'അത് സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ, ഞാനെന്റെ സാഹിത്യജീവിതം ഉപേക്ഷിക്കുമായിരുന്നു'

എഴുത്തുകാരനാവാന്‍ മോഹിച്ച് എഴുതി പുസ്തകം പ്രസിദ്ധീകരിക്കുകയും പിന്നീട് ജീവിതപ്രവാഹത്തില്‍പ്പെട്ട് എഴുത്തിനെ ഉപേക്ഷിക്കേണ്ടിവരുകയും ചെയ്ത ഒരച്ഛനും പിന്നീട് അറിയപ്പെടുന്ന എഴുത്തുകാരനായി മാറിയ മകനും തമ്മിലുള്ള സംഭാഷണമാണിത്. എങ്ങോവെച്ച് നിലച്ചുപോയ തന്റെ എഴുത്തിനെക്കുറിച്ച് ഈ പിതാവ് ഖേദിക്കുന്നില്ല. അദ്ദേഹം വായനയിലേക്കും യാത്രകളിലേക്കും പോയി. പിന്നീട് മകന്‍ വളര്‍ന്ന് എഴുതാന്‍ തുടങ്ങിയപ്പോള്‍ തന്റെ മോഹത്തിന്റെ തുടര്‍ച്ച കണ്ട് അദ്ദേഹം കൂടെ നിന്നു. മകന്റെ പ്രശസ്തമായ പുസ്തകങ്ങളില്‍ത്തൊടുമ്പോള്‍ എവിടെയൊക്കെയോ തന്റെ ഹൃദയത്തിന്റെ സ്പന്ദനം അദ്ദേഹം കേള്‍ക്കുന്നു.
തിളക്കം കുറഞ്ഞ ഒരു കാലമായിരുന്നു അത്. തൃശ്ശൂരിലെ പട്ടിക്കാട് എന്ന ഗ്രാമം. തറയില്‍ വേലുനായരുടെയും എരട്ടന്‍പറമ്പില്‍ അമ്മു അമ്മയുടെയും മകനായി ഗോവിന്ദന്‍കുട്ടി ജനിച്ചതും പഠിച്ചതും വളര്‍ന്നതും കൃഷിചെയ്തതും പിന്നെ കഥകളെഴുതിയതുമെല്ലാം അവിടെയാണ്. വെള്ളാനിമലകള്‍ക്ക് താഴെ കുതിരാനിലേക്കുള്ള കവാടമായിരുന്നു അന്ന് പട്ടിക്കാട്. ശക്തന്‍ തമ്പുരാന്റെ കാലത്ത് അവിടെ ഒരൂട്ടുപുരയുണ്ടായിരുന്നു. ഗുണ്ടര്‍ട്ട് സ്വന്തം കൈപ്പടയില്‍ വരച്ച ഭൂപടങ്ങളില്‍ അതിന്റെ പേര് അടയാളപ്പെടുത്തിയിട്ടുണ്ട്. മുപ്പത്തഞ്ചുവര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തിന്റെ രേഖകളില്‍ അദ്ദേഹത്തിന്റെ പേര് ഗോവിന്ദന്‍കുട്ടി എന്നുതന്നെയാണ്. 1970-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഓണത്തുമ്പി എന്ന നോവലും ഒരു വ്യാഴവട്ടക്കാലത്തിനിടെയെഴുതിയ പന്ത്രണ്ടു കഥകളും അടങ്ങുന്ന സാഹിത്യജീവിതത്തില്‍ പക്ഷേ, അദ്ദേഹം തന്റെ നാടിനെയും ചേര്‍ത്ത് ഗോവിന്ദ് പട്ടിക്കാട് എന്ന പേര് സ്വീകരിച്ചു.
