മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം; കനകക്കുന്നിൽ മാതൃഭൂമി പുസ്തകശാല ഉദ്ഘാടനം വ്യാഴാഴ്ച

തിരുവനന്തപുരം: ഒടുവിൽ മജീദ് മന്ത്രിച്ചു 'സുഹ്റാ...' ഭൂതകാലത്തിന്റെ ഹൃദയത്തിൽനിന്നെന്നോണം അവൾ വിളികേട്ടു. 'ഓ...' പ്രണയം അത്രയും ശുദ്ധമായും ഉദാത്തമായും ചെറുവാക്കുകളിൽ കുറിച്ചിട്ട ബേപ്പൂർ സുൽത്താൻ. 'എൻ അന്തരാത്മാവിനുള്ളിലെ തീയിൽ വെച്ചിന്നുമെന്നോർമ്മ ദഹിപ്പിക്കുമച്ഛനെ...' എന്നെഴുതിയ വയലാർ.
അങ്ങനെ ഒരിക്കലും അണയാത്ത വാക്കുകൾ കൊളുത്തിവെച്ച് കടന്നുപോയ ഏഴ് മഹാത്മാക്കൾ, മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഏഴിന്റെ പടവുകയറുക അവരുടെ ഓർമകളുടെ വിരൽത്തുമ്പുപിടിച്ചുകൊണ്ട്. അക്ഷരോത്സവവേദിയായ കനകക്കുന്നിൽ മാതൃഭൂമി ബുക്സ് സ്റ്റാൾ തുറക്കുക വ്യാഴാഴ്ച അഞ്ചിന് മലയാളത്തിന്റെ പ്രിയപ്പെട്ട ഏഴ് എഴുത്തുകാരുടെ മക്കൾ എഴ് തിരിതെളിയിച്ചാണ്.
വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ, വയലാർ രാമവർമയുടെ മകൻ വയലാർ ശരത്ചന്ദ്രവർമ, ഒ.എൻ.വി. കുറുപ്പിന്റെ മകൻ രാജീവ് ഒ.എൻ.വി., സുഗതകുമാരിയുടെ മകൾ ലക്ഷ്മി ദേവി, എം. കൃഷ്ണൻനായരുടെ മകൾ രാധ, കാക്കനാടന്റെ മകൾ രാധാ കാക്കനാടൻ, എം.കെ. സാനുവിന്റെ മകൾ രേഖ എന്നിവർചേർന്നാണ് ഉദ്ഘാടനം നടത്തുക. അവർ ഏഴുപേരും തങ്ങളുടെ അച്ഛനമ്മമാരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിലെ ഭാഗങ്ങൾ വേദിയിൽ വായിക്കും.
അക്ഷരങ്ങളും പുത്തൻ ചിന്തകളുമായി കുന്നുകയറിവരുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലേക്ക് സ്വാഗതംചെയ്യലാകും വ്യാഴാഴ്ചയിലെ സായാഹ്നം. 29 മുതൽ ഫെബ്രുവരി ഒന്നുവരെയാണ് അക്ഷരോത്സവം. ഏഴാംപതിപ്പിന് മുന്നോടിയായി കേരളത്തിലെ ഏഴ് പ്രമുഖരായ മുതിർന്ന എഴുത്തുകാരെ മാതൃഭൂമി വസതികളിലെത്തി ആദരിച്ചിരുന്നു.
വൈവിധ്യങ്ങളും ലക്ഷങ്ങൾകടക്കുന്ന പുസ്തകബാഹുല്യവുമായാണ് പുസ്തകോത്സവം കനകക്കുന്ന് കൊട്ടാരവളപ്പിൽ വായനത്തിരക്കിന്റെ ഇടമൊരുക്കുക. ഉദ്ഘാടനദിവസമായ 22-ന് പുസ്തകങ്ങൾക്ക് 15 ശതമാനം വിലക്കിഴിവുമുണ്ട്.
അക്ഷരോത്സവത്തിന്റെ പ്രവേശനടിക്കറ്റ് ബുക്കുചെയ്യാനും പുസ്തകോത്സവവേദിയിൽ അവസരമുണ്ട്. ഉദ്ഘാടനച്ചടങ്ങിനെത്തുടർന്ന് വയലാർ ഗാനങ്ങൾ കോർത്തിണക്കി ഗായകൻ കല്ലറ ഗോപൻ നയിക്കുന്ന 'വയലാർ ഗാനസന്ധ്യ' അരങ്ങേറും. വയലാർ ശരത്ചന്ദ്രവർമ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
Content Highlights: Experience the Mathrubhumi International Lit Fest! Celebrating 7 literary icons, their children light up the event.