അബ്‌നോര്‍മാലിറ്റികളുടെ അന്തംവിട്ട ഘോഷയാത്രയുമായി മരിയ വെറും മരിയ

തലതിരിഞ്ഞു ജീവിക്കുന്ന, സര്‍ഗാത്മകശേഷിയുള്ള കുറെ മനുഷ്യരുടെ കഥയാണ് ക്രോസ്വേഡ് പുരസ്‌കാരത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനവിഭാഗത്തില്‍ പുരസ്‌കാരം നേടിയ 'മരിയ വെറും മരിയ'. നോവലിന്റെ രചയിതാവ് സന്ധ്യ മേരി മാതൃഭൂമി പ്രതിനിധി ഇ. ആതിരയോട് സംസാരിക്കുന്നു.
ഒരു സാഹിത്യരചന എന്ന രീതിയില്‍ എഴുതിത്തുടങ്ങിയതല്ല മരിയ. നമുക്ക് പലപ്പോഴും 'കിളി പോയി' എന്നുപറയുന്ന അവസ്ഥയുണ്ടാവുമല്ലോ. അപ്പോള്‍ ഇതെത്രത്തോളം പോകും എന്നറിയാനുള്ള ഒരു കൗതുകത്തിന്റെ പേരിലാണ് ഞാന്‍ എഴുതിത്തുടങ്ങിയത്; ഞാനും കര്‍ത്താവും തമ്മിലുള്ള ഒരു കോണ്‍വര്‍സേഷന്‍പോലെ. തമാശ എന്താണെന്നുവെച്ചാല്‍ ഇത് പബ്ലിഷ് ചെയ്യുന്നതിനെപ്പറ്റിയൊന്നും അപ്പോള്‍ ആലോചിക്കാതിരുന്നതുകൊണ്ട് ഇംഗ്ലീഷിലാണ് എഴുതിത്തുടങ്ങിയത്. പിന്നെ ഞാന്‍ ഓരോ കാരക്ടേഴ്സിനെയായി കൂട്ടിച്ചേര്‍ക്കാന്‍ തുടങ്ങി. ചാണ്ടിപ്പട്ടിയെയൊക്കെ അങ്ങനെ ഞാന്‍ റോഡില്‍ക്കണ്ട ഒരു ടോട്ടലി ക്രെയ്സി പട്ടിയില്‍നിന്ന് ഉണ്ടാക്കിയതാണ്. പിന്നെ വായിച്ചുനോക്കിയപ്പോള്‍ അതൊരു ലിറ്റററി ഫോമിലേക്ക് എത്തുന്നതായി എനിക്ക് മനസ്സിലായി. അപ്പോള്‍മുതല്‍ ഞാനത് പ്രോപ്പര്‍ നോവലായിട്ടുതന്നെ എഴുതുകയായിരുന്നു. ക്രിയേറ്റിവിറ്റിയുടെ, ഹ്യൂമറിന്റെ, നോര്‍മലല്ലാത്ത എല്ലാറ്റിന്റെയും അന്തംവിട്ട ഒരാഘോഷമായിരുന്നു എനിക്ക് മരിയയുടെ എഴുത്ത്.
2018-ലാണ് മാതൃഭൂമി ബുക്‌സ് നോവല്‍ പ്രസിദ്ധീകരിക്കുന്നത്. വായനക്കാരുടെ പ്രതികരണം എങ്ങനെ
നോവലിറങ്ങി ആദ്യമൊന്നും കാര്യമായ അനക്കമുണ്ടായില്ല. പതുക്കെപ്പതുക്കെ, വായിച്ചവര്‍ പറഞ്ഞറിഞ്ഞാണ് മരിയ കൂടുതല്‍ വായനക്കാരിലേക്കെത്തിയത്. പരമ്പരാഗത സാഹിത്യങ്ങളുടെ വായനക്കാരെക്കാള്‍ മരിയയെ ഇഷ്ടപ്പെടുന്നത് പുതിയ ജനറേഷനില്‍പ്പെട്ട, അത്തരമൊരു മൈന്‍ഡ്സെറ്റുള്ളവരാണെന്നാണ് തോന്നുന്നത്. കാരണം, അതിലുപയോഗിച്ചിരിക്കുന്ന ഭാഷ. ഒരുതരം വിഷ്വല്‍ എഡിറ്റിങ് പാറ്റേണൊക്കെ പരമ്പരാഗത മലയാള സാഹിത്യത്തിന്റേതല്ല. അത് പുതിയ കുട്ടികള്‍ക്കായിരിക്കും കൂടുതല്‍ കണക്ടാവുക എന്ന് തോന്നുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ എം.എ. ക്ലാസിലെ കുട്ടികള്‍ മെയിലയച്ചു, ആ ക്ലാസിലെ കുട്ടികള്‍ മുഴുവന്‍ മരിയ ഫാന്‍സാണ്, ഒന്നു സംസാരിക്കാന്‍ വരുമോ എന്നുചോദിച്ച്.
