ജൽജീവൻ പൈപ്പിടൽ: പൊളിച്ച റോഡ് പുനർനിർമിച്ചില്ല; തീരാതെ യാത്രാദുരിതം

കാളികാവ് : ജൽജീവൻ മിഷൻ പദ്ധതിക്കായി പൈപ്പിടാൻ പൊളിച്ച കല്ലാമൂല-വേപ്പിൻകുന്ന് റോഡ് പുനർനിർമിക്കാത്തത് പ്രദേശവാസികൾക്ക് ദുരിതമായി. റോഡ് പൊളിച്ചിട്ട് മൂന്ന് വർഷത്തോളമായിട്ടും പൈപ്പിടാനായി വെട്ടിപ്പൊളിച്ച ഭാഗം ടാറിങ് ചെയ്ത് ഗതാഗതയോഗ്യമാക്കിയിട്ടില്ല.
റോഡിലൂടെ യാത്രചെയ്യുന്നവരും വാഹനയാത്രക്കാരും പ്രയാസം നേരിടുകയാണ്. റോഡിന്റെ നടുവിലൂടെയും അരികിലൂടെയും അരമീറ്ററോളം വീതിയിലാണ് പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചത്. ചോക്കാട് പഞ്ചായത്തിലെ നിരവധി ഗ്രാമീണ റോഡുകൾ ഇതുപോലെ പൊളിച്ചിട്ട നിലയിലാണുള്ളത്.
പൈപ്പിടൽ പൂർത്തിയായ ശേഷവും പൊളിച്ച ഭാഗം ഏറെക്കാലം അതേ നിലയിൽ തുടരുകയായിരുന്നു.
ഇതിനെതിരേ നാട്ടുകാർ പ്രതിഷേധിച്ചതിനെത്തുടർന്ന് കോൺക്രീറ്റ് ചെയ്ത ഭാഗം രണ്ട് വർഷത്തിനുശേഷമാണ് പുനഃസ്ഥാപിച്ചത്. എന്നാൽ ടാറിട്ട ഭാഗം ഇപ്പോഴും ഒന്നുംചെയ്യാതെ ഇട്ടിരിക്കുകയാണ്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ വെട്ടിപ്പൊളിച്ച ഭാഗത്ത് ചക്രങ്ങൾ താഴ്ന്നുപോകാനുള്ള സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ഇരുചക്രവാഹനയാത്രക്കാരാണ് കൂടുതൽ അപകടഭീഷണി നേരിടുന്നത്.
മഴ പെയ്യുമ്പോൾ പൊളിച്ചഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്നതും പ്രശ്നം രൂക്ഷമാക്കുന്നു.
കുഴിയുടെ ആഴവും റോഡിന്റെ ഉപരിതലത്തിലെ വ്യത്യാസവും വ്യക്തമായി തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ് രാത്രികാലയാത്രയിൽ അപകടഭീഷണി ഉയർത്തുന്നത്. തുടർച്ചയായ വാഹനഗതാഗതം മൂലം പൊളിച്ച ഭാഗത്തിന്റെ അരികുകൾ കൂടുതൽ തകരാനുള്ള സാധ്യതയുമുണ്ട്.
പദ്ധതിയുടെ ഭാഗമായി റോഡ് പൊളിക്കുന്നതിന് മുൻപ് റോഡ് പൂർവസ്ഥിതിയിലാക്കുന്നതിനുള്ള നടപടികൾ ഉറപ്പാക്കേണ്ടതുണ്ടെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കൽ പൂർത്തിയാകാത്തതിലാണ് നാട്ടുകാരുടെ പ്രതിഷേധം.
ജൽജീവൻ മിഷൻ വഴി കുടിവെള്ളമെത്തിക്കുന്നതിനായി നടത്തിയ പ്രവൃത്തിയുടെ ഭാഗമായി റോഡ് തകർന്നനിലയിൽ തുടരുന്നത് അംഗീകരിക്കാനാകില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്.