പക്ഷേ, ജീവിതം എഴുത്തുകാരനെ എഴുത്തില്‍ നിന്നകറ്റി. വായനക്കാരനായി നിലനിര്‍ത്തി. അതിനപ്പുറം കാലം അദ്ദേഹത്തിന് പുതിയൊരു മേല്‍വിലാസവും നല്‍കി: എഴുത്തുകാരനായ മകന്റെ അച്ഛന്‍. അന്ധകാരനഴിയും ജ്ഞാനഭാരവും ഉള്‍പ്പെടെയുള്ള നോവലുകളും കാല്പനികതയുടെ അഴകളവുകള്‍ക്കപ്പുറം ആത്മീയതയിലേക്കും തത്ത്വചിന്തയിലേക്കും വെളിച്ചംവീശുന്ന ഒട്ടേറെ ചെറുകഥകളും അടക്കം ഉത്തരാധുനിക മലയാള സാഹിത്യത്തിന് പുതുകവാടങ്ങളൊരുക്കിയ ഇ. സന്തോഷ് കുമാറിന്റെ അച്ഛന്‍. എഴുതാതെപോയ കഥകളെ ചെടികളായും മരങ്ങളായും നട്ടുവളര്‍ത്തി അവ വിരിയിച്ച പൂക്കള്‍ക്കും ഫലങ്ങള്‍ക്കും ഇടയില്‍ തൃപ്തനായ വായനക്കാരനാണ് ഇന്ന് അദ്ദേഹം.
വായനമുറിയിലെ അലമാരയ്ക്കുള്ളിലുണ്ട് പലവുരി വായിക്കപ്പെട്ട പലകാലങ്ങളിലെ വിശ്രുത സാഹിത്യം. പോയകാലത്തെയും പുതുകാലത്തെയും എഴുത്തുകാരെല്ലാവരും വായനയിലൂടെ പരിചിതരാണ് ഒരുകാലത്ത് എഴുത്തുകാരനായിരുന്ന ഈ വായനക്കാരന്. അച്ഛനായ വായനക്കാരന്‍ എഴുത്തില്‍നിന്ന് അവധിയിയെടുപ്പിച്ച, വായനയിലേക്ക് ഇറക്കിവിട്ട ജീവിതത്തെപ്പറ്റി, പതിറ്റാണ്ടുകള്‍ നീളുന്ന വായനാനുഭവത്തെപ്പറ്റി എഴുത്തുകാരനായ മകനോട് സംസാരിക്കുകയാണ്...
ഇ. സന്തോഷ്‌കുമാര്‍: അച്ഛന്‍ വായിച്ചിട്ടുള്ള ഓര്‍ഹന്‍ പാമുക് എന്ന തുര്‍ക്കിയിലെ എഴുത്തുകാരന്‍ തന്റെ നൊബേല്‍ സമ്മാനപ്രസംഗം എന്റെ അച്ഛന്റെ സ്യൂട്കേസ് എന്ന പേരില്‍ ഒരു ലേഖനമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുതാന്‍ ശ്രമിച്ച് മുന്നോട്ടുപോകാതിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ സാഹിത്യജീവിതം അതില്‍ പരാമര്‍ശിക്കപ്പെടുന്നു. പ്രചോദനമല്ല, എല്ലാ തിരസ്‌കാരങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയിലും പതറാതെ പിടിച്ചുനില്‍ക്കാനുള്ള കരുത്താണ് ഒരെഴുത്തുകാരനു വേണ്ടത് എന്ന കാര്യത്തിലാണ് പാമുക്ക് ഊന്നുന്നത്. പ്രചോദനത്തിന്റെ മാലാഖ ഇടയ്ക്കിടെ പലരെയും സന്ദര്‍ശിക്കുമെന്നും എന്നാല്‍, തന്നെ വിശ്വസിച്ച് കൂടെ നില്‍ക്കുന്നവരെയാണ് അയാള്‍ക്ക് പ്രിയം എന്നും അദ്ദേഹം എഴുതുന്നുണ്ട്. എഴുത്തുതുടങ്ങുന്നവരെ സഹായിക്കുന്ന ഒരുപാട് സാഹചര്യങ്ങള്‍ ഇന്നുണ്ടെങ്കിലും സാഹിത്യത്തിന്റെ മുന്‍നിരയിലേക്ക് എത്തിച്ചേരുക ഇപ്പോഴും ദുഷ്‌കരമാണെന്നാണ് എന്റെ തോന്നല്‍. അച്ഛന്‍ അഞ്ചരദശകം മുന്‍പ് ഒരു നോവല്‍ പ്രസിദ്ധീകരിച്ചു. ഏതാനും കഥകളും എഴുതി. പിന്നീട് എഴുത്തിന്റെ വഴിയില്‍നിന്ന് മാറിപ്പോയി. നേരത്തേ പറഞ്ഞ പിടിച്ചുനില്‍ക്കാനുള്ള കരുത്ത് ഉണ്ടാകാത്തതുകൊണ്ടാണോ അങ്ങനെ സംഭവിച്ചത്?
