ഈ ഗ്യാസ്‌ലൈറ്റിങ് വേദനാജനകവും തളര്‍ത്തുന്നതും; മുന്‍ പങ്കാളിയുടെ ആത്മകഥയ്‌ക്കെതിരെ ബ്രിട്‌നി സ്പിയേഴ്‌സ്‌

ബ്രിട്‌നി സ്പിയേഴ്‌സ്‌, കെവിൻ ഫെഡര്‍ലൈൻ (ഫോട്ടോ: AP, Wikimedia Commons)
ബ്രിട്‌നി സ്പിയേഴ്‌സ്‌, കെവിൻ ഫെഡര്‍ലൈൻ (ഫോട്ടോ: AP, Wikimedia Commons)

പോപ്പ് ഗായികയും നടിയുമായ ബ്രിട്‌നി സ്പിയേഴ്‌സും മുന്‍ ജീവിതപങ്കാളി കെവിന്‍ ഫെഡര്‍ലൈനും വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് രണ്ടുപേരുടെയും ആത്മകഥകളിലൂടെയാണ്. കെവിന്‍ എഴുതിയ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ You Thought You Knew എന്ന പുസ്തകമാണ് ബ്രിട്‌നിയെക്കുറിച്ചുള്ള ആരോപണങ്ങളും വെളിപ്പെടുത്തലുകളും കൊണ്ട് ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. പുസ്തകം വിപണിയില്‍ സജീവമാകുന്നതിനുമുമ്പേ തന്നെ ഉള്ളടക്കത്തിലെ ചില ഭാഗങ്ങള്‍ വലിയ തോതില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ബ്രിട്‌നിയെ അസ്വസ്ഥപ്പെടുത്തുകയും അവര്‍ തന്റെ നിലപാട് എക്‌സിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തതോടെ ബ്രിട്‌നിയുടെയും കെവിന്റെയും വ്യക്തിജീവിതം വീണ്ടും ചര്‍ച്ചയായി.

സ്പിയേഴ്‌സുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും മക്കളായ ഷോണ്‍ പ്രെസ്റ്റണ്‍ ഫെഡര്‍ലൈന്‍, ജെയ്ഡന്‍ ജെയിംസ് ഫെഡര്‍ലൈന്‍ എന്നിവരെ വളര്‍ത്തുന്നതില്‍ തനിക്കുള്ള പങ്കിനെക്കുറിച്ചും അമ്മയോട് മക്കള്‍ക്കുണ്ടായിരുന്ന സമീപനത്തെക്കുറിച്ചും കെവിന്‍ മറയില്ലാതെ പുസ്തകത്തില്‍ എഴുതിയതാണ് ബ്രിട്‌നിയെ ചൊടിപ്പിച്ചിരിക്കുന്നത്.

മക്കള്‍ക്ക് ബ്രിട്‌നി സ്പിയേഴ്‌സിനെ കാണാനോ, സന്ദര്‍ശിക്കാനോ താല്‍പ്പര്യമില്ലായിരുന്നുവെന്ന് കെവിന്‍ ഫെഡര്‍ലൈന്‍ പുസ്തകത്തില്‍ അവകാശപ്പെടുന്നു. 'ഞങ്ങള്‍ ഫെഡര്‍ലൈന്‍ കുടുംബവും സ്പിയേഴ്‌സും വര്‍ഷങ്ങളായി സംസാരിച്ചിട്ടില്ല.' എന്നാണ് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍, താന്‍ മുന്‍ ഭാര്യയുമായി ബന്ധമോ സൗഹൃദമോ സൂക്ഷിക്കുന്നില്ലെന്ന് സ്ഥാപിക്കാനായി ഫെഡര്‍ലൈന്‍ പറയുന്നത്.

