മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരം: എം. ദില്‍ദാര്‍, കെ. വിഷ്ണുമോഹന്‍ എന്നിവര്‍ ജേതാക്കള്‍

കോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍ എം. ദില്‍ദാര്‍ കഥയിലും കെ. വിഷ്ണുമോഹന്‍ കവിതയിലും ജേതാക്കളായി. എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്സില്‍ എം.എ. ഇംഗ്ലീഷ് വിദ്യാര്‍ഥിയായ ദില്‍ദാര്‍ രചിച്ച 'ചീമാബുവെ' എന്ന കഥയാണ് പുരസ്‌കാരം നേടിയത്. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയാണ്.
സംസ്‌കൃതം സര്‍വകലാശാലയില്‍ മലയാളം എം.ഫില്‍ വിദ്യാര്‍ഥിയും പാലക്കാട് ചാലിശ്ശേരി തണ്ണീര്‍മുക്കം സ്വദേശിയുമാണ് കവിതയില്‍ ഒന്നാംസ്ഥാനം നേടിയ വിഷ്ണുമോഹന്‍. 'കുടിവെപ്പ്' എന്ന കവിതയ്ക്കാണ് പുരസ്‌കാരം. വിജയികള്‍ക്ക് 25,000 രൂപയും പ്രശസ്തിപത്രവും സമ്മാനിക്കും.
ഡല്‍ഹി ഹിന്ദു കോളേജിലെ പി.എസ്. ദീപേന്ദു, സംസ്‌കൃതം സര്‍വകലാശാലയിലെ ഗോകുല്‍ ഗോപന്‍, തിരുവനന്തപുരം മാര്‍ തിയോഫിലിസ് ട്രെയിനിങ് കോളേജിലെ ഓസ്റ്റിന്‍ സാജന്‍, കോഴിക്കോട് ആര്‍ട്സ് കോളേജിലെ അഖില്‍ പി. ഡേവിഡ്, ബോംബെ ഐ.ഐ.ടിയിലെ കെ.എസ്. ആര്‍ദ്ര എന്നിവര്‍ കഥാവിഭാഗത്തില്‍ പ്രോത്സാഹനസമ്മാനം നേടി.
കവിതയില്‍ സി.എം. ശ്രീജയ (കണ്ണൂര്‍ സര്‍വകലാശാല), ജി.എസ്. പ്രിയംവദ (കോഴിക്കോട് ഫാറൂഖ് കോളേജ്), കൃഷ്ണനുണ്ണി ജോജി (നാട്ടിക എസ്.എന്‍.), കെ.ടി. അനസ് മൊയ്തീന്‍ (പാലക്കാട് ദാറുന്നജാത്ത് അറബിക് കോളേജ്), എ.എം. സുപ്ത (തൃശ്ശൂര്‍ കേന്ദ്രീയ സംസ്‌കൃത വിശ്വവിദ്യാലയം), വി.എസ്. മുഹമ്മദ് ജുനൈദ് (മലപ്പുറം എം.സി.ടി.), ബി.പി. പഞ്ചമി (മഹാരാജാസ്, എറണാകുളം) എന്നിവര്‍ക്കാണ് 10,000 രൂപവീതമുള്ള പ്രോത്സാഹന സമ്മാനം.
സമ്മാനം ലഭിച്ച മുഴുവന്‍ രചനകളും ഒന്നാം സമ്മാനക്കാരുമായുള്ള അഭിമുഖവും ചൊവ്വാഴ്ച പുറത്തിറങ്ങുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പില്‍ വായിക്കാം. രചനകള്‍ വിജയികളുടെ ശബ്ദത്തില്‍ കേള്‍ക്കുകയും ചെയ്യാം.
ചന്ദ്രമതിയുടെ അധ്യക്ഷതയില്‍ വി.ജെ. ജയിംസ്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എന്നിവര്‍ കഥയിലും കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് കൂടിയായ കവി സച്ചിദാനന്ദന്റെ നേതൃത്വത്തില്‍ പി.പി. രാമചന്ദ്രന്‍, അനിത തമ്പി എന്നിവര്‍ കവിതയിലും വിധികര്‍ത്താക്കളായി. ആഴ്ചപ്പതിപ്പിന്റെ നവതി പ്രമാണിച്ച് രണ്ടരലക്ഷം രൂപയുടെ സമ്മാനത്തുകയാണ് മത്സരത്തിന് പ്രഖ്യാപിച്ചത്.
കവിതയിലും കഥയിലും 10,000 രൂപവീതമുള്ള 10 പ്രോത്സാഹന സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും കഥയില്‍ അഞ്ചും കവിതയില്‍ ഏഴും രചനകള്‍ മാത്രമാണ് സമ്മാനാര്‍ഹമായി കണ്ടെത്തിയത്.
മലയാള സാഹിത്യത്തിലെ മുന്‍നിരക്കാര്‍ക്ക് വഴിതുറന്ന മാതൃഭൂമി വിഷുപ്പതിപ്പ് മത്സരത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ഇരുവിഭാഗങ്ങളിലുമായി ആയിരത്തോളം പേര്‍ പങ്കെടുത്തു.
Content Highlights: mathrubhumi vishuppathipp sahithyamalsaram m dildar and k vishnu mohan become winners