ഗോവിന്ദന്‍ കുട്ടി: എഴുത്തില്‍ പിടിച്ചുനില്‍ക്കുക എളുപ്പമായിരുന്നില്ല. ബാലസാഹിത്യകാരനായ പി. നരേന്ദ്രനാഥിന്റെ സഹായത്തോടെയാണ് ഓണത്തുമ്പി എന്ന നോവല്‍ പ്രസിദ്ധീകരിച്ചത്. ചെറിയ പ്രസിദ്ധീകരണങ്ങളിലൊക്കെ കഥകള്‍ വന്നിട്ടുണ്ട്. ഉറൂബ് പത്രാധിപരായിരുന്ന സമയത്ത് മനോരമ ആഴ്ചപ്പതിപ്പില്‍ മര്‍ദനം എന്നൊരു കഥ വന്നതാണ് എടുത്തു പറയാവുന്ന ഒരു കാര്യം. ഞങ്ങളുടെ കുട്ടിക്കാലത്ത് കൃഷിയായിരുന്നു ഈ ഗ്രാമത്തിന്റെ ജീവന്‍. അന്നൊന്നും നാലാം ക്ലാസിനപ്പുറം ആര്‍ക്കും വിദ്യാഭ്യാസമില്ല. പഠിക്കുന്നകാലത്ത് വയലില്‍ കൃഷിപ്പണിക്കൊക്കെ പോയിരുന്നു. അതൊക്കെ കഴിഞ്ഞുള്ള നേരത്താണ് പഠിത്തം. അന്നും ഇവിടത്തെ ഗ്രാമീണ വായനശാലയില്‍ വിലപിടിച്ച പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. നെഹ്റുവിന്റെ വിശ്വചരിത്രാവലോകവും ഇന്ത്യയെ കണ്ടെത്തലും പോലുള്ള കൃതികളും നല്ല നോവലുകളും. ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് പത്താംക്ലാസ് ജയിച്ചത്. തുടര്‍ന്നുപഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ട്യൂഷനെടുക്കലും കൃഷിപ്പണിയും ഒക്കെയായി മുന്നോട്ടുപോയി. അതിനിടയില്‍ ഗുരുവായൂരിലെ തോമസ് പോന്നോര്‍ എന്ന ഉത്പതിഷ്ണുവായ ഒരു ഭൂവുടമയെ പരിചയപ്പെട്ടു. സ്ത്രീ, നാട്ടുവൈദ്യന്‍ എന്നീ രണ്ടുമാസികകള്‍ അദ്ദേഹം തൃശ്ശൂരില്‍നിന്ന് ഇറക്കിയിരുന്നു.
