മൗലികതയില്ലാത്ത എഴുത്തുകാര്‍ക്കേ എ.ഐ. ഭീഷണിയാകൂ - സല്‍മാന്‍ റുഷ്ദി

സല്‍മാന്‍ റുഷ്ദി | Photo: AP
സല്‍മാന്‍ റുഷ്ദി | Photo: AP

പാരീസ്: മൗലികതയ്ക്ക് കാര്യമായ പ്രാധാന്യമില്ലാത്ത സാഹിത്യരൂപങ്ങളായ ത്രില്ലറുകളും ശാസ്ത്രകഥകളും എഴുതുന്നവര്‍ക്ക് നിര്‍മിതബുദ്ധി(എ.ഐ.) വെല്ലുവിളിയായേക്കാമെന്ന് ബുക്കര്‍ ജേതാവായ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദി അഭിപ്രായപ്പെട്ടു. എ.ഐ. രചനകളില്‍ മൗലികതയും നര്‍മവുമില്ലാത്തതിനാല്‍ ഗൗരവകരമായ നോവലുകളെഴുതുന്നവര്‍ക്ക് അത് വെല്ലുവിളിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് സാഹിത്യപ്രസിദ്ധീകരണമായ ലാ നുവേലെ റിവ്യൂ ഫ്രാന്‍സെയ്‌സില്‍ (എന്‍.ആര്‍.എഫ്.) പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് റുഷ്ദിയുടെ അഭിപ്രായപ്രകടനം. തന്റെ ശൈലിയില്‍ 200 വാക്കെഴുതാന്‍ ആവശ്യപ്പെട്ട് ചാറ്റ് ജി.പി.ടി.യെ പരീക്ഷിച്ച കാര്യം അദ്ദേഹം പങ്കുവെച്ചു. ഒരുകെട്ട് അസംബന്ധമായിരുന്നു അതിന്റെ ഫലമെന്നും താനെഴുതിയ ഒരു പേജെങ്കിലും വായിച്ചിട്ടുള്ളവര്‍ ഇതിന്റെ രചയിതാവ് താനല്ലെന്ന് മനസ്സിലാക്കുമെന്നും റുഷ്ദി പറഞ്ഞു.

നിയതമായ ചട്ടക്കൂടിലുള്ള രചനാരീതി പിന്തുടരുന്ന എഴുത്തുകാര്‍ക്കാകും എ.ഐ. കൂടുതല്‍ ഭീഷണിയുയര്‍ത്തുക.

സിനിമയ്ക്കും ടി.വി. പരിപാടികള്‍ക്കുംവേണ്ടി തിരക്കഥയെഴുതുന്നവര്‍ക്ക് അത് വലിയ ഭീഷണിയാകാം. ചാറ്റ് ജി.പി.ടി.യുടെ കഴിവുകളെ അതിനിശിതമായാണ് റുഷ്ദി വിലയിരുത്തിയത്.

Content Highlights: Salman Rushdie says AI is a threat to unoriginal writers only