അബ്നോര്‍മാലിറ്റികളുടെ (സമൂഹം കല്പിക്കുന്ന സാധാരണത്വത്തില്‍നിന്ന് മാറിനില്‍ക്കുന്നവയുടെ) ആഘോഷമാണ് മരിയ വെറും മരിയ. ഭൂതകാലത്തില്‍ ജീവിക്കാനിഷ്ടപ്പെടുന്ന, സാമൂഹികസാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാത്ത മരിയയില്‍ സന്ധ്യ മേരിയുടെ അംശം എത്രത്തോളമാണ്
= മരിയയുടെ കുറച്ചുകൂടി സോഷ്യലി അഡാപ്റ്റഡ് വേര്‍ഷനാണ് ഞാനെന്നുപറയാം. എന്റെ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങള്‍ മരിയയിലുണ്ട്. ഉദാഹരണത്തിന്, ഞാന്‍ അഞ്ചുവയസ്സുവരെ വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും കൂടെയാണ് വളര്‍ന്നത്. പക്ഷേ, എന്റെ വല്യപ്പച്ചനും മരിയയുടെ വല്യപ്പച്ചനുമായി ഒരു ബന്ധവുമില്ല. ഓപ്പസിറ്റാണെന്നുതന്നെ പറയാം. അതുപോലെ മരിയയിലുള്ള ഒരു കാരക്ടറിനെയും നമുക്ക് പൊതുവേ ജീവിതത്തില്‍ കാണാന്‍ കിട്ടില്ലല്ലോ. മരിയയിലെ കഥാപാത്രങ്ങളോ കഥാസാഹചര്യങ്ങളോ ഒന്നും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. പക്ഷേ, മരിയയുമായി വളരെയധികം എനിക്ക് ഐഡന്റിഫൈ ചെയ്യാന്‍പറ്റും.
പറച്ചിലിനൊപ്പം പറയാതിരിക്കലിനും പ്രാധാന്യം നല്‍കുന്ന രചനാരീതിയാണ് സ്വീകരിച്ചിട്ടുള്ളത്
= അതെ, മരിയതന്നെ നോവലില്‍ മിണ്ടാതാവുന്നുണ്ട്. അതുപോലെ അമ്മിണിത്തത്തയും മിണ്ടാതാവുന്നുണ്ട്. പറ്റാത്തതുകൊണ്ടല്ല, വേണ്ടെന്നുവെച്ചിട്ടാണ് തങ്ങള്‍ മിണ്ടാത്തതെന്ന് അവര്‍ പറയുന്നുമുണ്ട്. അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മൊമന്റുകളിലാണ് അവര്‍ മിണ്ടാതാകുന്നത്. അത് ആ സാഹചര്യത്തോടുള്ള അവരുടെ പ്രൊട്ടസ്റ്റാവാം. നോവലില്‍ മിക്കയിടത്തും കൃത്യമായ ഒരു തീരുമാനം അല്ലെങ്കില്‍ ഇത് ഇങ്ങനെയാണ് എന്ന ഒരു കൃത്യത ഞാന്‍ കൊടുക്കുന്നില്ല. അതുപോലെ പലയിടത്തും ഇങ്ങനെയൊരു സംഭവം ഉണ്ടായോ എന്നതിനെപ്പറ്റി നമുക്കൊരു ഉറപ്പുമില്ല. സത്യത്തില്‍ അങ്ങനെ സംഭവിച്ചോ അതോ മറ്റേയാളുടെ, മിക്കപ്പോഴും മരിയയുടെ തോന്നലാണോ എന്നൊരു അവസ്ഥ. അത് നോവലിലുടനീളമുണ്ട്. ആ രീതിയിലുള്ള കഥപറച്ചില്‍ ഞാന്‍ വളരെയധികം എന്‍ജോയ് ചെയ്തു.