അദ്ദേഹത്തിന്റെ വീട്ടില്‍ കണക്കെഴുത്തും കാര്യസ്ഥപ്പണിയും കുട്ടികള്‍ക്ക് ട്യൂഷനെടുപ്പും ഒക്കെയായി കുറച്ചുകാലം തങ്ങി. മുപ്പതുരൂപ ശമ്പളം. ആ വീടിന്റെ മൂന്നാംനിലയില്‍ വലിയ ലൈബ്രറിയുണ്ട്. ഇഷ്ടംപോലെ വായിച്ചു. എല്ലാ വാരികകളും അവിടെക്കിട്ടും. ഞാന്‍ അനിയത്തി എന്നൊരു കഥ എഴുതി ദീപികയ്ക്ക് അയച്ചു. അത് പ്രസിദ്ധീകരിച്ചുവന്നു. ഇതിനിടയില്‍ വായനശാലയില്‍ കൈത്തിരി എന്ന പേരില്‍ ഞാനും അയല്‍വാസിയും സുഹൃത്തുമായ ബാലകൃഷ്ണന്‍ അഞ്ചത്തും കൂടി (ചിത്രകാരി കവിതാ ബാലകൃഷ്ണന്റെ അച്ഛന്‍) ഒരു മാസിക തുടങ്ങി. ഇന്ത്യ-ചൈന യുദ്ധം നടക്കുന്ന കാലമാണ്. മഞ്ഞുമലയും പൊന്‍കിനാവും എന്ന പേരില്‍ ഞാന്‍ അതില്‍ ഒരു നീണ്ട കഥ എഴുതി. എഴുത്തിനൊക്കെയപ്പുറം ജീവിതമാണല്ലോ പ്രധാനം. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. ജോലിക്കുവേണ്ടിയായി കഠിനശ്രമം. ഇരുപതാം വയസ്സില്‍ പി.എസ്.സി. വഴി തൃശ്ശൂര്‍ മുനിസിപ്പാലിറ്റിയില്‍ ബില്‍ കളക്ടറായി ജോലിയില്‍ കയറി. 101 രൂപ 50 പൈസയാണ് ശമ്പളം. ചെറുപ്പത്തിലേ വിവാഹം കഴിച്ചു. ജീവിതം വഴിമാറി. ആദ്യമൊക്കെ ജോലിയുടെ തിരക്കിനിടയിലും എഴുത്ത് തുടര്‍ന്നു. അയക്കുന്നതെല്ലാം മടങ്ങിവരും. ചിലര്‍ മറുപടി തരുകയുമില്ല. അന്ന് എന്‍.ബി.എസില്‍ 500 രൂപ അടച്ചാല്‍ കൊല്ലത്തില്‍ ഒരു പുസ്തകം അച്ചടിക്കാം. പക്ഷേ, പൈസ ഇല്ല. അക്കാലത്ത് ഏതാണ്ട് മിക്കവരുടെയും ജീവിതസാഹചര്യങ്ങള്‍ അങ്ങനെയൊക്കെയായിരുന്നു. പ്രസിദ്ധീകരണം എളുപ്പമല്ലാതായതോടെ എഴുതാനുള്ള മോഹം കെട്ടു. കഥയില്‍നിന്ന് അകന്നു.
