‘കർമ റോഡ്’ തിരികെ വരുമോ

നിളയോര പാത എന്നാക്കിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത്
സർക്കാരിനെ സമീപിക്കാൻ കോൺഗ്രസ് തീരുമാനം
പൊന്നാനി : ഒട്ടേറെ സഞ്ചാരികളെത്തുന്ന പൊന്നാനിയുടെ അടയാളങ്ങളിലൊന്നായ ‘നിളയോര പാത’യെ ‘കർമ റോഡ്’ ആക്കി പുനർനാമകരണം ചെയ്യിപ്പിക്കാൻ നീക്കം.
വർഷങ്ങളായുണ്ടായിരുന്ന ‘കർമ റോഡ്’ കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ‘നിളയോര പാത’യായി മാറ്റിയത്.
ചമ്രവട്ടം കടവ് മുതൽ പൊന്നാനി മത്സ്യബന്ധന തുറമുഖം വരെ ഭാരതപ്പുഴയോടുചേർന്നുകിടക്കുന്ന അഞ്ചര കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണിത്.
രണ്ടരപ്പതിറ്റാണ്ടിലേറേക്കാലം ‘കർമ റോഡാ’യി വിശേഷിപ്പിച്ചിരുന്ന പാത സർക്കാർ തീരുമാനപ്രകാരം ‘നിളയോര പാത’യാക്കി മാറ്റിയതിനെതിരേ പ്രതിഷേധമുയർന്നിരുന്നു. കർമ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് പ്രസ്തുത പാത യാഥാർഥ്യമാക്കിയത്. ഇതേ തുടർന്നാണ് നിർമാണം പൂർത്തിയായപ്പോൾ ‘കർമ റോഡ്’ എന്ന പേര് കൈവന്നത്.
എന്നാൽ വിവിധ സംഘടനകളും നാട്ടുകാരും നിർമാണത്തിൽ പങ്കാളികളായിരുന്നുവെന്നും ഭാരതപ്പുഴയോടുചേർന്നുള്ള പാതയ്ക്ക് ‘നിളയോര പാത’ എന്നുതന്നെയാണ് ഉചിതമെന്നുമുള്ള അഭിപ്രായമാണ് പേരുമാറ്റത്തെ അനുകൂലിക്കുന്നവർക്കുണ്ടായിരുന്നത്.
ഒൗദ്യോഗിക രേഖകളിൽ ‘നിളയോര പാത’ എന്ന പേര് കൈവന്നെങ്കിലും നാട്ടുകാരും പ്രകൃതിഭംഗി ആസ്വദിക്കാൻ ഇവിടെയെത്തുന്ന സഞ്ചാരികളുമെല്ലാം അധികവും ഉപയോഗിച്ചിരുന്നത് ‘കർമ റോഡ്’ എന്നുതന്നെയായിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്.
വർഷങ്ങൾക്കുമുൻപ് വിവിധ രാഷ്ട്രീയപ്പാർട്ടികളുടെയും സാമൂഹിക, സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നിർമാണം നടത്തുകയും എല്ലാവരുടെയും സമ്മതപ്രകാരം ‘കർമ’ എന്ന പേര് നൽകുകയും ചെയ്ത റോഡിന്റെ പേരാണ് ഏകപക്ഷീയമായി ‘നിളയോര പാത’ എന്നാക്കി മാറ്റിയതെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ജനങ്ങൾ ഇപ്പോഴും ‘കർമ റോഡ്’ എന്നാണ് വിശേഷിപ്പിച്ചുവരുന്നത് എന്നതിനാൽ സർക്കാർ രേഖകളിലും ആ പേരുതന്നെയാക്കി മാറ്റണമെന്നാവശ്യവുമായി സർക്കാരിനെ സമീപിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
‘കർമ റോഡ്’ എന്നാക്കി മാറ്റണം
പൊന്നാനി : ‘നിളയോര പാത’യെ ‘കർമ റോഡ്’ എന്ന പേരിലേക്കുതന്നെ മാറ്റണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരോടും കെ.പി. നൗഷാദ് അലി എം.എൽ.എ.യോടും ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് എൻ.പി. നബീൽ അധ്യക്ഷത വഹിച്ചു. കെ. ശിവരാമൻ, ടി.കെ. അഷറഫ്, എൻ.എ. ജോസഫ്, പുന്നക്കൽ സുരേഷ്, മുസ്തഫ വടംമുക്ക്, എ. പവിത്രകുമാർ, സി. ജാഫർ, കെ.പി. ജബ്ബാർ, ജെ.പി. വേലായുധൻ തുടങ്ങിയവർ പ്രസംഗിച്ചു.