അതേ സമയം ബ്രിട്‌നി സ്പിയേഴ്‌സിന്റെ ആരോഗ്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും ഷോണിനും ജെയ്ഡനും അവരുടെ അമ്മയെ സന്ദര്‍ശിക്കാന്‍ താല്‍പ്പര്യമില്ലാത്ത സമയങ്ങളുണ്ടായിരുന്നുവെന്നും കെവിന്‍ വെളിപ്പെടുത്തുന്നു.

തനിക്ക് അസുഖമാണെന്ന കെവിന്‍ ഏള്‍ ഫെഡര്‍ലൈനിന്റെ അവകാശവാദങ്ങള്‍ക്കെതിരെ ബ്രിട്‌നി സ്പിയേഴ്‌സ് രംഗത്തെത്തി.

ഫെഡര്‍ലൈനിന്റെ ഓര്‍മ്മക്കുറിപ്പിലെ ചില ഭാഗങ്ങള്‍ പരസ്യപ്പെടുത്തിയതോടെയാണ് സ്പിയേഴ്‌സ് മുന്‍പങ്കാളിയുടെ അവകാശവാദങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. തന്റെ സാമൂഹികമാധ്യമമായ എക്‌സിലെ ഒരു പോസ്റ്റില്‍ സ്പിയേഴ്‌സ് ഇങ്ങനെ എഴുതി, 'മുന്‍ ഭര്‍ത്താവില്‍ നിന്നുള്ള നിരന്തരമായ ഗ്യാസ്‌ലൈറ്റിംഗ് അങ്ങേയറ്റം വേദനാജനകവും തളര്‍ത്തുന്നതുമാണ്. എന്റെ ആണ്‍മക്കള്‍ക്കൊപ്പം ഒരു ജീവിതം വേണമെന്ന് ഞാന്‍ എപ്പോഴും യാചിക്കുകയും അലറമുറയിടുകയും ചെയ്തിട്ടുണ്ട്'.

'കൗമാരക്കാരായ ആണ്‍കുട്ടികളുമായുള്ള ബന്ധം സങ്കീര്‍ണ്ണമാണ്. ഈ സാഹചര്യം എന്നെ നിരാശപ്പെടുത്തിയിട്ടുണ്ട്, എന്റെ ജീവിതത്തിന്റെ ഭാഗമാകാന്‍ ഞാന്‍ അവരോട് എപ്പോഴും ആവശ്യപ്പെടുകയും ഏറെക്കുറേ യാചിക്കുകയും ചെയ്തിട്ടുണ്ട്, 'ബ്രിട്‌നി കൂട്ടിച്ചേര്‍ത്തു.

തന്റെ മക്കള്‍ അവരുടെ അച്ഛനില്‍ നിന്ന് അമ്മയോടുള്ള ബഹുമാനക്കുറവ് നേരിട്ട് കണ്ടിട്ടുണ്ടെന്നും സ്പിയേഴ്‌സ് അവകാശപ്പെട്ടു.

'കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഒരു മകന്‍ എന്നെ 45 മിനിറ്റ് മാത്രം കണ്ടപ്പോള്‍, മറ്റൊരാള്‍ വെറും 4 തവണയാണ് കണ്ടത്. എനിക്കും അഭിമാനമുണ്ട്. ഇനി മുതല്‍, എന്നെ എപ്പോഴാണ് കാണാന്‍ സൗകര്യപ്പെടുക എന്ന് അവരെ അറിയിക്കും,' ബ്രിട്‌നി തന്റെ പ്രസ്താവനയില്‍ എഴുതുന്നു.

ഫെഡര്‍ലൈന്‍ ഓര്‍മ്മക്കുറിപ്പില്‍ തന്നെക്കുറിച്ച് എഴുതിയതെല്ലാം ശരിക്കും വേദനിപ്പിച്ച 'നുണ'കളാണെന്നും ബ്രിട്‌നി അവകാശപ്പെട്ടു. 'ഞാന്‍ ഷോണിനെയും ജെയ്ഡനെയും എപ്പോഴും സ്‌നേഹിക്കും, നിങ്ങള്‍ക്ക് എന്നെ യഥാര്‍ഥമായും അറിയാമെങ്കില്‍, എന്റെ മാനസികാരോഗ്യത്തെയും മദ്യപാനത്തെയും കുറിച്ചുള്ള ടാബ്ലോയിഡ് വാര്‍ത്തകള്‍ നിങ്ങള്‍ ശ്രദ്ധിക്കില്ല.'- ബ്രിട്‌നി ആരാധകരോടായി പറഞ്ഞു.