സന്തോഷ്‌കുമാര്‍: അച്ഛന്റെ നിലച്ചുപോയ എഴുത്തുജീവിതം മറ്റൊരു രീതിയില്‍ ഞാന്‍ കഥയാക്കി അവതരിപ്പിച്ചിട്ടുണ്ട് -മയിലുകളുടെ നൃത്തം. വേരുകളില്‍നിന്ന് ശില്പങ്ങളുണ്ടാക്കുന്ന അച്ഛന്റെ വിരലുകള്‍ നഷ്ടപ്പെടുന്നതാണ് പ്രമേയം. എഴുത്തുകാരനാകാന്‍ പ്രതിഭമാത്രം പോരാ എന്നാണ് ഞാനും കരുതുന്നത്. അതിന് ചില ആകസ്മികതകളും അനുകൂലഘടകങ്ങളും വേണം. അച്ഛന്റെ കാര്യത്തില്‍ അതു സംഭവിച്ചില്ല. അന്നത്തെ കേരളത്തിന്റെ സാഹചര്യത്തില്‍ മാറ്റിവെക്കാവുന്ന ഒന്നായിരുന്നു എഴുത്ത്. നിരന്തരതിരസ്‌കാരങ്ങളെ അതിജീവിക്കുക എഴുത്തിലെ തുടക്കക്കാര്‍ക്ക് എളുപ്പമല്ല. വെളിച്ചം കിട്ടാതെ വരുകയും മുന്നോട്ടുപോകാനാകാതെവരുകയും ചെയ്യുമ്പോള്‍ എഴുത്ത് തടസ്സപ്പെടും. എന്റെ കാര്യം ഞാനിടയ്ക്ക് ആലോചിക്കാറുണ്ട്. 1998-ല്‍ കുറെക്കാലത്തെ തിരസ്‌കാരങ്ങള്‍ക്കുശേഷം മാതൃഭൂമിയിലും ഭാഷാപോഷിണിയിലുമായി രണ്ടുകഥകള്‍ ഒരേ ദിവസം പ്രസിദ്ധീകരിച്ചുവന്നതാണ് എന്റെ വഴിത്തിരിവ്. അത് സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ, കുറച്ചുകാലം കഴിഞ്ഞ് ഞാനെന്റെ സാഹിത്യജീവിതം ഉപേക്ഷിക്കുമായിരുന്നു. സങ്കടകരമാണ് ആ അവസ്ഥ. എന്നാല്‍, എഴുതാനായില്ല എന്നതിന്റെ പേരില്‍ അച്ഛനെ ഒരിക്കലും നിരാശപ്പെട്ടു കണ്ടിട്ടില്ല. കൃഷിയും ചെടിവളര്‍ത്തലും യാത്രകളും ഒക്കെയായി ക്രിയാത്മകമായ ഒരു വഴി അച്ഛന്‍ കണ്ടെടുക്കുകയായിരുന്നോ?
ഗോവിന്ദന്‍കുട്ടി: കൊച്ചിയിലും കോഴിക്കോട്ടും തൊടുപുഴയിലും തിരുവല്ലയിലുമെല്ലാം ജോലിചെയ്ത കാലത്ത് മുനിസിപ്പല്‍ ലൈബ്രറികളുടെ ചാര്‍ജ് എനിക്കുണ്ടായിരുന്നു. എഴുത്ത് നിലച്ചെങ്കിലും അതുവഴി വായന തുടരാന്‍ കഴിഞ്ഞു. അതൊരു ആശ്വാസമായിരുന്നു. പിന്നെ എനിക്ക് ഉദ്യാനങ്ങളിലും കൃഷിയിലുമൊക്കെ പണ്ടേ താത്പര്യമുണ്ട്. ചെടികള്‍ ഗ്രാഫ്റ്റ് ചെയ്യാനും പക്ഷികളുടെയും മൃഗങ്ങളുടെയും ആകൃതിയില്‍ വെട്ടിനിര്‍ത്താനും ബോണ്‍സായികള്‍ ഉണ്ടാക്കാനുമൊക്കെ എനിക്കറിയാം. സുഹൃത്തുക്കളുടെ വീടുകളില്‍ വിവാഹമൊക്കെ വരുമ്പോള്‍ കടലാസുപൂക്കള്‍ വെട്ടിയെടുത്ത് പന്തല്‍ വിതാനിക്കാന്‍ പോകുന്നതും എന്റെ ഹോബിയായിരുന്നു. ഒട്ടേറെ തൊഴിലുകള്‍ അറിയാം. ഒന്നിലും ഒരു മാസ്റ്ററായില്ല എന്നുവേണം പറയാന്‍.
