്ണിട്ട് നികത്തിയാണ് പാത ഗതാഗതയോഗ്യമാക്കിയത്.

പൂക്കോട്ടുംപാടം അങ്ങാടിയിൽനിന്ന് പാറക്കപ്പാടം ഭാഗത്തേക്കുള്ള പ്രധാന പാതയാണിത്. വില്വത്ത് ക്ഷേത്രം, മാരിയമ്മ മുരുക ഭദ്രകാളീക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്ന ഈ റോഡിനെ ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരും പ്രദേശവാസികളുമാണ് ആശ്രയിക്കുന്നത്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് അധികാരികൾക്ക് മുൻപിൽ നിരവധി തവണ പരാതികൾ നൽകിയിരുന്നെങ്കിലും അടിയന്തര നടപടികൾ ഉണ്ടായില്ല. ​റോഡ് നവീകരണത്തിനായി പഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ടെന്നും നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും എന്ന മുന്നറിയിപ്പാണ് അധികൃതരിൽനിന്നും ലഭിച്ചിട്ടുള്ളത്.

എന്നാൽ പണി പൂർത്തിയാകുന്നതുവരെയുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനായാണ് നാട്ടുകാർ മുന്നിട്ടിറങ്ങിയത്. സൽമാൻ പാറക്കപാടം, ദിജേഷ് കുട്ടൻ, മുരളി, അനീഷ്. കെ. പുന്നക്കുഴിയിൽ, ജനാർദ്ദനൻ, നൗഷാദ്, ശ്രീജിത്ത് പണിക്കർ, ഉണ്ണി എന്നിവർ നേതൃത്വംനൽകി.