'കഴിഞ്ഞ 5 വര്‍ഷമായി പവിത്രവും സ്വകാര്യവുമായ ഒരു ജീവിതം നയിക്കാന്‍ ശ്രമിക്കുന്ന, തികച്ചും ബുദ്ധിയുള്ള ഒരു സ്ത്രീയാണ് ഞാന്‍. എനിക്ക് മതിയായതുകൊണ്ടാണ് ഞാന്‍ ഇതിനെക്കുറിച്ച് സംസാരിക്കുന്നത്, ഏതൊരു യഥാര്‍ത്ഥ സ്ത്രീയും ഇതുതന്നെ ചെയ്യും,' സ്പിയേഴ്‌സ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

'പുസ്തകത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടുകൊണ്ട് വീണ്ടും കെവിനും കൂട്ടരും ബ്രിട്‌നിയെ മുതലെടുത്ത് ലാഭമുണ്ടാക്കുകയാണെന്ന് ബ്രിട്‌നി സ്പിയേഴ്‌സിന്റെ വക്താവ് പ്രതികരിച്ചു. കുട്ടികളുടെ സംരക്ഷണച്ചെലവ് ഇനത്തില്‍ കെവിന് നല്‍കിക്കൊണ്ടിരിക്കുന്ന തുക അവസാനിച്ചതിന് ശേഷമാണ് ഇത് സംഭവിക്കുന്നത് എന്നതില്‍ ദുഃഖമുണ്ടെന്നും ഈ കോലാഹലങ്ങള്‍ക്കിടയിലും അവള്‍ക്ക് തന്റെ കുട്ടികളെയും അവരുടെ ക്ഷേമത്തെയും കുറിച്ച് മാത്രമാണ് ചിന്തയെന്നും വക്താവ് പറഞ്ഞു.

ബ്രിട്‌നി സ്പിയേഴ്സിന് 'ദ വുമണ്‍ ഇന്‍ മീ' എന്ന ആത്മകഥ അനവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും അനവധി കോപ്പികള്‍ വിറ്റഴിക്കപ്പെടുകയും ചെയ്തിരുന്നു. ആത്മകഥ സിനിമയാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് കെവിന്റെ ഓര്‍മക്കുറിപ്പുകള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കുട്ടികളുടെ സംരക്ഷണാവകാശത്തിനായുള്ള നിയമപോരാട്ടവും അത് തനിക്ക് നല്‍കിയ മാനസികാഘാതത്തെക്കുറിച്ചും ആത്മകഥയില്‍ ബ്രിട്‌നി വിശദമാക്കിയിരുന്നു.

തന്നെ ലഹരിയ്ക്കടിമയായി ചിത്രീകരിക്കുന്നതിലായിരുന്നു കെവിന്റെ വ്യഗ്രതയെന്നും താന്‍ പൂര്‍ണമായും നിയന്ത്രണംവിട്ട അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചുറ്റുമുള്ളവരെ കെവിന്‍ തെറ്റിദ്ധരിപ്പിക്കുന്നതായും ബ്രിട്‌നി ആരോപിച്ചു. കെവിന്‍ എടുത്തുകാട്ടിയ ഗുരുതരമായ ലഹരി ആരോപണത്തെയും ബ്രിട്‌നി നിഷേധിച്ചു.