സന്തോഷ്‌കുമാര്‍: മലയാളത്തില്‍ വരുന്ന ഏറ്റവും പുതിയ രചനകള്‍വരെ വായിക്കുന്ന ഒരാളെന്ന നിലയില്‍ ചോദിക്കട്ടെ, പഴയ കാലത്തെയും പുതിയ കാലത്തെയും രചനകളെ താരതമ്യം ചെയ്യാമോ?
ഗോവിന്ദന്‍കുട്ടി: മലയാളത്തിലെ മിക്കവാറും എല്ലാ എഴുത്തുകാരെയും വായിച്ചു. ബഷീറും കോവിലനും ഉറൂബും പുനത്തില്‍ കുഞ്ഞബ്ദുള്ളയും പത്മനാഭനും സാറാ ജോസഫും പാറപ്പുറവും വൈശാഖനും പെരുമ്പടവവും അശോകന്‍ ചരുവിലും ഉള്‍പ്പെടെയുള്ളവരുടെ പുസ്തകങ്ങള്‍ ഇഷ്ടങ്ങളുടെ കൂട്ടത്തില്‍ മുന്‍പിലുണ്ട്. ആരാധന എം. മുകുന്ദനോടാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ തുടങ്ങിയ ഇഷ്ടം. അദ്ദേഹത്തിന്റെ എന്റെ എംബസിക്കാലം ഒരു ലക്കംപോലുംവിടാതെ ഈയടുത്ത് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ താത്പര്യത്തോടെ വായിച്ചു. എം.ടി.യുടെ കഥകളോടും നോവലുകളോടുമൊക്കെ ഒരുകാലത്ത് ഇഷ്ടക്കൂടുതലുണ്ടായിരുന്നു. മലയാറ്റൂരിനെയും ഒ.വി. വിജയനെയും വീണ്ടും വായിച്ചു. അവകാശികള്‍ നാലുതവണയോ മറ്റോ വായിച്ചിട്ടുണ്ട്. ഖസാക്കിന്റെ ഇതിഹാസം രണ്ടു തവണയും. മികച്ച കൃതികള്‍ പഴയകാലത്തിന്റെമാത്രം കുത്തകയൊന്നുമല്ല. പുതിയ കാലത്ത് സുഭാഷ് ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പഴയകാല എഴുത്തുകാരോട് കിടപിടിക്കുന്നവരാണ്.
പണ്ടത്തെ കൃതികള്‍ വായിക്കുമ്പോഴുള്ള സന്തോഷം ഇപ്പോഴത്തെ കൃതികള്‍ വായിക്കുമ്പോള്‍ കിട്ടുമോ എന്നുചോദിക്കും ചിലര്‍. പുതിയത് വായിച്ച് സന്തോഷം കിട്ടുന്നില്ലെങ്കില്‍ അതെന്റെ പ്രായത്തിന്റെ പ്രശ്‌നമാണ്. വയസ്സ് എണ്‍പതാവുന്നു. പണ്ട് വായിച്ചതെല്ലാം ഓര്‍മയിലുണ്ട്. ഇപ്പോള്‍ ഓര്‍മയ്ക്ക് പഴയ മൂര്‍ച്ചയില്ല. ഇത്രകാലത്തെ വായനാനുഭവം നല്‍കിയ ചില തിരിച്ചറിവുകള്‍ ഉണ്ട്. ഏതൊരു എഴുത്തുകാരന്റെ ജീവിതത്തിലും ഒന്നോ രണ്ടോ പുസ്തകങ്ങളേ മികച്ചതാകൂ എന്നതാണ് അതിലൊന്ന്. മറ്റുള്ളതൊന്നും വായിക്കാന്‍ കൊള്ളില്ല എന്നല്ല. അയാളുടെ മികച്ച രചനകളോളം കിടപിടിക്കാനാകുന്നതല്ല എന്നുമാത്രം. ഇപ്പോള്‍ ഇന്ത്യയിലെ മറ്റു ഭാഷകളെ അപേക്ഷിച്ച് സാഹിത്യത്തിന് വളര്‍ച്ചയുള്ളത് മലയാളത്തിലാണ്. മലയാളസാഹിത്യത്തിന് ഭാവിയുണ്ട്.