ഒട്ടേറെ പ്രമേയങ്ങളുടെ ആകത്തുകയാണ് 'മരിയ വെറും മരിയ'. ഓരോന്നും അതിന്റേതായ പൂര്‍ണതയില്‍ വിരസതയില്ലാതെയാണ് പറഞ്ഞുപോകുന്നത്. ഗൗരവമുള്ള വിഷയങ്ങളെ നര്‍മംകലര്‍ത്തി, വളരെ നിഷ്‌കളങ്കമായാണ് അവതരിപ്പിച്ചിരിക്കുന്നത്
= വളരെ കോംപ്ലക്‌സായിട്ടുള്ള കാര്യങ്ങളാണ് മരിയയില്‍ ചര്‍ച്ചചെയ്യുന്നത്. സമൂഹം കാലങ്ങളായി നമുക്ക് ചൂണ്ടിക്കാട്ടിത്തരുന്ന ചട്ടക്കൂടിനകത്ത് ഒതുങ്ങാത്ത അല്ലെങ്കില്‍ ജീവിക്കാത്ത ആളുകളെ എത്ര എളുപ്പത്തിലാണ് അബ്നോര്‍മല്‍ എന്ന് മുദ്രകുത്തുന്നത്! സമൂഹം ചാര്‍ത്തിത്തരുന്ന ഈ നോര്‍മല്‍/നോട്ട് നോര്‍മല്‍ ബ്രാന്‍ഡിങ്ങിനെക്കുറിച്ചാണ് മരിയ പറയുന്നത് അവര്‍ പലപ്പോഴും ബ്രില്യന്റായ ക്രിയേറ്റീവ് മൈന്‍ഡ് ഉള്ളവരായിരിക്കും. അതുപോലെത്തന്നെ മരിയയില്‍ ഈ ജീവിതവിജയം നേടുക, സമയം ഒട്ടും നഷ്ടപ്പെടുത്താതെ വിനിയോഗിക്കുക എന്നിങ്ങനെയുള്ള ഐഡിയകളെയൊക്കെ കളിയാക്കുന്നുണ്ട്. അതുപോലെ ദൈവങ്ങള്‍ വരുന്നുണ്ട്. പ്രകൃതിയുടെ രാഷ്ട്രീയം വരുന്നുണ്ട്. പക്ഷേ, ഇതൊന്നും ലൗഡായിട്ട് വിളിച്ചുപറയുന്നില്ല. എല്ലാറ്റിനും ഹ്യൂമറിന്റെ ഒരു ആവരണമുണ്ട്. അത്തരം ഒരെഴുത്ത് എളുപ്പമായിരുന്നോ എന്നുചോദിച്ചാല്‍, ആയിരുന്നു. വളരെ നാച്വറലായിട്ടാണ് എനിക്ക് മരിയയുടെ എഴുത്ത് വന്നത്.
ജെ.സി.ബി. പുരസ്‌കാരപ്പട്ടികയില്‍ ഇടംനേടി. ക്രോസ് വേഡ് പുരസ്‌കാരത്തില്‍ എത്തിനില്‍ക്കുന്നു. ഈ സാഹിത്യയാത്രയെ എങ്ങനെ കാണുന്നു
= ഞാന്‍ ആദ്യമായി ഒരു കഥയെഴുതുന്നത് മുപ്പതുവയസ്സിനടുത്താണ്. എഴുതാന്‍ പറ്റുമെന്ന് എപ്പോഴും അറിയാമായിരുന്നു. പക്ഷേ, ശ്രമിച്ചിട്ടില്ല. ആ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. പിന്നെയും മൂന്നുനാല് കഥകള്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ എഴുത്തങ്ങുനിര്‍ത്തി. പ്രത്യേകിച്ച് ഒരു കാര്യവുമില്ല. അതുപോലെ മരിയയും ഒത്തിരി വര്‍ഷങ്ങളെടുത്താണ് എഴുതിയത്. മരിയ കേരളത്തിനുപുറത്തും ഇത്രയധികം സ്വീകരിക്കപ്പെട്ടതില്‍ വളരെ സന്തോഷമുണ്ട്. എഴുത്തിനുവേണ്ടി അധികം സമയം സ്‌പെന്‍ഡുചെയ്യുന്ന കൂട്ടത്തിലല്ല ഞാന്‍. വളരെ കുറച്ചുമാത്രമേ എഴുതാറുള്ളൂ.
ജയശ്രീ കളത്തിലിന്റെ വിവര്‍ത്തനത്തെപ്പറ്റി
= 'മരിയ വെറും മരിയ'യോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന വിവര്‍ത്തനമാണ് 'മരിയ ജസ്റ്റ് മരിയ'. അതേസമയംതന്നെ അതൊരു സ്വതന്ത്രനോവലായി അസാധ്യമായി എന്‍ജോയ്‌ചെയ്ത് വായിക്കാവുന്ന പുസ്തകവുമാണ്. അത് ജയശ്രീയുടെ ട്രാന്‍സ്ലേഷന്റെ ബ്രില്യന്‍സാണ്. ഇംഗ്ലീഷിലും മലയാളം വാക്കുകള്‍ പലയിടത്തും അതുപോലെത്തന്നെ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, അതിനു ഫുട്നോട്ട് കൊടുക്കാതെ അടുത്തലൈനില്‍ കഥയുടെ ഭാഗമായിത്തന്നെ അതിന്റെ അര്‍ഥം പറയുന്ന രീതിയാണ് ജയശ്രീ സ്വീകരിച്ചത്, അത് വളരെ ക്രിയേറ്റീവായ ഒരു കാര്യമായിരുന്നു. അതുപോലെ വാക്കുകളുടെ തിരഞ്ഞെടുപ്പില്‍ ജയശ്രീ കാണിച്ചിട്ടുള്ള സൂക്ഷ്മതയും കണിശതയും എടുത്തുപറയേണ്ടതാണ്. ഞങ്ങള്‍ രണ്ടുപേരും വിവര്‍ത്തനകാലം ശരിക്കും എന്‍ജോയ് ചെയ്തു. അതുപോലെ മരിയയുടെ കവറും എല്ലാവരും എടുത്തുപറയുന്ന കാര്യമാണ്. അതും ഞങ്ങളുടെ ഐഡിയക്കനുസരിച്ചാണ് ചെയ്തത്.
Content Highlights: sandhya mary author of mariya verum mariya interview b y e athira