തന്റെ ആത്മകഥയുടെ വിശദാംശങ്ങളൊന്നും സ്പിയേഴ്സുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കെവിന്‍ വ്യക്തമാക്കി. താന്‍ ഒരിക്കലും ബ്രിട്‌നിക്കെതിരായിരുന്നില്ലെന്നും മക്കളും അവരുടെ അമ്മയും തമ്മില്‍ ശക്തമായ ഒരു ബന്ധം കെട്ടിപ്പടുക്കാന്‍ മാത്രമാണ് താന്‍ ശ്രമിച്ചതെന്നും കെവിന്‍ പ്രസ്താവിച്ചു. 

'സംഭവിച്ചതിനെക്കുറിച്ചെല്ലാം ഞാന്‍ ചിന്തിക്കുമ്പോള്‍ വളരെ ബുദ്ധിമുട്ടാണ്, ഞാന്‍ വിവാഹം കഴിച്ച സ്ത്രീയെ എന്റെ മക്കള്‍ക്ക് അറിയില്ല. ആ വിടവ് നികത്താന്‍ ഞാന്‍ രണ്ട് പതിറ്റാണ്ടായി ശ്രമിക്കുകയാണ്,' കെവിന്‍ കൂട്ടിച്ചേര്‍ത്തു.

2004-ലായിരുന്നു ബ്രിട്‌നി സ്പിയേഴ്സും കെവിന്‍ ഫെഡര്‍ലൈനും വിവാഹിതരാവുന്നത്. 2007-ല്‍ വിവാഹമോചനവും. കെവിന് മക്കളെ സന്ദര്‍ശിക്കാന്‍ മാത്രം അനുമതി നല്‍കിക്കൊണ്ട്, തന്റെ രണ്ട് ആണ്‍മക്കളുടെയും ശാരീരികവും നിയമപരവുമായ സംരക്ഷണാവകാശം ബ്രിട്‌നി ആവശ്യപ്പെട്ടുവെങ്കിലും ഫെഡര്‍ലൈന്‍ വിവാഹമോചനത്തിനും മക്കളുടെ സംരക്ഷണാവകാശ ഹര്‍ജിക്കും മറുപടി നല്‍കുകയും ഷോണിന്റെയും ജെയ്ഡന്റെയും ശാരീരിക സംരക്ഷണാവകാശം കെവിന്‍ ഫെഡര്‍ലൈന് കോടതി അനുവദിക്കുകയുമായിരുന്നു.

2008 ജനുവരിയില്‍, സ്പിയേഴ്സ് തന്റെ കുട്ടികളെ വിട്ടുനല്‍കാന്‍ വിസമ്മതിക്കുകയും ഷോണിനെയും ജെയ്ഡനെയും കൂടുതല്‍ നേരം കാണാന്‍ കെവിന്‍ ഫെഡര്‍ലൈന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പോലീസിനെ അവരുടെ വസതിയിലേക്ക് വിളിച്ചുവരുത്തി. 2008 ജൂലൈ ആയപ്പോഴേക്കും, കെവിന്‍ ഫെഡര്‍ലൈന് മക്കളുടെ പൂര്‍ണ്ണമായ ശാരീരികവും നിയമപരവുമായ സംരക്ഷണാവകാശം ലഭിക്കുകയായിരുന്നു. ഇതോടൊപ്പം, സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട നിയമപരമായ ചെലവുകള്‍ക്കായി അധിക തുകയോടൊപ്പം പ്രതിമാസം 20,000 ഡോളര്‍ കുട്ടികളുടെ സംരക്ഷണച്ചെലവായി ഫെഡര്‍ലൈന് നല്‍കാന്‍ കോടതി സ്പിയേഴ്സിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

(ഗ്യാസ് ലൈറ്റിങ് (Gaslighting) : നമുക്ക് ഉറപ്പുള്ള കാര്യങ്ങള്‍ തെറ്റാണെന്ന് വരുത്തി തീര്‍ക്കുക. നമ്മുടേതല്ലാത്ത തെറ്റുകള്‍ പോലും പതിയെ നമ്മുടേതായി മാറുന്ന അവസ്ഥ.)