സന്തോഷ്‌കുമാര്‍: അച്ഛന്‍ ഒരു സഞ്ചാരിയുമായിരുന്നു. അത്രയധികം സൗകര്യങ്ങളോടു കൂടിയൊന്നുമായിരുന്നില്ല ആ യാത്രകള്‍ എന്നെനിക്കറിയാം. എന്താണ് ആ യാത്രകളുടെ പ്രചോദനം?
ഗോവിന്ദന്‍കുട്ടി: എസ്.കെ. പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങള്‍ വായിച്ച് തുടങ്ങിയതാണ് യാത്രയോട് ഇഷ്ടം. അദ്ദേഹം എഴുതിയതെല്ലാം വായിച്ചു. ഒരിക്കല്‍ പൊറ്റെക്കാട്ടിന് കത്തയച്ചു. മറുപടി കിട്ടി. പെട്ടിയും കിടക്കയുമൊക്കെയായി കപ്പലിലും ലോറിയിലുമൊക്കെ സഞ്ചരിച്ച് ലോകംകണ്ട മഹാനായിരുന്നു എസ്. കെ. അതില്‍ ആകൃഷ്ടനായി ഞാനും എന്നാലാവുംവിധം യാത്രചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഒട്ടുമുക്കാല്‍ഭാഗവും കണ്ടു.
സന്തോഷ്‌കുമാര്‍: ഇനി വായനയും എഴുത്തും യാത്രയുമൊക്കെയായി നീങ്ങാം എന്നു വിചാരിച്ച് ഞാന്‍ ജോലി വിടാന്‍ ആലോചിച്ച സമയത്ത് ഒപ്പമുണ്ടായിരുന്ന മിക്കവര്‍ക്കും ആ സംഗതി മനസ്സിലായതുപോലുമില്ല. എന്നാല്‍, എന്റെ തീരുമാനത്തെ അച്ഛന്‍ അനുകൂലിക്കുകയാണ് ചെയ്തത് എന്നോര്‍ക്കുന്നു.
ഗോവിന്ദന്‍കുട്ടി: അത് തെറ്റായ തീരുമാനമാണെന്ന് എനിക്ക് തോന്നിയില്ല. നീ വളരെ ചെറുപ്പത്തില്‍ ജോലിയില്‍ വന്നു, മുപ്പതിലേറെ കൊല്ലം ജോലിചെയ്തു. ജോലിയില്‍ കൂടുതല്‍ മുകളിലെത്തുമായിരുന്നു എന്നത് ശരിയാവാം. പക്ഷേ, എപ്പോഴായാലും റിട്ടയര്‍മെന്റ് ഉണ്ട്. സാഹിത്യത്തില്‍ അതില്ലല്ലോ. എഴുത്തിന് നല്ല പ്രയത്‌നവും സമയവും ആവശ്യമുണ്ട്. ഞങ്ങളുടെ കാലത്ത് എല്ലാം ഉപേക്ഷിച്ച് എഴുതാനിരിക്കാം എന്ന് കരുതാവുന്ന അവസ്ഥ ഉണ്ടായിരുന്നില്ല. അതുമാത്രമല്ല, എഴുത്തില്‍ ഉറച്ചു നില്‍ക്കാനുള്ള മഹത്ത്വമൊന്നും എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ഉണ്ടായിരുന്നില്ല. എഴുത്ത് തുടര്‍ന്നിരുന്നെങ്കില്‍ കുറച്ചുകൂടി അറിയപ്പെട്ടേനേ എന്നു മാത്രം.
സന്തോഷ്‌കുമാര്‍: പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള തിരസ്‌കാരം മാത്രമല്ല, നിന്ദ്യമായ ചില വിമര്‍ശനങ്ങളും എഴുതിത്തുടങ്ങുന്നവരെ ബാധിക്കുന്നു. വിമര്‍ശനരംഗത്തെ അച്ഛന്‍ എങ്ങനെ കാണുന്നു?
