തൃക്കോട്ടൂര്‍ പെരുമകള്‍ക്ക് അക്ഷരം പകര്‍ന്ന വീട് ഇനി ഓര്‍മ്മച്ചെപ്പില്‍മാത്രം

കോഴിക്കോട്: ഈ ചുവരുകള്‍ക്കുള്ളിലിരുന്ന് ദേശാന്തരങ്ങള്‍ ഭേദിച്ച സാഹിത്യരചന നടത്തിയിട്ടുണ്ട് യു.എ. ഖാദര്‍. പെരുമയാര്‍ന്ന രചനകള്‍ക്ക് സാക്ഷ്യംവഹിച്ച ആ ചുവരുകള്‍ ഇനിയില്ല. ദിവസങ്ങള്‍ക്കുള്ളില്‍ 'അക്ഷരം' എന്ന ഈ വീട് ചരിത്രത്തിന്റെ സ്മരണയാവും.
കാലപ്പഴക്കത്താല്‍ ഈ വീട് നവീകരിക്കുന്നതിന് പ്രയാസം നേരിട്ടപ്പോള്‍ ഖാദറിന്റെ മക്കള്‍ വീട് വിറ്റു. അതുവാങ്ങിയ വ്യക്തിയാണ് ഇപ്പോള്‍ പൊളിച്ചുനീക്കുന്നത്. ട്രസ്റ്റ് രൂപവത്കരിച്ച് നിലനിര്‍ത്താന്‍ ശ്രമമുണ്ടായെങ്കിലും അതും നടന്നില്ല. വീട് വാസയോഗ്യമല്ലാതായപ്പോള്‍ ഖാദറിന്റെ മക്കള്‍ നേരത്തേത്തന്നെ ഫ്‌ളാറ്റിലേക്ക് താമസം മാറ്റിയിരുന്നു. കോഴിക്കോട്ട് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനായിരിക്കുമ്പോഴും ആകാശവാണിയില്‍ പ്രവര്‍ത്തിക്കുമ്പോഴും മറ്റും 'തൃക്കോട്ടൂര്‍പെരുമ'യുടെ കഥാകാരന്‍ ഇവിടെയാണ് വസിച്ചത്. 'ചൂടി വില്‍ക്കുന്ന പെണ്ണും' 'കുഞ്ഞിക്കണ്ണന്‍ സെറാപ്പു'മൊക്കെ അക്കാലത്തെ അദ്ദേഹത്തിന്റെ മാനസസന്തതികള്‍. 'പന്തലായനിയിലേക്ക് ഒരു യാത്ര'യും 'മാണിക്യം വിഴുങ്ങിയ കണാരനു'മൊക്കെ എഴുത്തിന്റെ ആ മഹാഖനിയില്‍നിന്ന് പിറവികൊണ്ടു. നാട്ടുഭാഷയുടെ ചൂരുകൊണ്ട് ഖാദര്‍ മലയാളത്തെ ഉര്‍വരമാക്കിയത് ഈ വീട്ടില്‍ താമസിച്ച്. ഈ വീട് കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ നീക്കംചെയ്യപ്പെടുന്നുവെങ്കിലും 'അഘോരശിവ'വും 'ഒരുപിടി വറ്റു'മൊക്കെ വിഖ്യാത എഴുത്തുകാരന് ശാശ്വതസ്മാരകമാവും. ബര്‍മയില്‍ ജനിച്ച് കോഴിക്കോടിനെയും കൊയിലാണ്ടിയെയുമൊക്കെ ഹൃദയത്തിലേറ്റിയ ഇതിഹാസതുല്യനായ എഴുത്തുകാരനെപ്പോലെ ആസ്വാദകമനസ്സില്‍ ജീവിക്കും.
Content Highlights: renouned writer ua khader house aksharam sold and demolished