ഗോവിന്ദന്‍കുട്ടി: വ്യക്തിബന്ധങ്ങളൊക്കെ നിരൂപണത്തെ സ്വാധീനിക്കും. മനുഷ്യരല്ലേ? വെറ്റിലയും അടയ്ക്കയുമൊക്കെ ദക്ഷിണവെച്ച് കാലുപിടിച്ചാലേ പ്രസിദ്ധീകരിക്കുകയുള്ളൂ എന്നും നല്ല നിരൂപണം എഴുതുകയുള്ളൂ എന്നുമൊക്കെ വാശിപിടിച്ച പത്രാധിപന്മാരും നിരൂപകരുമൊക്കെ അക്കാലത്തും ഉണ്ടായിരുന്നു. നിഷ്പക്ഷമാകണം നിരൂപണം. നല്ല നിരൂപകന്‍ ബഹുമാനം അര്‍ഹിക്കുന്നു. ആരും കാണാത്ത കോണുകള്‍ പുസ്തകത്തില്‍ കണ്ടെത്തുന്ന ആളാണ് യഥാര്‍ഥ നിരൂപകന്‍. കുറ്റങ്ങളും കുറവുകളും പറയണം. പക്ഷേ, അത് എഴുത്തുകാരന്റെ ഭാവി അവസാനിപ്പിക്കുന്ന തരത്തില്‍ കൊലപാതകമാവരുത്. ചില പുസ്തകങ്ങള്‍ കാലത്തെ അതിജീവിക്കും. ചിലരുടെ പുസ്തകങ്ങള്‍ ആഴ്ചതോറും ആയിരക്കണക്കിന് കോപ്പികള്‍ വിറ്റുപോയ കാലം ഉണ്ടായിരുന്നു. ഖസാക്കിന്റെ ഇതിഹാസത്തിന്റെ സ്ഥിതി അങ്ങനെ ആയിരുന്നില്ല. കാലം ഖസാക്കിനെ തിരികെ കൊണ്ടുവന്നു. സാഹിത്യത്തിന്റെ നിലനില്‍പ്പ് അങ്ങനെയാണ്. കാലത്തിന് ഒരു അരിപ്പയുണ്ട്. അതില്‍ ചിലതേ നിലനില്‍ക്കൂ.
സന്തോഷ്‌കുമാര്‍: ഇപ്പോഴത്തെ വായനയെക്കുറിച്ചു പറയൂ?
ഗോവിന്ദന്‍കുട്ടി: വയസ്സായതോടെ കൃഷിപ്പണിയും ഉദ്യാനപരിപാലനവും യാത്രയുമൊക്കെ നിലച്ചു. രണ്ടു വാഹനാപകടങ്ങളില്‍പ്പെട്ടതുകൊണ്ട് ഇപ്പോള്‍ പുറത്തുപോകാന്‍ വയ്യ. ഇപ്പോഴും കൂടെയുള്ളത് വായനയാണ്. വായന അറിവ് കൂട്ടാനല്ല, സമയം കളയാനുള്ള ഉപാധിയാണ് എനിക്ക്. വായിച്ചതുതന്നെ വീണ്ടും വായിക്കുന്ന ശീലമുണ്ട്. പത്രങ്ങളും ആനുകാലികങ്ങളും പുസ്തകങ്ങളുമൊക്കെയായി രാത്രി ഉറങ്ങുന്നതുവരെ വായന തുടരും.
സന്തോഷ്‌കുമാര്‍: ഇനി വായിക്കണം എന്നാഗ്രഹമുള്ള ഏതെങ്കിലും പുസ്തകമുണ്ടോ?
തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Content Highlights: Writer E. Santhosh Kumar interviews his father Govindankutty